കുവൈത്തില്‍ ആയിരത്തിലേറെ ഇന്ത്യക്കാര്‍ക്ക് 'കൊവിഡ്-19'; സൗദിയിൽ കൂടുതൽ നിയന്ത്രണങ്ങൾ

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആയിരത്തിലേറെ ഇന്ത്യക്കാര്‍ക്ക് 'കൊവിഡ്-19' ബാധിച്ചുവെന്ന് റിപ്പോർട്ട്. ഞായറാഴ്ച മാത്രം രോഗം ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 97 ആണ്. ഒരാഴ്ചയിലധികമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന 60കാരനായ ഒരു ഇന്ത്യക്കാരന് ഞായറാഴ്ച മരിച്ചു. കുവൈത്തില്‍ 'കൊവിഡ്-19' ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം. ഞായറാഴ്ച 164 പേര്‍ക്ക് രാജ്യത്ത് 'കൊവിഡ്-19' സ്ഥിരീകരിച്ചു.
സൗദി അറേബ്യയില്‍ 'കൊവിഡ്-19' ബാധിച്ച് പത്ത് ഇന്ത്യക്കാരാണ് മരിച്ചത്. ഇതില്‍ രണ്ട് എന്‍ജിനിയര്‍മാരും ഉള്‍പ്പെടും. ഞായറാഴ്ച മാത്രം അഞ്ച് പേര് സൗദിയില്‍ മരിച്ചു. ആയിരം പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മക്ക, മദീന ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലാണ് കൂടുതല്‍ മണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ, കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. കര്‍ഫ്യൂ വേളയില്‍ പുറത്തിറങ്ങുന്നതിന് ആവശ്യമായ പാസ് രാജ്യത്ത് മൊത്തം ഒരേ രൂപത്തിലാകും. ചൊവ്വാഴ്ച മുതല്‍ ഈ പാസ് നിലവില്‍ വരും. നിലവില്‍ മക്ക, മദീന, റിയാദ് എന്നിവിടങ്ങളിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സീല്‍ വച്ച ഈ പാസുള്ളത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ വിതരണം ചെയ്ത പാസ് ചൊവ്വാഴ്ച മുതല്‍ സ്വീകരിക്കില്ല. ജോലി ചെയ്യുന്ന മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ മുദ്രകള്‍ പുതിയ പാസിലുണ്ടാകും. ഈ പാസില്ലെങ്കില്‍ പിഴയൊടുക്കേണ്ടിവരും. ആദ്യത്തെ തവണ പിഴ ശിക്ഷയാകും. വീണ്ടും പിടിച്ചാല്‍ പിഴ കൂടും. വീണ്ടും വീണ്ടും പിടിക്കപ്പെട്ടാല്‍ ജയില്‍ ശിക്ഷ ലഭിക്കും.
ഖത്തറില്‍ 440 പേര്‍ക്ക് 'കൊവിഡ്-19' സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 5,500 ആയി. രോഗികളില്‍ കൂടുതല്‍ വിദേശികളാണ്.
ബഹ്റനില്‍ 100 പേര്‍ക്ക് കൂടി 'കൊവിഡ്-19' സ്ഥിരീകരിച്ചു. ഇതില്‍ 78 പേര് വിദേശികളാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒമാനില്‍ 'കൊവിഡ്-19' ബാധിച്ച് ഒരു വിദേശി മരിച്ചു. ഒമാനില്‍ 'കൊവിഡ്-19' ബാധിച്ച് മരിക്കുന്ന അഞ്ചാമത്തെ വ്യക്തിയാണിത്. കഴിഞ്ഞ വെള്ളിയാഴ്ച മലയാളി ഡോക്ടറും ഗുജറാത്ത് സ്വദേശിയും ഇവിടെ മരിച്ചിരുന്നു.