• 27 May 2020
  • 01: 53 AM
Latest News arrow

മര്‍മ്മങ്ങള്‍ ഒളിപ്പിച്ച നര്‍മ്മങ്ങള്‍; 103-ാം വയസ്സിലും ഈ അപ്പച്ചന്‍ തിരുമേനി സ്വര്‍ണനാവുള്ളവന്‍ തന്നെയാണ്

റവ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം എന്ന മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ വലിയ മെത്രോപ്പോലീത്തായ്ക്ക് ഇന്ന് ( തിങ്കളാഴ്ച, ഏപ്രിൽ 27 ) 103 വയസ്സ് തികയുന്നു. ഒരു സഭയുടെ മേലധ്യക്ഷന്‍ എന്ന സ്ഥാനത്തേക്കാള്‍ ഉപരി തിരുമേനിയ്ക്ക് 'ആരാധകരെ' നേടിക്കൊടുത്തിരിക്കുന്നത് അദ്ദേഹത്തിന്റെ കുറിക്കുകൊള്ളുന്ന, നര്‍മ്മോക്തികള് നിറഞ്ഞ സംഭാഷണ ശൈലിയാണ്. ക്രിസോസ്റ്റം എന്ന വാക്കിന്റെ അര്‍ത്ഥം പ്രസന്നവദനന്‍ എന്നാണ്. അടുപ്പമുള്ളവര്‍ അപ്പച്ചന്‍ തിരുമേനി എന്ന് വിൡക്കുന്നു. മര്‍മ്മങ്ങള്‍ ഒളിപ്പിച്ച നര്‍മ്മങ്ങളാല്‍ ആളുകളെ കയ്യിലെടുക്കുന്ന ഈ അപ്പച്ചന്‍ തിരുമേനിയ്ക്ക് സ്വര്‍ണനാവുള്ളവന്‍ എന്നും വിശേഷണമുണ്ട്. ക്രിസോസ്റ്റം തിരുമേനിയുടെ നര്‍മ്മോക്തികള്‍ നിറഞ്ഞ ചെറുസംഭാഷണങ്ങള്‍ വായിക്കാം... 

എന്നെ ബിഷപ്പാക്കിയത് അയല്‍വക്കത്തെ തേങ്ങാ ഇടീലുകാരനായ ശങ്കുവാണ്. പഠിക്കുന്ന കാലത്ത് വീട്ടിലെ വരുമാനം തെങ്ങില്‍ നിന്നായിരുന്നു. ശങ്കു വന്ന് തേങ്ങയിട്ടാലേ കോളേജ് ഫീസടയ്ക്കാന്‍ കഴിയൂ. ശങ്കു വന്നില്ലെങ്കില്‍ കോളേജ് പഠനം മുടങ്ങും. മുടങ്ങിയാല്‍ വൈദികനാകാന്‍ കഴിയില്ല. അച്ഛനായില്ലെങ്കില്‍ ബിഷപ്പാകാനും പറ്റില്ല. അതാണ് ശങ്കുവിനോടുള്ള കടപ്പാട്. 
--------------------------------------------------------------------

നൂറു വര്‍ഷം മുന്‍പാണ്. പത്തനംതിട്ട കലമണ്ണില്‍ കെ ഈ ഉമ്മന്‍ കശ്ശീശയുടെ ഭാര്യ കാര്‍ത്തികപ്പള്ളി നടുക്കേവീട്ടില്‍ ശോശാമ്മ നിറവയറായി ഇരിക്കുകയാണ്. വയറു കണ്ടിട്ട് ഇരട്ടക്കുട്ടികളാണെന്ന് എല്ലാവരും പറഞ്ഞുവത്രെ. 
പക്ഷെ ശോശാമ്മ പ്രസവിച്ചപ്പോള്‍ കുട്ടി ഒന്ന്. ഒന്നാണെങ്കിലും രണ്ടുപേരുടെ തടിയുള്ളവനാണ് കുഞ്ഞെന്ന് അപ്പനടക്കം എല്ലാവരും പറഞ്ഞു.

