• 25 May 2020
  • 08: 51 PM
Latest News arrow

സാമ്പത്തിക ഉണര്‍വിന് പ്രഖ്യാപനങ്ങളുമായി ആര്‍ബിഐ; വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്തും

മുംബൈ: കൊവിഡ്-19 വൈറസ് ബാധ മൂലം തകര്‍ന്നടിഞ്ഞ സാമ്പത്തിക മേഖലയില്‍ ഉണര്‍വ് പകരുന്ന പ്രഖ്യാപനങ്ങളുമായി റിസര്‍വ് ബാങ്ക്. ബാങ്കുകള്‍ക്ക് പണലഭ്യത ഉറപ്പാക്കുന്നതിനായി 50,000 കോടി നല്‍കും. ഇതില്‍ പകുതിയെങ്കിലും ഇടത്തരം, ചെറുകിട സ്ഥാപനങ്ങള്‍ക്ക് നല്‍കണം. നബാര്‍ഡ്, സിഡ്ബി, ദേശീയ ഹൗസിങ് ബാങ്ക് എന്നിവയ്ക്കും 50,000 കോടി നല്‍കും. ബാങ്ക്, ബാങ്ക് ഇതര, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് ഈ തുക ലഭ്യമാക്കും.

റിവേഴ്‌സ് റിപ്പോ റേറ്റ് കാല്‍ ശതമാനം കുറച്ച് 3.75 ശതമാനമാക്കി. ബാങ്കുകളോട് ഡിവിഡന്റ് നല്‍കരുതെന്നും ആര്‍ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്തംബറിന് ശേഷമായിരിക്കും ഇതിലൊരു പുന:രവലോകനം ഉണ്ടാവുക. 

ആര്‍ബിഐയുടെ നടപടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇതിലൂടെ വിപണയില്‍ പണലഭ്യത ഉറപ്പുവരുത്തുമെന്നും വായ്പാ വിതരണം ത്വരിതപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കര്‍ഷകര്‍ക്കും സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്കും സാധാരണക്കാര്‍ക്കും ആര്‍ബിഐയുടെ നടപടിമൂലം പ്രയോജനം ലഭിക്കുമെന്നും മോദി തന്റെ ട്വിറ്ററില്‍ പറഞ്ഞു. 

വിപണിയില്‍ പണല്യഭത ഉറപ്പുവരുത്താനുള്ള ആര്‍ബിഐയുടെ പ്രഖ്യാപനങ്ങള്‍ സൂചികകളില്‍ പ്രതിഫലിച്ചിട്ടുണ്ട്. സെന്‍സെക്‌സ് 986 പോയിന്റ് നേട്ടത്തില്‍ 31,589ലും നിഫ്റ്റി 274 പോയിന്റ് ഉയര്‍ന്ന് 9267ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1685 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 696 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 177 ഓഹരികള്‍ക്ക് മാറ്റമില്ല. 

ആക്‌സിസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ഇന്‍ഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. 

Editors Choice