• 08 Jun 2023
  • 05: 04 PM
Latest News arrow

'കട്ടപ്പ'യായി കപിൽ; പ്രചോദനമായത് ധോണിയും വിവിയൻ റിച്ചാർഡ്സും; ചിത്രങ്ങൾ വൈറൽ

ന്യൂദൽഹി: ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസവും മുൻ നായകനും ഓള്‍റൗണ്ടറുമായ കപില്‍ ദേവിന്റെ പുതിയ ലുക്ക് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. താടി മാത്രം നിര്‍ത്തി തല ഷേവ് ചെയ്ത ഫോട്ടോസ് കപില്‍ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. സ്വന്തം ലുക്കില്‍ വലിയ പരീക്ഷണങ്ങള്‍ നടത്താത്തയാളാണ് കപിൽ. അതുകൊണ്ടുതന്നെ ഈ 'കട്ടപ്പ' മെയ്ക്കോവർ പലര്‍ക്കും സര്‍പ്രൈസായി.

തന്റ ഹീറോകളാണ് ഈ ലുക്കിനു പ്രചോദനമെന്നു കപില്‍ വെളിപ്പെടുത്തി. ഇന്ത്യയുടെ മുന്‍ നായകന്‍ എം.എസ് ധോണി, വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ് എന്നിവരാണ് തന്റെ പ്രചോദനമെന്ന് കപിൽ പറഞ്ഞു.

"ഇന്‍സ്റ്റഗ്രാമിലൂടെ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ ലുക്ക് കണ്ടിരുന്നു. എന്റെ ഹീറോയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ എന്തു കൊണ്ട് എന്റെ ഹീറോയെ പിന്തുടര്‍ന്ന് കൂടെന്നു തോന്നി. ധോണിയെയും ഇഷ്ടമാണ്. 2011-ലെ ലോകകപ്പിനു ശേഷം ധോണിയും തല ഷേവ് ചെയ്തിരുന്നു. ഒരു ദിവസം ഞാനും അതുപോലെ ചെയ്യുമെന്ന് തീരുമാനിച്ചിരുന്നു. ഇപ്പോള്‍ അതിനുള്ള അവസരം ലഭിച്ചപ്പോള്‍ ചെയ്തു."- കപില്‍ വെളിപ്പെടുത്തി.

കൊവിഡ്-19 വ്യാപനത്തെ തുടർന്ന് ക്രിക്കറ്റ് നിര്‍ത്തി വച്ചത് തന്നെ അലട്ടുന്നില്ലെന്നു കപില്‍ വ്യക്തമാക്കി.

"ക്രിക്കറ്റ് പുനരാരംഭിക്കുന്നതിനേക്കാളുപരി ക്ലാസുകള്‍ നഷ്ടമാവുന്ന സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളെക്കുറിച്ചാണ് ആശങ്ക. ക്രിക്കറ്റ് മാത്രമാണോ നമ്മള്‍ ഇപ്പോള്‍ സംസാരിക്കേണ്ട വിഷയം? വിദ്യാര്‍ഥികള്‍ക്കു ക്ലാസുകള്‍ നഷ്ടമാവുന്നതാണ് എന്നെ അതിനേക്കാള്‍ ആശങ്കയിലാക്കുന്നത്. കാരണം നമ്മുടെ യുവതലമുറയാണ് അവര്‍. അതുകൊണ്ടു തന്നെ സ്‌കൂളുകള്‍ ആദ്യം തുറക്കണമെന്നാണ് എന്റെ അഭിപ്രായം. ക്രിക്കറ്റും ഫുട്‌ബോളുമെല്ലാം വഴിയെ സംഭവിക്കും"- കപില്‍ കൂട്ടിച്ചേര്‍ത്തു.