------------------------------------------------------------------------------

ഒരു സ്ഥാപനത്തിലെ ജോലിക്കായി ഒരു ചെറുപ്പക്കാരന്‍ തിരുമേനിയെ സമീപിച്ചു. ശുപാര്‍ശക്കത്തു കൊടുത്തു. അങ്ങനെ പലരും തിരുമേനിയെ സമീപിച്ചു ശുപാര്‍ശക്കത്തു വാങ്ങി. അനവധി ശുപാര്‍ശക്കത്തുകള്‍ കണ്ട സ്ഥാപനത്തിന്റെ മേധാവി അമ്പരന്നു. അദ്ദേഹം തിരുമേനിയെ വിളിച്ചു ചോദിച്ചു: ആര്‍ക്കാണ് ഞാന്‍ ജോലി കൊടുക്കേണ്ടത്? തിരുമേനിയുടെ മറുപടി: ദൈവം സൃഷ്ടിച്ച എല്ലാവരിലും ഞാന്‍ തല്പരനാ. പിന്നെ സാറിന് യുക്തമെന്ന് തോന്നുന്നവര്‍ക്ക് കൊടുക്കുക.
--------------------------------------------------------------------

ഒരിക്കല്‍ ക്രിസോസ്റ്റം തിരുമേനി മാരാമണ്‍ കണ്‍വന്‍ഷനില്‍ പ്രസംഗിച്ചതിപ്രകാരമായിരുന്നു. നമ്മള്‍ ഒന്നാണെന്ന് എത്ര പറഞ്ഞാലും ശരിയാകില്ല. ഞങ്ങള്‍ മെത്രാച്ചന്മാര്‍ കസേരയില്‍ ഇരിക്കുന്നു. നിങ്ങള്‍ മണപ്പുറത്തും. ഞങ്ങള്‍ വിചാരിച്ചാല്‍ മണപ്പുറത്തിരിക്കാം. പക്ഷേ നിങ്ങള്‍ വിചാരിച്ചാല്‍ ഇവിടെ ഇരിക്കാന്‍ പറ്റില്ല. പിറ്റേദിവസം ബുദ്ധിഭ്രമമുള്ള ഒരു യുവാവ് തിരുമേനിയുടെ അടുത്ത കസേരയില്‍ കയറിയിരുന്നു. കണ്‍വന്‍ഷന്‍ നടത്തിപ്പിന്റെ ചുമതലയുള്ളയാള്‍ യുവാവിനെ അനുനയപ്പെടുത്തി എഴുന്നേല്‍പ്പിച്ചു കൊണ്ടു പോയി. തിരുമേനി അവസാനം യെശയ്യാവ് 29: 24 ഉദ്ധരിച്ചു. മനോവിഭ്രമമുള്ളവര്‍ ജ്ഞാനം ഗ്രഹിക്കും. എന്റെ പ്രസംഗം ബുദ്ധിഭ്രമമുള്ളവര്‍ക്കേ മനസ്സിലാകൂ എന്നാണ് തോന്നുന്നത്.
-----------------------------------------------------------------------

ഇന്ന് സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് മൂന്നു അവിവാഹിതരായ യുവതികളാണ്. Mis understanding, Mis representation, Mis interpretation. ഈ മൂന്നുയുവതികളെ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ഓടിച്ചു കളയാതെ ഇവിടെ നന്മയുണ്ടാവില്ല.
-----------------------------------------------------------------------------

ഒരിക്കല്‍ യുവജന കോണ്‍ഫറന്‍സില്‍ തിരുമേനിയുമായി സംവാദം നടക്കുകയാണ്. ഏതു ചോദ്യവും ചോദിക്കാം. ലോത്തിന്റെ ഭാര്യയുടെ പേര് വേദപുസ്തകത്തില്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍ തിരുമേനിയെ കുരുക്കുവാന്‍ ഒരു യുവാവ് ചോദിച്ചു: ലോത്തിന്റെ ഭാര്യയുടെ പേരെന്താണ്?
തിരുമേനി: ഇയാള്‍ വിവാഹം കഴിച്ചതാണോ? 
യുവാവ്: അല്ല.
തിരുമേനി: വല്ലവന്റെയും ഭാര്യയുടെയും പേരു തപ്പി നടക്കാതെ പോയി വിവാഹം കഴിക്കൂ.
---------------------------------------------------------------------------------------

