• 27 May 2020
  • 12: 21 AM
Latest News arrow

ഇരുമ്പ് ദണ്ഡുകളാല്‍ തുളയ്ക്കപ്പെട്ട് കൊളുത്തുകളില്‍ തൂക്കപ്പെടുന്ന കര്‍ഷകശരീരങ്ങള്‍; മികച്ച വിളവിന് വേണ്ടിയാണ്

ഒരു വര്‍ഷം മുമ്പ് ഏപ്രില്‍ മാസത്തിലെ ഒരു പ്രഭാതം. ഗംഗാ നദിയുടെ തീരത്ത് വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന ഒരു മരത്തിന്റെ ചുവട്ടില്‍ കുറച്ച് ചെറുപ്പക്കാര്‍ വട്ടംകൂടിയിരിക്കുകയായിരുന്നു. ചുവപ്പ് നിറം കൂടുതലായി കലര്‍ന്ന കാവി വസ്ത്രം അവര്‍ ധരിച്ചിരുന്നു. അവരുടെ കയ്യില്‍ കൂര്‍ത്ത അഗ്രമുള്ള ഇരുമ്പ് വടികളുമുണ്ടായിരുന്നു. ബുര്‍സീസ് എന്ന് വിളിക്കുന്ന ഇരുമ്പ് വടികള്‍ക്ക് ഏകദേശം 60 സെന്റീമീറ്റര്‍ നീളമുണ്ട്. ആ ദിവസം വൈകുന്നേരം ഈ ഇരുമ്പ് വടികള്‍ തങ്ങളുടെ ദേഹത്ത് കയറ്റിയറക്കാനായി കാത്തിരിക്കുകയാണ് ആ ചെറുപ്പക്കാര്‍. 

26 വയസ്സുകാരനായ സാന്‍ഡോസ് ആണ് ആ ചെറുപ്പക്കാരില്‍ ഏറ്റവും പ്രായം ചെന്നയാള്‍. സ്വയം മുറിവേല്‍പ്പിക്കുന്ന ഈ ആചാരത്തില്‍ മുമ്പ് പങ്കെടുത്തയാള്‍ അവരില്‍ സാന്‍ഡോസ് മാത്രമാണ്. കുറേ വര്‍ഷങ്ങളായി തന്റെ ചുണ്ടുകളും ചെവികളും കൈവെള്ളകളും വയറും പുറവും സാന്‍ഡോസ് ഇരുമ്പ് ദണ്ഡുകള്‍ ഉപയോഗിച്ച് കുത്തിത്തുളയ്ക്കുന്നു. ''ഇത് അതിതീവ്രമായ വേദനയുള്ള ഒന്നാണ്. പക്ഷേ ഈ വേദന താല്‍ക്കാലികമാണ്. ഇതിലൂടെ ലഭിക്കുന്ന അനുഗ്രഹം നീണ്ടുനില്‍ക്കുന്നതും. നമ്മള്‍ ആഗ്രഹിക്കുന്നത് ലഭിക്കാന്‍ നമ്മള്‍ ത്യാഗങ്ങള്‍ അനുഷ്ഠിക്കേണ്ടതുണ്ട്.'' സാന്‍ഡോസ് പറയുന്നു.

ഇവര്‍ ആഗ്രഹിക്കുന്നത് മികച്ച വിളവാണ്. പശ്ചിമബംഗാളിലെ കൃഷ്ണദേവപൂര്‍ ഗ്രാമത്തില്‍ വിളവെടുപ്പിന് മുമ്പുള്ള ഗജന്‍ എന്ന ഉത്സവത്തിന്റെ ഭാഗമായാണ് ഈ ആചാരം. ബംഗാളി കലണ്ടര്‍ അവസാനിക്കുന്ന മാസത്തിലെ ഈ ആഘോഷം ആ വര്‍ഷത്തെ തന്നെ ഏറ്റവും വലിയ ആഘോഷമാണ്. ഹിന്ദു ദൈവമായ ശിവനോടുള്ള തങ്ങളുടെ ഭക്തി പ്രകടമാക്കാന്‍ കര്‍ഷകരാണ് ഗജന്‍ പ്രധാനമായും ആഘോഷിക്കുന്നത്. ശിവനാണ് കൃഷിയ്ക്ക് അനുയോജ്യമായ കാലാവസ്ഥ തരുന്നതെന്നാണ് ഈ കര്‍ഷകരുടെ വിശ്വാസം.

''ഞങ്ങള്‍ ഉത്സവം ആരംഭിച്ചുകഴിഞ്ഞാല്‍ പിന്നെ ശിവന്‍ ഞങ്ങളെ നോക്കിക്കൊള്ളും. അദ്ദേഹത്തിന്റെ അമാനുഷിക ശക്തിയും ധൈര്യവും അദ്ദേഹം ഞങ്ങള്‍ക്ക് നല്‍കും.'' സാന്‍ഡോസ് പറയുന്നു.

