• 27 May 2020
  • 01: 48 AM
Latest News arrow

വാട്ട്‌സാപ്പിലൂടെ സാധനം വിൽക്കാൻ 'ജിയോ മാര്‍ട്ട്'; പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം മുംബൈയിൽ; പ്രാദേശിക ചെറുകിട വ്യാപാരികൾക്കും സഹായകം

മുംബൈ: ഫേസ്ബുക്ക് ജിയോ പ്ലാറ്റ്‌ഫോമിൽ നിക്ഷേപം നടത്തുകയും റിലയന്‍സ്‌ റീട്ടെയില്‍, വാട്ട്‌സാപ്പുമായി വാണിജ്യകരാറിലേർപ്പെടുകയും ചെയ്ത് മൂന്നു ദിവസത്തിനകം തന്നെ 'ജിയോ മാര്‍ട്ട്' പ്രവര്‍ത്തനസജ്ജമായി.

ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ സബര്‍ബന്‍ മുംബൈയിലെ നവീ മുംബൈ, താനെ, കല്യാണ്‍ എന്നിവിടങ്ങളിലാണ് 'ജിയോ മാര്‍ട്ട്' സേവനം ആരംഭിച്ചിരിക്കുന്നത്. ജിയോമാര്‍ട്ടിന്റെ വാട്ട്‌സാപ്പ് നമ്പറായ '88500 08000' വഴിയാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുക. വാട്ട്‌സാപ്പ് ചാറ്റ് വിന്‍ഡോയിലുടെ 30 മിനുട്ടുമാത്രം പ്രവർത്തിക്കുന്ന ഒരു ലിങ്ക് ഉപഭോക്താക്കള്‍ക്ക് അയക്കുകയാണ് ചെയ്യുക. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ നല്‍കാനുള്ള പേജ് തുറന്നുവരും. അത് പൂരിപ്പിച്ചു കഴിഞ്ഞാൽ ഉത്പന്നങ്ങളുടെ കാറ്റലോഗ് ലഭിക്കും. ഓര്‍ഡര്‍ഫോമും അതോടൊപ്പമുണ്ടാകും. ഷോപ്പില്‍നിന്ന് ഉത്പന്നങ്ങള്‍ എടുക്കുമ്പോള്‍ തല്‍ക്കാലം പണമാണ് സ്വീകരിക്കുകയെന്നാണ് അറിയിച്ചിട്ടുള്ളത്.

വാട്ട്‌സാപ്പിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജിയോമാര്‍ട്ട് പ്ലാറ്റ്ഫോമില്‍ റിലയന്‍സ് റീട്ടെയിലിന്റെയും പ്രാദേശിക തലത്തിലുള്ള ചെറുകിട സംരംഭങ്ങളുടെയും ഉത്പന്നങ്ങള്‍ ആവശ്യക്കാരിലെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തുള്ള ദശലക്ഷക്കണക്കിന് ചെറുകിട വ്യാപാരികള്‍, പലചരക്കു കടക്കാര്‍ എന്നിവരുമായുള്ള പങ്കാളിത്തത്തോടെയാണ് ജിയോമാര്‍ട്ട് ഒരുങ്ങുന്നത്. ഇതുവഴി ഏറ്റവും അടുത്തുള്ള ചെറുകിട പലചരക്കു കട ഉടമകള്‍ക്കു വാട്ട്‌സാപ്പ് ഉപയോഗിച്ച് ജിയോമാര്‍ട്ടുമായി ഇടപാട് നടത്തി ഉപഭോക്താക്കളുടെ വീടുകളിലേക്ക് ഉല്‍പ്പന്നങ്ങളും സേവനങ്ങളും എത്തിക്കാന്‍ കഴിയും.

രാജ്യത്തെ 60 ദശലക്ഷം മൈക്രോ ചെറുകിട ഇടത്തരം ബിസിനസുകള്‍, 120 ദശലക്ഷം കര്‍ഷകര്‍, മറ്റ് കച്ചവടക്കാര്‍ തുടങ്ങിയവരിലായിരിക്കും ജിയോമാര്‍ട്ട് ശ്രദ്ധിക്കുകയെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.

Editors Choice