ഒരു ഉപദേശി ഉണര്‍വ് പ്രസംഗം നടത്തുകയായിരുന്നു. സ്വര്‍ഗത്തെപ്പറ്റിയും സ്വര്‍ഗത്തിലെ സന്തോഷത്തെപ്പറ്റിയും പ്രസ്താവിച്ച ശേഷം അദ്ദേഹം ചോദിച്ചു: സ്വര്‍ഗത്തില്‍ പോകുവാനാഗ്രഹിക്കുന്നവര്‍ കൈപൊക്കുക. ഒരാളൊഴികെ എല്ലാവരും കൈ പൊക്കി.
ഉപദേശി കൈപൊക്കാത്ത ആളെ വിളിച്ചു എന്താണ് കൈപൊക്കാഞ്ഞതെന്ന് ചോദിച്ചു.
അയാള്‍ പറഞ്ഞു: ഇത്രയും പേര്‍ അങ്ങോട്ട് പോയാല്‍ ഇവിടെ ഒരുമാതിരി സുഖമായി കഴിയാമല്ലൊ.
-------------------------------------------------------------------------------------

ദീര്‍ഘകാലം കുഷ്ഠരോഗികളുടെയിടയില്‍ പ്രവര്‍ത്തിച്ച ഒരു പുരോഹിതനെ ബിഷപ്പായി വാഴിച്ചു. കുഷ്ഠരോഗികളുടെയിടയില്‍ ദീര്‍ഘകാലം കഴിയേണ്ടി വന്നതിനാല്‍ തനിക്കും കുഷ്ഠരോഗം ഉണ്ടാകുമെന്നു ബിഷപ്പ് ഭയപ്പെട്ടിരുന്നു. കുഷ്ഠരോഗികളുടെ കൈവിരലുകള്‍ക്ക് സ്പര്‍ശന ശക്തി ഇല്ലാതാകുമെന്ന് അറിയാവുന്ന അദ്ദേഹം എവിടെയെങ്കിലും സ്പര്‍ശിച്ചു നോക്കുക പതിവായിരുന്നു. ഒരു ദിവസം ഒരു ഡിന്നര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന അവസരത്തില്‍ തൊട്ടടുത്തിരുന്ന സ്ത്രീയോട് ബിഷപ്പ് പറഞ്ഞു. എനിക്ക് കുഷ്ഠരോഗം പിടിപെട്ടുവെന്നാണ് തോന്നുന്നത്. ഞാന്‍ എന്റെ കാലില്‍ ചൊറിഞ്ഞിട്ട് അറിഞ്ഞു പോലുമില്ല. സ്ത്രീ പറഞ്ഞു: തിരുമേനി ഭയപ്പെടേണ്ട, തിരുമേനി ചൊറിഞ്ഞത് എന്റെ കാലിലായിരുന്നു.
-------------------------------------------------------------------------------

മാരാമണ്‍ കണ്‍വന്‍ഷനില്‍ ക്രിസോസ്റ്റം തിരുമേനി ഉല്‍പ്പത്തി പുസ്തകം അടിസ്ഥാനപ്പെടുത്തിയാണ് പ്രസംഗിച്ചത്: ''ഈ പഴം തിന്നുന്നവന്‍ ദൈവത്തെപ്പോലെയാകും എന്ന് പാമ്പ് പറഞ്ഞ ഉടനെ ഹവ്വാ പഴം തിന്നു. അന്നുമുതല്‍ സ്ത്രീകള്‍ ദൈവത്തെപ്പോലെയാണ്. ചിലപ്പോള്‍ ഭാര്യമാരെ നോക്കി രണ്ട് കയ്യും നെഞ്ചത്ത് വച്ച് ഭര്‍ത്താക്കന്മാര്‍ പറയാറില്ലേ  എന്റെ ദൈവമേ എന്ന്''.
-----------------------------------------------------------------------------------------