''പത്താമത്തെ വയസ്സ് മുതല്‍ ഗജന്‍ ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ മാതാപിതാക്കളോട് അനുമതി ചോദിക്കാറുണ്ടായിരുന്നു. എന്നാല്‍ അവര്‍ സമ്മതിച്ചില്ല. ഇപ്പോള്‍ എനിക്ക് പതിനഞ്ച് വയസ്സായി. ഈ വര്‍ഷം ഗജനില്‍ പങ്കെടുക്കാന്‍ അവര്‍ അനുവാദം തന്നു. കാരണം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഞങ്ങള്‍ക്ക് മോശം വിളവാണ് ലഭിച്ചിരന്നത്.'' ചെറുപ്പക്കാരില്‍ ഒരാളായ രാഹുല്‍ പറഞ്ഞു.

''ശിവന്‍ സന്തോഷവാനല്ല. അതുകൊണ്ടാണ് ഞങ്ങളെല്ലാം കഷ്ടപ്പെടുന്നത്. അദ്ദേഹം ഞങ്ങളെ ശിക്ഷിക്കുകയാണ്.'' രാഹുല്‍ പറയുന്നു. രാഹുല്‍ പറയുന്നതിനെ മറ്റുള്ളവരും പിന്തുണയ്ക്കുന്നുണ്ട്. 

ഇരുമ്പ് ദണ്ഡുകള്‍ മൂര്‍ച്ച കൂട്ടിയ ശേഷം ഈ ചെറുപ്പക്കാര്‍ ഗംഗയിലെ പുണ്യ ജലത്തില്‍ മുങ്ങി. ഉത്സവത്തോട് അനുബന്ധിച്ച് തങ്ങളുടെ ശരീരത്തെയും ആത്മാവിനെയും ശുദ്ധീകരിക്കാനായിരുന്നു ഇത്.  

എന്നാല്‍ ഈ ആചാരത്തില്‍ വിശ്വാസമില്ലാത്തവരും ഇവിടെയുണ്ട്. 22 വയസ്സുകാരനായ അജോയ് പറയുന്നത്, കഴിഞ്ഞ ആറ് വര്‍ഷമായി ഈ ആചാരത്തിന്റെ ഭാഗമായിട്ടും ഒരു ഫലവുമുണ്ടായില്ലെന്നാണ്. ഇനിയും താനെന്തിന് തന്റെ ശരീരം കുത്തിത്തുളയ്ക്കണമെന്നും അജോയ് ചോദിക്കുന്നു. ''ചില സമയങ്ങളില്‍ മഴയുണ്ടാകില്ല, ചില സമയങ്ങളില്‍ വെള്ളപ്പൊക്കമായിരിക്കും. ചിലപ്പോള്‍ താപതരംഗം ഉണ്ടാകും. ഇങ്ങിനെ കൃഷി മുഴുവന്‍ നശിക്കും. ഇത് ശിവന്റെ പ്രതികാരമല്ലെന്നും അജോയ് പറയുന്നു.

വൈകുന്നേരമായി.... ഉത്സവം തുടങ്ങാന്‍ പോവുകയാണ്. നൂറു കണക്കിന് ആളുകള്‍ അവിടെയുള്ള ഒരു മൈതാനത്തില്‍ ഒരുമിച്ച് കൂടി. വര്‍ണശഭളമായ സാരികള്‍ അണിഞ്ഞ് പെണ്ണുങ്ങളും കൗതുകം നിറഞ്ഞ മുഖങ്ങളുമായി കുട്ടികളും അവിടെയെത്തിയിരിക്കുന്നു. നാടന്‍ ഭക്ഷണങ്ങളുടെ കൊതിയൂറുന്ന സുഗന്ധം അന്തരീക്ഷത്തില്‍ നിറഞ്ഞു. ഉച്ചഭാഷണികള്‍ വാചാലമായി. 

സാന്‍ഡോസും രാഹുലും മൈതാനത്തിന്റെ ഒത്തനടുവിലേക്ക് വന്നു. പിന്നെ ഒരു നൂറ് പേരും. അരയില്‍ ഒരു ചുമന്ന തുണി മാത്രമാണ് അവര്‍ ധരിച്ചിരുന്നത്. ''ഏറ്റവും ശക്തനായ ദൈവം ശിവനാണ്, എല്ലാ ഭക്തരും അദ്ദേഹത്തെ ആരാധിക്കണം'' അവര്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. മണിക്കൂറുകളോളം അവര്‍ ഇത് തന്നെ വിളിച്ചുപറഞ്ഞു. ഇങ്ങിനെ ചെയ്തുകൊണ്ടിരിക്കേ, അവര്‍ ഒരു ഉന്‍മാദ അവസ്ഥയിലേക്ക് കടന്നു. ആ ദിവസം അവര്‍ മദ്യവും കഞ്ചാവും മാത്രമാണ് പ്രധാനമായും സേവിക്കുക. ഭക്ഷണം കഴിക്കില്ല. ഏല്‍പ്പിക്കുന്ന മുറിവിന്റെ ആഘാതം കുറയ്ക്കാനാണിത്.

