"കൊറോണ വൈറസ് ദീര്‍ഘകാലം നമ്മോടൊപ്പമുണ്ടാവും; ഒരു പിഴവും വരുത്തരുത്"- ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ്-19 രോഗത്തിനു കാരണമായ വൈറസ് ദീര്‍ഘകാലത്തേക്ക് നമ്മുടെ ഗ്രഹത്തിലുണ്ടാവുമെന്ന് ലോകാരോഗ്യ സംഘടന. മിക്ക രാജ്യങ്ങളും ഇപ്പോഴും പ്രാഥമിക ഘട്ടത്തില്‍ മാത്രമാണെന്നും ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഥനം ഗബ്രിയാസിസ് അഭിപ്രായപ്പെട്ടു. ബുധനാഴ്ച നടന്ന വിർച്ച്വൽ വാർത്താ സമ്മേളനത്തിലാണ് ടെഡ്രോസ് അഥനം ഗബ്രിയാസിസ് ഈ മുന്നറിയിപ്പ് നൽകിയത്.
"കൊവിഡ്-19 വൈറസ് നിയന്ത്രണത്തിലായെന്ന് കരുതിയ രാജ്യങ്ങളില്‍ അത് വീണ്ടും തിരിച്ചു വരവ് നടത്തി. അമേരിക്കയിലെയും ആഫ്രിക്കയിലെയും കണക്കുകളില്‍ കുതിച്ചുയരുന്ന പ്രവണതയാണ് ഇപ്പോഴും കാണുന്നത്. ആഗോള അടിയന്തരാവസ്ഥ ജനുവരി 30ന് പ്രഖ്യാപിച്ചു കൊണ്ട് പദ്ധതികളാവിഷ്കരിക്കാനും പ്രതിരോധിക്കാനുമുള്ള സമയം ലോകരാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന നല്‍കിയിരുന്നു."- ടെഡ്രോസ് അഥനം പറഞ്ഞു.
പകര്‍ച്ചവ്യാധി കൈകാര്യം ചെയ്യുന്നതില്‍ ലോകാരോഗ്യ സംഘടന അമേരിക്കയില്‍ നിന്ന് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നുവെങ്കിലും രാജിവെക്കാനുള്ള ആവശ്യങ്ങളെല്ലാം ടെഡ്രോസ് അഥനം തള്ളിക്കളഞ്ഞു.
"പശ്ചിമ യൂറോപ്പിലെ രോഗവ്യാപനം കുറഞ്ഞു തുടങ്ങി. എണ്ണം കുറവാണെങ്കിലും മധ്യ അമേരിക്കയിലെയും ആഫ്രിക്കയിലെയും കിഴക്കന്‍ യൂറോപ്പിലെയും പ്രവണതകള്‍ ആശങ്കാകുലമാണ്. മിക്ക രാജ്യങ്ങളും പകര്‍ച്ചവ്യാധിയെ നേരിടുന്ന ആദ്യഘട്ടത്തിലാണ്. ആദ്യ ഘട്ടത്തില്‍ പകര്‍ച്ചവ്യാധി വന്ന് അതിനെ പിടിച്ചു കെട്ടിയ രാജ്യങ്ങളില്‍ പുതിയ കേസുകള്‍ ഉണ്ടാവുകയും വൈറസ് തിരിച്ചു വരവ് നടത്തുകയും ചെയ്തു. അതുകൊണ്ട് ഒരു പിഴവും വരുത്തരുത്. നമുക്ക് ഒരുപാട് ദൂരം പോകേണ്ടതുണ്ട്. ഈ വൈറസ് വളരെകാലം നമ്മോടൊപ്പമുണ്ടാകും"- ടെഡ്രോസ് അഥനം ഗബ്രിയാസിസ് കൂട്ടിച്ചേര്‍ത്തു.
"We’re all in this together. And we will only get through it together"-@DrTedros #COVID19
The full statement: https://t.co/tLkdaJm0Q3— World Health Organization (WHO) (@WHO) April 22, 2020