ക്രിസോസ്റ്റം തിരുമേനി ബെംഗളൂരില്‍ ഒരു സമ്മേളനത്തില്‍ പ്രസംഗിക്കുവാന്‍ ചെന്നത് തലയില്‍ മസdനപ്‌സാ വയ്ക്കാതെയാണ്. ഇതില്‍ പ്രതിഷേധം തോന്നിയ ഒരു മാര്‍ത്തോമാക്കാരന്‍ തിരുമേനിയെ പ്രതിഷേധം പ്രസംഗത്തിലൂടെ ഇപ്രകാരം അറിയിക്കുവാന്‍ ശ്രമിച്ചു: 'ഞാന്‍ ഞങ്ങളുടെ ക്രിസോസ്റ്റം തിരുമേനിയെ അന്വേഷിച്ചു നടക്കുകയാണ്. ആരോ പറഞ്ഞു, മസ്‌നപ്‌സാ ധരിക്കാതെ തലമുടി നീട്ടി വളര്‍ത്തിയ ആളാണെന്ന്. എനിക്ക് വിശ്വാസം വരുന്നില്ല.' 
തിരുമേനി ഇപ്രകാരം പ്രതികരിച്ചു: 'കര്‍ത്താവിന്റെ കൂടെ സര്‍വ സമയവും ഉണ്ടായിരുന്ന പത്രോസിന് പോലും കടലില്‍ വച്ച് യേശുവിനെ കണ്ടപ്പോള്‍ ഭൂതമാണെന്നാണ് തോന്നിയത്. എന്റെ സഭാംഗത്തിന് എന്നെ കണ്ടിട്ട് മനസ്സിലായില്ലായെങ്കിലും ഭൂതമാണെന്ന് തോന്നാഞ്ഞത് ഭാഗ്യം.'
--------------------------------------------------------------

ബിഡിഎസ്സ് പാസ്സായ ഒരു യുവാവിന് ഒരു ദന്താശുപത്രി തുടങ്ങണം. ശുദ്ധഗതിക്കാരനായ ക്രിസ്ത്യാനിയായതിനാല്‍ തന്റെ ആശുപത്രിയുടെ മുമ്പില്‍ വേദപുസ്തകത്തിലെ ഒരു വാക്യം എഴുതി വയ്ക്കുവാന്‍ തീരുമാനിച്ചു. വേദപുസ്തകം മുഴുവന്‍ നോക്കിയിട്ട് യുക്തമായ യാതൊരു വാക്യവും കിട്ടുന്നില്ല. മര്‍ത്തോമ്മാ സഭയിലെ ഒരു ബിഷപ്പിനെ കണ്ട് തന്റെ പ്രശ്‌നം അവതരിപ്പിച്ചു. തിരക്കിനിടയില്‍ ഇക്കാര്യം ആലോചിക്കുവാന്‍ സമയമില്ലാത്തതിനാലും ഒഴിവാക്കുവാനായി തിരുമേനി ഒരുപായം പ്രയോഗിച്ചു: ''മോനേ, നീ ചെന്ന് ക്രിസോസ്റ്റം തിരുമേനിയെ കാണണം. അദ്ദേഹം ഈ കാര്യത്തില്‍ മിടുക്കനാ.''
ദന്തഡോക്ടര്‍ ഉടനെ ക്രിസോസ്റ്റം തിരുമേനിയുടെ അടുക്കല്‍ ചെന്നു.
ക്രിസോസ്റ്റം തിരുമേനി പറഞ്ഞു: ''എനിക്ക് വേദപുസ്തകത്തിലെ വളരെ കുറച്ചു കാര്യങ്ങളേ അറിയൂ. എങ്കിലും വന്ന സ്ഥിതിക്ക് സങ്കീര്‍ത്തനം 81 ന്റെ പത്താം വാക്യം വായിച്ചു നോക്കുക.''
ദന്തഡോക്ടര്‍ ഉടനെ വേദപുസ്തകം തുറന്നു വായിച്ചു.. ''നിന്റെ വായ് വിസ്താരത്തില്‍ തുറക്കുക''.
-----------------------------------------

ഒരിക്കല്‍ ബിഷപ്പ് എം.എം. ജോണും ഭാര്യയും ക്രിസോസ്റ്റം തിരുമേനിയും ഒരു കണ്‍വന്‍ഷന്‍ പ്രസംഗത്തിനു പോയി. എം.എം. ജോണ്‍ തിരുമേനി പ്രസംഗത്തിനായി എഴുന്നേറ്റു. ഭയങ്കര മഴയും തുടങ്ങി. ആളുകള്‍ ഓരോരുത്തരായി എഴുന്നേറ്റു പോയി. കുടയും പിടിച്ചു കൊണ്ട് ഒരാള്‍ മാത്രം ശേഷിച്ചു. അത് ബിഷപ്പ് ജോണിന്റെ ഭാര്യയായിരുന്നു. ഇത് കണ്ട് ക്രിസോസ്റ്റം തിരുമേനി പറഞ്ഞു: ''മെത്രാച്ചന്മാര്‍ വിവാഹം കഴിച്ചാലുള്ളതിന്റെ ഗുണം ഇന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.''
--------------------------------------------------------