പുരോഹിതന്‍ ഭക്തരുടെ ശരീരത്തില്‍ ഇരുമ്പ് ദണ്ഡുകള്‍ തുളച്ചു കയറ്റാന്‍ തുടങ്ങിയതോടെ സ്ത്രീകള്‍ കുരവയിട്ടു. ഇവരുടെ ശരീരത്തില്‍ ഇരുമ്പ് ദണ്ഡുകള്‍ തറയ്ക്കുന്നതിന് മുമ്പ് പുരോഹിതന്റെ ഇവ വാഴപ്പഴത്തിലൂടെ കയറ്റിയറക്കും. ഘര്‍ഷണം കുറയ്ക്കാനാണിത്. 

സാന്‍ഡോസിന്റെ ഒരു കവിളിലൂടെ ഇരുമ്പ് ദണ്ഡ് കയറ്റി മറ്റേ കവിളിലൂടെ ഇറക്കി പ്രതിഷ്ഠിച്ചു. കവിള്‍ തുളഞ്ഞപ്പോള്‍ സാന്‍ഡോസ് നെറ്റിയൊന്ന് ചുളിച്ചു. അവന്റെ ശരീരം വിറച്ചു. ഇതേ കവിളുകളില്‍ പുരോഹിതന്‍ രണ്ട് ദണ്ഡുകള്‍ കൂടി തുളച്ചു കയറ്റി.

അടുത്തത് രാഹുലിന്റെ ഊഴമായിരുന്നു. പുരോഹിതന്‍ അവന്റെ ചെവിയില്‍ ഒരു ഇരുമ്പ് ദണ്ഡ് തുളച്ചുകയറ്റി. പിന്നെ താഴ്ച്ചുണ്ടില്‍ നിരവധി ദണ്ഡുകള്‍. മേല്‍ച്ചുണ്ടിലും അപ്രകാരം തന്നെ ചെയ്തു. തുടര്‍ന്ന് പുരോഹിതന്‍ രാഹുലിന്റെ നെഞ്ചില്‍ ഒരിഞ്ച് ആഴത്തില്‍ രണ്ട് തുള തുളച്ചു. അവയില്‍ ദണ്ഡുകള്‍ കുത്തിക്കയറ്റി. പതിനഞ്ച് വയസ്സുള്ള രാഹുലിന്റെ കണ്ണില്‍ ഒരു തുള്ളി കണ്ണീര്‍ പൊടിഞ്ഞു. അത് മാത്രമായിരുന്നു ആ മുഖത്ത് പ്രകടമായ വേദന. 

അവന്‍ തുടര്‍ച്ചയായി ശിവമന്ത്രങ്ങള്‍ ഉരുവിടാന്‍ തുടങ്ങി. പക്ഷേ, അവ പലപ്പോഴും പുറത്തുവന്നില്ല. മുഖത്തെ ചര്‍മ്മങ്ങളില്‍ കുത്തിയിറക്കിയ ഇരുമ്പ് ദണ്ഡുകള്‍ അതിന് തടസ്സമാവുകയായിരുന്നു. ഈ സമയത്ത് മറ്റൊരു ഭക്തന്‍ രാഹുലിനെ തന്റെ തോളത്ത് വഹിച്ച് മൈതാനത്തിന് ചുറ്റും വലയം വെച്ചു. ഇതില്‍ അത്ഭുതമെന്താണെന്ന് വെച്ചാല്‍ ഒരിറ്റ് ചോരപോലും പൊടിയാതെയാണ് ഓരോ ഇരുമ്പ് ദണ്ഡുകളും ആ ഭക്തരുടെ ദേഹത്ത് തുളഞ്ഞുകയറിയത് എന്നതാണ്.

