വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്ര അനുമതി

ന്യൂഡല്‍ഹി: വിദേശത്ത് വെച്ച് മരണപ്പെടുന്ന പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ജന്മനാട്ടിലേക്ക് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഇത് സംബന്ധിച്ച പുതിയ ഉത്തരവ് കേന്ദ്രം പുറത്തിറക്കി. നാല് ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. എന്നാല്‍ കൊവിഡ്-19 ബാധിച്ചുള്ള മരണത്തിന് ഈ ആനുകൂല്യം ലഭിക്കില്ല.
ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ ലഭിച്ച വാക്കാലുള്ള ഉത്തരവ് കാരണം ചില മൃതദേഹങ്ങള്‍ നാട്ടില്‍ ഇറക്കാനാവാതെ ഗള്‍ഫ് നാടുകളില്‍ തിരിച്ചു കൊണ്ടുപോകേണ്ടിവന്നിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും അനുമതിയോടെ ഇനി മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാം എന്ന് ഉത്തരവില്‍ പറയുന്നു. ഇതോടെ ഈ ദിവസങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മരണപ്പെട്ട മലയാളികള്‍ അടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ നാട്ടില്‍ തിരിച്ച് എത്തിക്കാന്‍ വഴിയൊരുങ്ങിയിരിക്കുകയാണ്. അതേസമയം കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം തിരിച്ചു കൊണ്ടുവരാന്‍ സാധിക്കില്ല. കൊവിഡ് രോഗികള്‍ മരണപ്പെട്ടാല്‍ ഏറ്റവും അടുത്തുള്ള പ്രദേശത്ത് തന്നെ സംസ്കരിക്കുന്നതാണ് പതിവ്.
ഇതിനിടെ വിദേശത്ത് കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ഇന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബേ വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിയുമായി ഇക്കാര്യത്തില്‍ പ്രാഥമിക ആശയവിനിമയം നടത്തി. വിദേശത്ത് നിന്നും തിരികെ വരുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.