പാലില്‍ സ്ഥിരം വെള്ളം ചേര്‍ത്ത് നല്‍കിയിരുന്ന പാല്‍ക്കാരന് ക്രിസോസ്റ്റം തിരുമേനി രണ്ട് കുപ്പി നല്‍കിയിട്ട് പറഞ്ഞു: പാല്‍ ഒരു കുപ്പിയിലും അതില്‍ ഒഴിക്കാനുള്ള വെള്ളം രണ്ടാമത്തെ കുപ്പിയിലും തരണം. ഞാനിവിടെ മിക്‌സ് ചെയ്തു കൊള്ളാം.
-------------------------------------------------------

ഇടവകയില്‍ വന്ന സുന്ദരനായ കൊച്ചച്ചനെ മൂന്നു പെണ്‍മക്കളുള്ള ഒരു പിതാവ് മരുമകനാക്കുവാന്‍ ആഗ്രഹിച്ചു. പ്രഥമ ദൃഷ്ടിയില്‍ അച്ചനെ ഇഷ്ടപ്പെട്ട പിതാവ് ക്രിസോസ്റ്റം തിരുമേനിയുടെ അടുക്കല്‍ ചെന്ന് തിരുമേനിയുടെ അഭിപ്രായം ചോദിച്ചു.
തിരുമേനി പറഞ്ഞു: അച്ചന്റെ കാര്യത്തില്‍ സല്‍സ്വഭാവിയാണെന്ന് എനിക്കുറപ്പാണ്. നല്ല കുടുംബത്തില്‍ പിറന്നവനും യോഗ്യനുമാണ്. പ്രമുഖനായ വൈദികനുമാണ്. പക്ഷേ ഒറ്റ പ്രശ്‌നമേയുള്ളു. അച്ചന്റെ ഭാര്യയുടെ സമ്മതം വേണം.
-------------------------------------------------------

ക്രിസോസ്റ്റം തിരുമേനിയുടെയടുക്കല്‍ ഒരു സ്ത്രീ കയറി വന്ന് തന്റെ മകനെപ്പറ്റി പരിഭവം പറയുകയാണ്. അവന് സ്വര്‍ഗത്തിലും നരകത്തിലും വിശ്വാസമില്ല. തിരുമേനിയവനെയൊന്നുപദേശിക്കണം. തിരുമേനി ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു: അവനെ പിടിച്ച് പെണ്ണു കെട്ടിക്ക്. കുറഞ്ഞപക്ഷം നരകമുണ്ടെന്നെങ്കിലും അവന് വിശ്വാസം വരും.
-------------------------------------------------------

ഒരിക്കല്‍ ഒരു മനുഷ്യന്‍ ഒരു പുസ്തകമെഴുതിയിട്ട് എന്റെയടുക്കല്‍ കൊണ്ടു വന്നിട്ട് പറഞ്ഞു  പുസ്തകത്തെക്കുറിച്ച് നല്ലയൊരഭിപ്രായമെഴുതി തരണമെന്ന്.
ഞാന്‍ പറഞ്ഞു: എനിക്ക് ഡോക്ടറേറ്റ് ഇല്ല. അന്നെനിക്ക് ഡോക്ടറേറ്റ് ഇല്ലായിരുന്നു. ആയതിനാല്‍ മാത്യുസ് തിരുമേനിയോട് ഒരഭിപ്രായം എഴുതി വാങ്ങിക്കുവാന്‍ പറഞ്ഞു. അപ്പോഴദ്ദേഹം പറഞ്ഞു.  തിരുമേനിയെ കണ്ട് സംസാരിച്ചതാ. പുസ്തകത്തിന്റെ വിലയെല്ലാം തന്നു കഴിഞ്ഞപ്പോള്‍ ഒരഭിപ്രായം എഴുതി തരണമെന്ന് പറഞ്ഞു. അപ്പോള്‍ തിരുമേനി പറഞ്ഞു  ഇനിയും ഞാനിത് വായിക്കണമെന്നാണോ നീ പറയുന്നത്. അതിന് സമയമില്ലാത്തത് കൊണ്ടല്ലെ പുസ്തകം കണ്ടപ്പോള്‍ തന്നെ വില തന്ന് നിന്നെ പറഞ്ഞു വിടുവാന്‍ ശ്രമിച്ചത്.
--------------------------