ഇതുകൊണ്ട് ഉത്സവം അവസാനിച്ചില്ല. അടുത്തതായി ചരക് പൂജയാണ്. ഉത്സവത്തിന്റെ അവസാനത്തേതും ഏറ്റവും ഭയാനകവുമായ ഒന്നാണ് ചരക് പൂജ. ഇതില്‍ സ്വയം മുറിവേല്‍പ്പിക്കല്‍ അതിന്റെ പാരമ്യത്തില്‍ എത്തും. കയറില്‍ക്കെട്ടിയ രണ്ട് ഇരുമ്പ് കൊളുത്തുകള്‍ ഭക്തര്‍ തങ്ങളുടെ പുറത്തെ തൊലിയിലൂടെ കയറ്റിയറക്കി അതില്‍ തൂങ്ങിയാടുന്നതാണ് ഇത്. അനുഭവസമ്പത്തുള്ളവരാണ് ചരക് പൂജ ചെയ്യുന്നത്. പന്ത്രണ്ടാം വയസ്സ് മുതല്‍ ഗജന്‍ ഉത്സവത്തില്‍ പങ്കെടുക്കുന്ന 34 കാരനായ സുമനായിരന്നു ഇതില്‍ ആദ്യം പങ്കെടുത്തത്.

അവന്റെ പുറം തുളയ്ക്കാന്‍ പുരോഹിതന്‍ ആദ്യം മടിച്ചു. അവന്റെ പുറത്ത് തുളയ്ക്കാന്‍ ഇനി ഒരു സ്ഥലം പോലും ബാക്കിയില്ലെന്ന് പറഞ്ഞായിരുന്നു അത്. എന്നാല്‍ സുമന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് പുരോഹിതന്‍ സുമന്റെ പുറത്ത് ഏറ്റവും അടിയില്‍ നിന്നും ഒരു പിടി മാംസം പിടിച്ചെടുത്ത് വലിച്ച് അതില്‍ ഇരുമ്പ് കൊളുത്തുകള്‍ തുളച്ചുകയറ്റി. ഈ സമയം സുമന്‍ തന്റെ കണ്ണുകള്‍ ഇറുക്കിയടച്ചു. അവന്റെ നെറ്റിയിലെ ഞരമ്പുകളില്‍ നിന്നും രക്തം പുറത്തേയ്ക്ക് ചീറ്റിയൊഴുകാന്‍ വെമ്പി. അവന്‍ ബോധംകെട്ടു വീണു. 

പിന്നെ ബാക്കിയെല്ലാവരും ചേര്‍ന്ന് സുമന്റെ മുഖത്ത് വെള്ളമൊഴിച്ച് അവനെ ഉണര്‍ത്താന്‍ നോക്കി. അവന്‍ മെല്ലെ എഴുന്നേറ്റു. ശേഷം അവന്‍ പൂജ ചെയ്യേണ്ട സ്ഥലത്തേയ്ക്ക് നടന്നടത്തു. അവിടെയെത്തിയപ്പോള്‍ മറ്റുള്ളവര്‍ ആ കൊളുത്തുകളില്‍ കയര്‍ മുറുക്കി. തുലാസില്‍ തൂങ്ങിയാടുന്ന രണ്ട് പാത്രങ്ങളെപ്പോലെ അപ്പുറത്ത് സുമന് തുലനം ചെയ്യാന്‍ മറ്റൊരു ഭക്തനെയും കൊളുത്തില്‍ തൂക്കിയിട്ടുണ്ടായിരുന്നു. അന്തരീക്ഷത്തില്‍ ഇരുമ്പുകൊളുത്തില്‍ തൂങ്ങിയാടുമ്പോള്‍ ഈ ഭക്തരുടെ മുഖത്ത് വേദനയുടെ ചെറുകണിക പോലുമില്ലായിരുന്നു. സുമനാകട്ടെ ചിരിച്ചുകൊണ്ട് താഴെ നില്‍ക്കുന്ന ജനങ്ങളുമായി സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു.

കുറച്ച് സമയം ഇവര്‍ ഇത്തരത്തില്‍ അന്തരീക്ഷത്തില്‍ വലയം ചുറ്റി. അതിന് ശേഷം താഴെയിറക്കിയപ്പോള്‍ ആളുകള്‍ തങ്ങളുടെ കുട്ടികളുമായി ഇവരുടെ അടുത്തേയ്ക്ക് പാഞ്ഞു. ശിവന്റെ അനുഗ്രഹം കിട്ടാനായിരുന്നു ഇത്. സുമനും മറുവശത്തുള്ള അവന്റെ പങ്കാളിയും കുട്ടികളെ കയ്യിലെടുത്ത് വീണ്ടും പഴയപടി അന്തരീക്ഷത്തില്‍ വലയം ചെയ്തുവന്നു. ഇത്തരത്തില്‍ നിരവധി കുട്ടികളുമായി ഇവര്‍ ഇരുമ്പ് കൊളുത്തില്‍ അന്തരീക്ഷത്തില്‍ കറങ്ങി. ആ സമയത്തെല്ലാം അവര്‍ ശിവന്റെ പ്രതിരൂപങ്ങളായി മാറുകയായിരുന്നു.

കടപ്പാട്: ബിബിസി

Editors Choice