ഗൾഫിൽ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ നാവികസേനയും; യുദ്ധക്കപ്പലുകൾ സജ്ജമായി

ന്യൂദൽഹി: ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ നാവികസേനയും സജ്ജമായി. കപ്പലുകൾ സജ്ജമാക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാറിന്റെ നിർദ്ദേശം ലഭിച്ചാലുടൻ ഇവ ഗൾഫ് രാജ്യങ്ങളിലേക്ക് നീങ്ങിത്തുടങ്ങും. നാവികസേനയുടെ മൂന്ന് യുദ്ധക്കപ്പലുകളാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ദൗത്യം ഏറ്റെടുക്കുന്നത്.
വിവിധ ഗൾഫ് രാജ്യങ്ങളിലായി 80 ലക്ഷം ഇന്ത്യക്കാരാണ് ഉള്ളത്. ഇവരിൽ അത്യാവശ്യ യാത്ര ആവശ്യമുള്ളവരെയാണ് ആദ്യം തിരികെ എത്തിക്കുക.
'ഐഎൻഎസ് ജലാശ്വ' എന്ന വലിയ കപ്പലും, കുംഭിർ ക്ലാസിൽ പെട്ട രണ്ട് ടാങ്ക് ലാൻഡിങ് കപ്പലുകളുമാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി ആദ്യം ഉപയോഗിക്കുക. 1,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷി ഐഎൻഎസ് ജലാശ്വയ്ക്കുണ്ട്. സാമൂഹിക അകലം പാലിച്ചാൽ 850 പേർക്ക് യാത്ര ചെയ്യാം. മറ്റ് രണ്ട് കപ്പലുകളിലും നൂറുകണക്കിന് ആളുകളെ ഉൾക്കൊള്ളാനാകും. ഈ മൂന്നു കപ്പലുകൾക്ക് പുറമെ നാവികസേനയുടെ പക്കലുള്ള എട്ട് ടാങ്ക് ലാൻഡിങ് കപ്പലുകളില്‍ ആറെണ്ണം കൂടി സജ്ജമായിരിക്കും. ആവശ്യമെന്നുകണ്ടാൽ ഇവയും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ഉപയോഗിക്കും.
ആദ്യഘട്ടമായി അടിയന്തര ആവശ്യങ്ങൾ ഉള്ള ഇന്ത്യക്കാരെ മാത്രമാണ് ഒഴിപ്പിക്കുക. കുടുംബത്തിലുണ്ടായ അത്യാഹിതങ്ങൾ, ജോലി നഷ്ടപ്പെടൽ, വർക്ക് പെർമിറ്റിന്റെ കാലാവധി അവസാനിച്ചവർ തുടങ്ങിയ ഇന്ത്യക്കാരെയാകും ഒഴിപ്പിക്കുക.
വിമാനങ്ങളും ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി സർക്കാർ ഉപയോഗിക്കും. സര്‍ക്കാര്‍ നിർദ്ദേശമനുസരിച്ച് കപ്പലുകളും വിമാനങ്ങളും ഗള്‍ഫിലേക്ക് തിരിക്കും.