• 27 May 2020
  • 01: 19 AM
Latest News arrow

നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

മുംബൈ: പ്രമുഖ ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. വന്‍കുടലിലെ അണുബാധയെത്തുടര്‍ന്ന് മുംബൈ അന്ധേരിയിലെ കോകിലബെന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 54 വയസ്സായിരുന്നു. ഹോളിവുഡിലടക്കം നാല്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ അദ്ദേഹം അടുത്തിടെയാണ് അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തിയത്. 'അംഗ്രേസി മീഡിയ' യാണ് ഇര്‍ഫാന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമ.  

രാജസ്ഥാനിലെ ബീഗം ഖാന്‍-ജഗീദര്‍ ഖാന്‍ ദമ്പതികളുടെ മകനായി 1966ലാണ് ഇര്‍ഫാന്‍ ഖാന്‍ ജനിച്ചത്. കുട്ടിക്കാലത്ത് ക്രിക്കറ്റില്‍ തല്‍പ്പരനായിരുന്ന ഇര്‍ഫാന്റെ ഇഷ്ടം പിന്നീട് സിനിമയോടായി. പിന്നീട് നാഷ്ണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. ശേഷം മുംബൈയിലെത്തിയ അദ്ദേഹം നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ വേഷമിട്ടു. മീരാ നായരുടെ സലാം ബോംബൈ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 

2013 ല്‍ പുറത്തിറങ്ങിയ പാന്‍സിങ് തോമറിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. മക്ബൂല്‍, ലൈഫ് ഇന്‍ എ മെട്രോ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധ നേടുകയും ഇര്‍ഫാന്‍ ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളില്‍ ഒരാളാകുകയും ചെയ്തു. സൂപ്പര്‍താര പരിവേഷത്തില്‍ താല്‍പ്പര്യമില്ലാത്ത ഇര്‍ഫാന്‍ സമാന്തര സിനിമകളിലും കച്ചവട സിനിമകളിലും ഒരുപോലെ വേഷമിട്ടു. 

ഇന്ത്യന്‍ സിനിമയുടെ അന്താരാഷ്ട്ര മുഖമായിരുന്ന ഇര്‍ഫാന്‍, ഹോളിവുഡില്‍ സ്ലം ഡോഗ് മില്യണയര്‍, അമൈസിങ് സ്‌പൈഡര്‍മാന്‍, ദ നെയിം സെയ്ക്ക്, ന്യൂയോര്‍ക്ക് ഐ ലവ്യൂ, ജുറാസിക് വേള്‍ഡ്, ഇന്‍ഫേര്‍ന എന്നീ ചിത്രങ്ങളിലും വേഷമിട്ടു. 2011ല്‍ കലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു.

അമ്മ സെയ്ദാ ബീഗം (95) അന്തരിച്ച് നാല് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഇര്‍ഫാനും മരിക്കുന്നത്. ടോങ്കിലെ നവാബ് കുടുംബാംഗവും കവിയത്രിയുമായിരുന്ന സെയ്ദാ ബീഗം, ജയ്പൂരിലെ ബെനിവാള്‍ കാന്ത കൃഷ്ണ കോളനിയിലായിരുന്നു താമസം. ലോക്ക് ഡൗണ്‍ കാരണം ഇര്‍ഫാന് അമ്മയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായില്ല. 

ഭാര്യ സുതപ സിക്ദര്‍, രണ്ട് മക്കള്‍

Editors Choice