വീണ്ടും ഡ്യൂട്ടി ഡോക്ടറായി മുഖ്യമന്ത്രി!

പനാജി: കൊവിഡ്-19 കാലത്ത് രാജ്യത്തെ ഒരു സംസ്ഥാനത്തിലെ മുഖ്യമന്ത്രി രോഗികളെ ചികിത്സിക്കാന്‍ ഡ്യൂട്ടി ഡോക്ടറായി ആശുപത്രിയില്‍ എത്തിയത് എല്ലാവർക്കും കൗതുകമായി.
വെള്ളിയാഴ്ച തന്റെ നാല്‍പ്പത്തിയേഴാം ജന്മദിനത്തിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് കൊറോണ വൈറസിനെതിരെ പ്രവര്‍ത്തിക്കുന്നവർക്ക് ഐക്യദാർഢ്യവുമായി വീണ്ടും ഡോക്ടറുടെ കുപ്പായമിട്ട് ആശുപത്രിയിലെത്തിയത്. മപ്സയിലെ അസിലോ ജില്ലാ ആശുത്രിയിലെത്തി മറ്റ് ഡോക്ടര്‍മാര്‍ക്കൊപ്പം രോഗികളെ ചികിത്സിക്കുകയായിരുന്നു പ്രമോദ് സാവന്ത്. ഡോക്ടറുടെ വേഷത്തില്‍ മുഖ്യമന്ത്രി ആശുപത്രിയിലെത്തിയപ്പോള്‍ രോഗികളും ആശുപത്രി അധികൃതരും അമ്പരന്നു. ആയുർവ്വേദ ഡോക്ടറായിരുന്ന പ്രമോദ് സാവന്ത് പത്ത് വര്‍ഷത്തിലേറെയായി ഈ ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ സജീവമാണ്.
"ഇന്ന് എന്റെ ജന്മദിനമാണ്. പക്ഷെ ഞാന്‍ അത് ആഘോഷിക്കുന്നില്ലെന്ന് തീരുമാനിച്ചു. ഞാന്‍ മുഖ്യമന്ത്രിയാണെങ്കിലും പ്രൊഫഷണലി ആയുര്‍വേദ ഡോക്ടറാണ്. കൊറോണക്കെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യപ്പെട്ട് ഞാന്‍ ഒരു ദിവസത്തിന്റെ പകുതി ദിവസം ആശുപത്രിയില്‍ ചെലവഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞാന്‍ ആയുര്‍വേദ ഒപിഡിയിലാണ് സേവനം ചെയ്യുന്നത്.
ഗോവയില്‍ നിന്നും കൊറോണ വൈറസ് രോഗത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സംസ്ഥാനത്തെ മെഡിക്കല്‍ ടീം രാപ്പകല്‍ ഇല്ലാതെ ജോലി ചെയ്ത് കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ മെഡിക്കല്‍ സംഘത്തിന് ആത്മ വിശ്വാസം പകരാനാണ് ജന്മദിനത്തില് ഡോക്ടര്‍ വേഷം ധരിച്ചെത്തിയത്"- പ്രമോദ് സാവന്ത് പറഞ്ഞു.
കൊറോണക്കെതിരെ പോരാടുമ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നതിനേയും അദ്ദേഹം അപലപിച്ചു. "ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ ആറ് മാസം വരെ ശിക്ഷ ലഭിക്കും എന്ന ഓര്‍ഡിനന്‍സ് സ്വാഗതാര്‍ഹമാണ്. ഗോവയില്‍ വളരെ മികച്ച സാഹചര്യമാണ്. ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും പിന്തുണക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്"- പ്രമോദ് സാവന്ത് പറഞ്ഞു.
രാജ്യത്ത് കൊവിഡ്-19 ബാധയെ പൂര്‍ണ്ണമായും പ്രതിരോധിച്ച സംസ്ഥാനമാണ് ഗോവ. ഇവിടെ ഏഴ് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ എല്ലാവരും തന്നെ രോഗമുക്തരായി ആശുപത്രി വിട്ടു. ഏപ്രില്‍ മൂന്നിന് ശേഷം ഗോവയിൽ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Goa Chief Minister Dr Pramod P Sawant today spent the morning hours of his birthday attending patients at Outpatient Department of Asilo Hospital at Mapusa: Goa Chief Minister's Office pic.twitter.com/JDJIUB0JGN
— ANI (@ANI) April 24, 2020