ഒരു പള്ളിയില്‍ രൂക്ഷമായ പ്രശ്‌നം. മദ്ബഹായോട് ചേര്‍ന്ന് ടോയ്ലറ്റ് പണിയണം. ഇടവകക്കാര്‍ രണ്ട് പക്ഷത്ത്. ക്രിസോസ്റ്റം തിരുമേനി രണ്ടു കൂട്ടരേയും വിളിച്ചു: ഇങ്ങനെ ഒരു ടോയ്ലറ്റ് പണിയുന്നതില്‍ എന്താണെതിര്‍പ്പ്?
ഒരു വിഭാഗത്തിന്റെ നേതാവ് പറഞ്ഞു: ''അമേദ്യം നിക്ഷേപിക്കുന്ന ടോയ്ലറ്റ് വിശുദ്ധ മദ്ബഹായോട് ചേര്‍ന്നു പണിയുന്നത് ശരിയല്ല.''
കുറച്ചു കഴിഞ്ഞപ്പോള്‍ തിരുമേനിക്ക് മനസ്സിലായി കാര്യത്തിന്റെ കിടപ്പ്. എതിര്‍വിഭാഗം പറയുന്നതിനെ എതിര്‍ക്കുകയെന്നതാണ് ഉദ്ദേശ്യം.
തിരുമേനി പറഞ്ഞു: ''എനിക്കും ആ അഭിപ്രായത്തോട് യോജിപ്പാണ്. അമേദ്യം വയറ്റില്‍ വച്ചു കൊണ്ട് വിശുദ്ധ മദ്ബഹായില്‍ നില്‍ക്കുന്നത് അതിനേക്കാള്‍ തെറ്റല്ലേ. അതെവിടെയെങ്കിലും നിക്ഷേപിച്ചിട്ട് വിശുദ്ധ മദ്ബഹായില്‍ നില്‍ക്കുന്നതല്ലേ ഉചിതം.'' പ്രശ്‌നം അങ്ങനെ തീര്‍ന്നു.
--------------------------------------------------------------

മാരാമണ്‍ കണ്‍വന്‍ഷനു ക്രിസോസ്റ്റം തിരുമേനിയാണ് ഈ ഹൃദ്രോഗപരിശോധനാ രീതി വിശദീകരിച്ചത്. സ്‌ത്രോത്രകാഴ്ച സഞ്ചിയില്‍ നിങ്ങളുടെ കൈവശമുള്ള ഏറ്റവും വലിയ നോട്ട് ഇടുക. അഞ്ഞൂറോ ആയിരമോ.. ഒന്നും സംഭവിക്കുന്നില്ലെങ്കില്‍ ഭയപ്പെടേണ്ട. നിങ്ങളുടെ ഹൃദയത്തിനു കുഴപ്പമില്ല. അതു പരിശോധിപ്പിക്കാന്‍ ഇനിയും എന്തിന് പണം കളയണം. പരിശോധനച്ചെലവ് ലാഭമായില്ലേ.
--------------------------------------------

പത്തനംതിട്ടയില്‍ ഒരു പള്ളിയില്‍ ക്രിസോസ്റ്റം തിരുമേനിയും സാം മാത്യു തിരുമേനിയും പ്രസംഗിക്കുകയാണ്. 
സാം മാത്യു തിരുമേനി: ''ഇന്നു ഞാന്‍ മൂന്നാമത്തെ പ്രസംഗമാണ് ചെയ്യുന്നത്. അസാധാരണ വ്യക്തികള്‍ക്ക് ഒരു ദിവസം രണ്ടു പ്രസംഗം ചെയ്യാം. രണ്ടില്‍ കൂടുതല്‍ പ്രസംഗിക്കുന്നവന്‍ ഭോഷനാണ്. ആ സ്ഥിതിയിലാണ് ഞാനിപ്പോള്‍.''
ക്രിസോസ്റ്റം തിരുമേനി: ''ഇന്നു ഞാന്‍ നാലാമത്തെ പ്രസംഗമാണ് ചെയ്യുന്നത്. സാം മാത്യു തിരുമേനിയുടെ ഡിക്ഷണറിയില്‍ എനിക്കു എന്ത് വിശേഷണമാണ് ഉണ്ടാവുകയെന്ന് എനിക്കറിയില്ല. പക്ഷേ ഞാന്‍ നേരത്തെ മൂന്നിടത്തും പ്രസംഗിച്ചതും ഒരേ പ്രസംഗമാണ്. അതുതന്നെയാണ് ഇവിടെയും പ്രസംഗിക്കുവാന്‍ പോകുന്നത്. അപ്പോള്‍ ഞാന്‍ അസാധാരണ വ്യക്തിയുമല്ല, ഭോഷനുമല്ലെന്നു നിങ്ങള്‍ക്കു മനസ്സിലായില്ലേ''.
--------------------------------------------------------

