• 25 May 2020
  • 08: 08 PM
Latest News arrow

റിലയൻസ് ജിയോയുടെ 9.9 ശതമാനം ഓഹരികൾ വാങ്ങി ഫേസ്‌ബുക്ക്; 43,574 കോടി രൂപയുടെ ഇടപാട്

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസും ജിയോ പ്ലാറ്റ്‌ഫോം ലിമിറ്റഡും സോഷ്യല്‍ മീഡിയ ഭീമന്‍ ആയ ഫേസ്ബുക്കിന് ഓഹരികള്‍ വിറ്റു. 9.9 ശതമാനം ഓഹരികളാണ് ഫേസ്ബുക്ക് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ഫേസ്ബുക്ക് 43,574 കോടി രൂപ നിക്ഷേപിക്കും.

ബ്രോഡ് ബാന്റ് കണക്ടിവിറ്റി, സ്മാര്‍ട്ട് ഡിവൈസസ്, ക്ലൗഡ് സേവനങ്ങള്‍, ഡാറ്റ അനലിറ്റിക്സ്, നിര്‍മിത ബുദ്ധി, ബ്ലോക്ക് ചെയിന്‍, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന പ്ലാറ്റ് ഫോമുകളിലാണ് ഫേസ്ബുക്കിന്റെ നിക്ഷേപം.

ഈ നിക്ഷേപം ജിയോ പ്ലാറ്റ്‌ഫോം ലിമിറ്റഡിന്റെ 9.99 ശതമാനം ഓഹരിക്ക് തുല്യമാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍  നല്‍കുന്ന സഹോദര സ്ഥാപനമാണ് ജിയോ പ്ലാറ്റ്‌ഫോംസ്. ജിയോ ഇന്‍ഫോകോമും പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെട്ട കമ്പനിയാണ്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കടബാധ്യതകള്‍ കുറയ്ക്കാന്‍ ഈ ഇടപാട് സഹായകമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഫേസ്ബുക്കിനെ സംബന്ധിച്ചും ഈ ഇടപാട് വലിയ നേട്ടമാണ്. ജിയോയുടെ മൊത്തം മൂല്യം 4.62 ലക്ഷം കോടി എന്ന് കണക്കാക്കിയിട്ടാണ് ഇപ്പോഴത്തെ ഇടപാട് നടന്നിട്ടുള്ളത്.

ചെറിയ ഓഹരിയ്ക്കായി ഒരു ടെക്‌നോളജി കമ്പനി നടത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപം ആണെന്നും  ടെക്‌നോളജി മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിദേശനിക്ഷേപം ആണെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഈ ഇടപാടിനെ കുറിച്ച് പ്രതികരിച്ചു.

ഈ നിക്ഷേപം തങ്ങള്‍ക്ക് ഇന്ത്യയോടുള്ള പ്രതിബദ്ധതയാണ് അടിവരയിടുന്നത് എന്നാണ് ഫേസ്ബുക്ക് പ്രതികരിച്ചു. ജിയോയ്‌ക്കൊപ്പം ഇന്ത്യയില്‍ കൂടുതൽ ജനങ്ങളിലേക്ക് എത്തണം എന്നതാണ് ലക്ഷ്യം എന്നും ഫേസ്ബുക്ക് പ്രസ്താവനയില്‍ അറിയിച്ചു. ആറ് കോടിയോളം വരുന്ന ചെറുകിട ബിസിനസ് മേഖലയാണ് തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് എന്നും ഫേസ്ബുക്ക് വ്യക്തമാക്കുന്നുണ്ട്.

ജിയോ പ്ലാറ്റ്‌ഫോംസ്, റിലയന്‍സ് റീട്ടേയില്‍ എന്നിവയും ഫേസ്ബുക്കിന്റെ വാട്‌സ് ആപ്പും മറ്റൊരു വാണിജ്യ പങ്കാളിത്ത കരാറിലും എത്തിയിട്ടുണ്ട്.

തുടക്കമിട്ട് മൂന്ന് വര്‍ഷം കൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായി ജിയോ മാറിയത്. ചുരുങ്ങിയ ചെലവില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കിയതായിരുന്നു ജിയോയുടെ സ്വീകാര്യതയ്ക്കുള്ള പ്രധാന കാരണം. 34 കോടി ഉപയോക്താക്കള്‍ ജിയോയ്ക്ക് ഉണ്ട് എന്നാണ് കണക്കാക്കുന്നത്.

 

Editors Choice