• 27 May 2020
  • 01: 08 AM
Latest News arrow

റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില; പവന് 34,000 രൂപയായി

കൊച്ചി: സംസ്ഥാന റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില പവന് 34,000 രൂപയായി. ഒരു ഗ്രാമിന് 450 രൂപയാണ് വില. ഇന്ന് മാത്രം പവന് 200 രൂപ കൂടി. ഈ മാസം 2400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വിലവര്‍ധവുണ്ടായത്. കൊവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് ആഗോള സാമ്പത്തിക രംഗത്ത് കടുത്ത പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്. ഇത് മൂലം പലരും സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ പരിഗണിക്കുന്നതാണ് വിലവര്‍ധനവിന് കാരണം. വരും ദിവസങ്ങളിലും സ്വര്‍ണ വില ഉയരുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 

കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് ഗ്രാമിന് 4225 രൂപയും പവന് 33,800 രൂപയുമായിരുന്നു. കഴിഞ്ഞ മാസത്തിലെ സ്വര്‍ണത്തിന്റെ ഏറ്റവും ഉര്‍ന്ന നിരക്ക് പവന് 32,320 രൂപയായിരുന്നു. ഫെബ്രുവരിയില്‍ 32,000 രൂപയും. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,724.04 ഡോളറായിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെക്കാള്‍ വിലയില്‍ 0.4 ശതമാനം കുറവാണുണ്ടായത്.  

ലോക്ക്ഡൗണ്‍ കാരണം ജ്വല്ലറികള്‍ അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ മാറ്റി വാങ്ങുന്നതിനോ അവസരമില്ല. അക്ഷയ തൃതീയ പ്രമാണിച്ച് ഓണ്‍ലൈനില്‍ സ്വര്‍ണം വാങ്ങാന്‍ ജ്വല്ലറികള്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. 

Editors Choice