• 01 Jun 2023
  • 05: 01 PM
Latest News arrow

പരസ്പരം തല്ലിക്കൊല്ലാന്‍ തുടങ്ങി; തടവുപുള്ളികളെ മീന്‍ അടുക്കുന്നത് പോലെ ചേര്‍ത്തടുക്കി ജയില്‍ അധികൃതര്‍

സാല്‍വദോര്‍: കൊവിഡ്-19 രോഗവ്യാപനം ചെറുക്കാന്‍ ലോകമെങ്ങും ആളുകള്‍ സാമൂഹിക അകലം പാലിക്കുമ്പോള്‍ അത് പിന്തുടരാന്‍ കഴിയാത്ത സ്ഥിതിയിലാണ് എല്‍ സാല്‍വദോറിലെ ഇസാല്‍കോ ജയില്‍ അധികൃതര്‍. ഗുണ്ടാസംഘങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന ഈ ജയിലില്‍ ജയില്‍പുള്ളികള്‍ പരസ്പരം തല്ലിക്കൊല്ലാന്‍ തുടങ്ങിയതോടെ പ്രസിഡന്റ് നയിബ് ബുക്കേലോ 24 മണിക്കൂര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ജയില്‍ അധികൃതര്‍ തടവ് പുള്ളികളെയെല്ലാം കൊണ്ടുവന്ന് മീന്‍ അടുക്കുന്നത് പോലെ പരസ്പരം ചേര്‍ത്തടുക്കി. പിറകില്‍ കൈ ബന്ധിച്ച് മാസ്‌ക് ധരിപ്പിച്ചായിരുന്നു ഈ നടപടി. 

ജയിലില്‍ കഴിഞ്ഞ ദിവസം പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. ജയില്‍ കലാപത്തില്‍ ഒരു ദിവസം ഇത്രയധികം പേര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. മാരാസ് എന്നറിയപ്പെടുന്ന ഗുണ്ടാസംഘങ്ങള്‍ ഈ മധ്യ അമേരിക്കന്‍ രാഷ്ട്രത്തില്‍ സജീവമാണ്. ഇവരുടെ ആക്രമണത്തില്‍ ഒട്ടനവധി ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. ഇപ്പോഴത്തെ പ്രസിഡന്റ് നയിബ് ബുക്കേലോ അധികാരത്തിലേറിയതോടെ ഈ ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചു. ഇതോടെ മിക്ക ഗുണ്ടകളും ജയിലിലായി. ഇവരാണ് ജയിലില്‍ കലാപമുണ്ടാക്കിയത്. 

കലാപമുണ്ടാക്കിയ സംഘങ്ങളുടെ നേതാക്കളെ ഏകാന്ത തടവിലാക്കിയിരിക്കുകയാണ്. ഇവരുടെ അനുയായികളെ ഒന്നിന് പുറകെ ഒന്നായി കൈകള്‍ കൂട്ടിക്കെട്ടി, ചാക്കുകള്‍ അട്ടിയിടുന്നത് പോലെ നിരത്തിയിരുത്തി. കലാപം ഒഴിവാക്കാനായിരുന്നു ഈ നടപടി.

മാര്‍ച്ച് 22 മുതല്‍ ലോക്ക്ഡൗണിലാണ് എല്‍ സാല്‍വദോര്‍. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് രാജ്യത്ത് നല്‍കുന്നത്. ഇത്തരത്തില്‍ കടുത്ത ശിക്ഷകള്‍ നല്‍കുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ പ്രസിഡന്റ് തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. കര്‍ശനമായ ഈ നടപടികളുടെ ഫലമായി രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 298ല്‍ പിടിച്ചുകെട്ടാന്‍ കഴിഞ്ഞു. 8 പേര്‍ മാത്രമേ ഇവിടെ ഇതുവരെ മരണമടഞ്ഞിട്ടുള്ളൂ. കൊറോണ വ്യാപനം തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്ന രാജ്യത്തിന് ഇത്തരമൊരു നടപടിയിലേക്ക് കടക്കേണ്ടി വന്നത് നിവര്‍ത്തികേടുകൊണ്ടാണ്.