നിവൃത്തിയില്ലാത്ത ഒരു പയ്യന്‍ ലോട്ടറി ടിക്കറ്റു കൊണ്ടു വന്നാല്‍ ഞാനെടുത്തെന്നിരിക്കും. അവനെന്തെങ്കിലും സഹായം ചെയ്യുവാനായിട്ടാണ് ഞാന്‍ ടിക്കറ്റെടുത്തത്. എനിക്കു ലോട്ടറിയടിക്കരുതെയെന്ന പ്രാര്‍ഥനയോടെയാണ് ഞാനി ടിക്കറ്റെടുക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ ഞാനെടുത്ത ടിക്കറ്റിനു ലോട്ടറി അടിച്ചാല്‍ അത് അരവണപ്പായസത്തേക്കാള്‍ വിവാദമാകും. എന്റെ സഭ പിണങ്ങും. ധാര്‍മിക പ്രവര്‍ത്തകര്‍ പിണങ്ങും. ജോലി ഒന്നും ചെയ്യാതെ പണം സമ്പാദിച്ചതിനെക്കുറിച്ചുള്ള വിമര്‍ശനം. ഇതൊക്കെ ദൈവം തമ്പുരാനുമറിയാവുന്നതു കൊണ്ട് ലോട്ടറിയിതുവരെയും അടിച്ചിട്ടില്ല.
----------------------------------------------

ഒരിക്കല്‍ ഒരു മനുഷ്യന്‍ ആശുപത്രിയില്‍ പോയി. ഡോക്ടറെ കണ്ടു.
ഡോക്ടര്‍ ചോദിച്ചു: ''എന്താണസുഖം?''.
രോഗി: ''ഡോക്ടറേ അതെനിക്കറിയാമെങ്കില്‍ ഞാനിവിടെ വരേണ്ട കാര്യമുണ്ടോ. ഡോക്ടറടത്രയും വിദ്യാഭ്യാസമെനിക്കുണ്ടോ?''
ഡോക്ടര്‍ കുറെ നേരം ആലോചിച്ചിട്ട് പറഞ്ഞു: ''ഇത്തരക്കാരെ ചികിത്സിക്കുന്ന ആശുപത്രി ഇതല്ല. തൊട്ടപ്പുറത്തൊരാശുപത്രിയുണ്ട്. ആശുപത്രിയുടെ പേര് മൃഗാശുപത്രിയെന്നാ''.
-------------------------

തിരുമേനി ആറന്മുള പൊന്നമ്മയെ കാണുവാന്‍ പോയ കഥ:
ഞാനിയിടെ ആറന്മുള പൊന്നമ്മയെ കാണുവാന്‍ പോയി. ഞാന്‍ പൊന്നമ്മയോട് പറഞ്ഞു  ഞാന്‍ നേര് മാത്രമെ പറയൂ. കള്ളം പറയില്ല. നിങ്ങള്‍ എന്തെങ്കിലും ഒരു കള്ള കഥയുണ്ടാക്കിയവതരിപ്പിക്കും. അതു കാണുവാന്‍ ജനം ഇടിച്ചു കയറും. നേരു പറയുന്ന എന്നെക്കാളും കൂടുതല്‍ ആളുകള്‍ കൂടുന്നത് നിങ്ങളുടെ കള്ള കഥ കാണുവാനാണ്. അപ്പോള്‍ പൊന്നമ്മ പറഞ്ഞു- അതിന് ഒരു കാരണമുണ്ട് തിരുമേനി, തിരുമേനി സത്യം പറഞ്ഞാല്‍ കള്ളമാണെന്നേ ജനത്തിന് തോന്നുകയുള്ളു. പക്ഷേ ഞങ്ങള്‍ കള്ളം പറഞ്ഞാലും സത്യമാണെന്ന് ജനം കരുതും.

