പ്രവാസികളെ തിരിച്ചുകൊണ്ടുവരാൻ കേന്ദ്രസര്‍ക്കാറിനോട് ഇപ്പോൾ നിര്‍ദ്ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി; സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതലുകള്‍ അറിയിക്കണം

കൊച്ചി: കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് ഇപ്പോള്‍ നിര്‍ദ്ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി. രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള ഈ സാഹചര്യത്തില്‍ കേന്ദ്രത്തോട് അത്തരമൊരു നിര്‍ദ്ദേശം വെക്കാനാവില്ലെന്നാണ് ഹൈക്കോടതി അറിയിച്ചത്. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി. നല്കിയ ഹര്‍ജി പരിഗണിച്ചുക്കൊണ്ടാണ് കോടതി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.
ദുരിതം അനുഭവിക്കുന്നവരോട് സഹതാപം ഉണ്ടെങ്കിലും സര്‍ക്കാറിന്റെ പരിമിതികള്‍ മനസ്സിലാക്കുന്നുവെന്ന് കോടതി പറഞ്ഞു. പ്രവാസികള്‍ക്ക് ചികില്‍സ ഉറപ്പുവരുത്തേണ്ടത് എംബസികളാണ്. ഗര്‍ഭിണികളുടെയും കുട്ടികളുടെയും കാര്യത്തില്‍ പ്രത്യേക ജാഗ്രത വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഒരു ലക്ഷം പേര് വിദേശത്തുനിന്നും നാട്ടിലെത്തിയാല്‍ വേര്‍തിരിച്ച് ക്വാറന്റൈന് അടക്കമുള്ള സൗകര്യങ്ങൾ ചെയ്യാന്‍ സൗകര്യമുണ്ടോ എന്ന് കോടതി സര്‍ക്കാറിനോട് ആരാഞ്ഞു. 5,000 ഡോക്ടര്‍മാരും 20,000 നഴ്സുമാരും വേണ്ടി വരില്ലേയെന്നും കോടതി ചോദിച്ചു. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഒരു ഇടക്കാല ഉത്തരവ് ഇപ്പോള്‍ നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
മറ്റു രാജ്യങ്ങള്‍ പ്രവാസികളെ അവരുടെ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ടെന്ന് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടിയപ്പോള്‍ മറ്റു രാജ്യങ്ങളുടെ നയവും നിയമവുമല്ല നമ്മുടേതെന്നായിരുന്നു കോടതിയുടെ മറുപടി. പ്രവാസികളെ തിരികെ കൊണ്ടുവരുന്നത് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ വെള്ളം ചേര്‍ക്കുന്നതിന് സമമാകില്ലേ എന്നായിരുന്നു കോടതിയുടെ ചോദ്യം.
പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ കേരളസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും മെഡിക്കല്‍ സംവിധാനങ്ങള്‍ അടക്കം അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുമുള്ള റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു.
ഹര്‍ജിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വാദം കേട്ടത്. ഹര്‍ജി മെയ് രണ്ടിലേക്ക് മാറ്റിവെച്ചു.