ടോം ആന്‍ഡ് ജെറി, പോപ്പോയ് സംവിധായകന് ജീന്‍ ഡീച്ച് അന്തരിച്ചു

ലോകത്തെ കാര്‍ട്ടൂണ്‍ ചിത്രങ്ങളുടെ പട്ടികയില്‍ എന്നും മുന്‍പന്തിയിലുള്ള കാര്‍ട്ടൂണ്‍ ചിത്രം ടോം ആന്‍ഡ് ജെറിയുടെ സംവിധായകന് ജീന്‍ ഡീച്ച് അന്തരിച്ചു. 95 വയസ്സായിരുന്നു. ഏപ്രില്‍ 16 വ്യാഴാഴ്ച രാത്രിയോടെ പ്രാഗിലെ അപ്പാര്‍ട്ട്മെന്റില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ടോം ആന്‍ഡ് ജെറി കൂടാതെ പോപ്പോയ്, മണ്‍റോ, ടോം ടെറിഫിക്, മുഡ്നിക് തുടങ്ങിയ നിരവധി കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചെടുത്തു. ടോം ആന്‍ഡി ജെറി ഫിലിം സീരീസിലെ 13 ചിത്രങ്ങളും പോപ്പോയ് ദ സെയ്ലര് പരമ്പരയിലെ ഏതാനും ചിത്രങ്ങളും ജീന്‍ സംവിധാനം ചെയ്തിട്ടുണ്ട്. മണ്‍റോ എന്ന അനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിലൂടെ അദ്ദേഹത്തിന് ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചു.
1924ല്‍ ചിക്കാഗോയിലായിരുന്നു ജനനം. യൂജീന്‍ മെരില്‍ ഡീച്ച് എന്നാണ് മുഴുവന്‍ പേര്. വ്യോമസേനയില്‍ പൈലറ്റായിരുന്ന അദ്ദേഹം പിന്നീട് ആനിമേഷന്‍, ഇലസ്ട്രേഷന് രംഗത്തെത്തുകയായിരുന്നു.