-------------------------------------------------
ഒരിക്കല്‍ ഒരു ഡീക്കനെ പള്ളിയുടെ ചുമതല കൊടുത്ത് വിട്ടു. അതിനു ശേഷം ബിഷപ്പ് ഒരുപദേശവും കൊടുത്തു. ആദ്യം കാണുന്ന സണ്‍ഡേസ്‌കൂള്‍ ടീച്ചറെ വിവാഹം കഴിക്കരുത്. അതിനേക്കാളും മെച്ചമായവള്‍ വേറെ കാണും.

----------------------------------------------

ഒരിക്കല്‍ മലേഷ്യയിലെ ഒരു തുണിക്കടയില്‍ തുണി വാങ്ങുവാന്‍ ക്രിസോസ്റ്റം തിരുമേനി കയറി. നല്ല വില്‍പന നടക്കുമെന്ന് കരുതി ചൈനക്കാരി പെണ്‍കുട്ടികള്‍ അടുത്തുകൂടി ഓരോ തുണിയുടെയും സവിശേഷതകള്‍ വിശദീകരിച്ചു. ഒരു തുണിയെടുത്തു കാണിച്ചിട്ട് പറഞ്ഞു: ഈ തുണി എടുത്തുകൊള്ളൂ, ഇത് നിങ്ങളുടെ ഭാര്യയ്ക്ക് പറ്റിയതാണ്. തീര്‍ച്ചയായും ഇതവര്‍ക്ക് ഇഷ്ടപ്പെടും. തിരുമേനി ചിരിച്ചു കൊണ്ട് പറഞ്ഞു: എന്റെ പിള്ളാരെ, എന്റെ ഭാര്യയുടെ ഇഷ്ടം എന്താണെന്ന് മനസ്സിലാക്കുവാന്‍ ഇന്നേവരെ എനിക്ക് സാധിച്ചിട്ടില്ല.
-----------------------------------------------------------------

ഒരിക്കല്‍ ക്രിസോസ്റ്റം തിരുമേനിയോട് ഒരു വിരുതന്‍ ചോദിച്ചു: ''എപ്പിസ്‌കോപ്പാമാര്‍ താടി മീശ വളര്‍ത്തണമെന്ന് വേദപുസ്തകത്തില്‍ എവിടെയും പറഞ്ഞിട്ടില്ല. പിന്നെ തിരുമേനി എന്തിനാ വളര്‍ത്തുന്നത്.''
''ഇത് ഞാന്‍ വളര്‍ത്തുന്നതല്ല മകനേ, തനിയേ വളരുന്നതാണ്.''
-----------------------------------------------------------

മാരാമണ്‍ കണ്‍വന്‍ഷന്‍ വേളയില്‍ ഉച്ചയൂണിന് പോകുന്ന വഴി ഒരു കുട്ടിയോട് ക്രിസോസ്റ്റം തിരുമേനി ചോദിച്ചു: ''ഏതു ക്ലാസ്സിലാ നീ പഠിക്കുന്നത്?''
കുട്ടി: ''ആറില്‍''
തിരുമേനി: ''ശ്ശെടാ..... കരയ്‌ക്കെങ്ങും സ്ഥലമില്ലാഞ്ഞിട്ടാണോ നീ ആറ്റിലിറങ്ങി പഠിക്കുന്നത്?''
----------------------------------------------------------------

ക്രിസോസ്റ്റം തിരുമേനിയുടെ ഡ്രൈവറാണ് എബി. വണ്ടിയോടിക്കുക മാത്രമല്ല, 96 വയസ്സുള്ള തിരുമേനിയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നതും നാല്‍പതു വയസ്സിനടുത്തുള്ള എബിയാണ്. ഒരു ദിവസം കാര്‍ വൃത്തിയാക്കിക്കൊണ്ടിരുന്നപ്പോള്‍ തിരുമേനി എബിയെ വിളിച്ചു. എബി തിരുമേനിയുടെ അടുക്കല്‍ ചെന്നപ്പോള്‍ തിരുമേനി ചോദിച്ചു: എബി, എടാ നിന്റെ കാലശേഷം എന്റെ വണ്ടി ആര് ഓടിക്കും. തമാശ കേട്ട് എബി ചിരിച്ചു.

Editors Choice