• 27 May 2020
  • 02: 30 AM
Latest News arrow

ഇവര്‍ ചിരിക്കാന്‍ വേണ്ടി കൃഷി ചെയ്യുന്നവര്‍....; രാക്ഷസ മത്തന്‍ വിളയിക്കുന്നവരുടെ കഥ

''എങ്ങിനെയാണ് രാക്ഷസ മത്തങ്ങകള്‍ ഉണ്ടാകുന്നത്? എന്റെ കൃഷി കണ്ടിട്ട് ആളുകള്‍ ചോദിക്കും. അവരോട് ഞാന്‍ മൂന്ന് കാര്യങ്ങളാണ് പറയാറുള്ളത്. നല്ല വിത്ത്, നല്ല മണ്ണ്, പിന്നെ നല്ല ഭാഗ്യവും.'' ഓസ്‌ട്രേലിയയിലെ രാക്ഷസ മത്തന്‍ കൃഷി ചെയ്യുന്ന കര്‍ഷകരില്‍ ഒരാളായ ഗാരി സ്മിത്ത് പറയുന്നു. 

ഇപ്പോള്‍ രാജ്യത്ത് 100ലധികം ഏക്കറില്‍ രാക്ഷസ മത്തന്‍ കൃഷി ചെയ്യുന്നുണ്ട്. ഈ കൃഷി തങ്ങള്‍ക്ക് വലിയ സന്തോഷമാണ് തരുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. ഇവരുടെയിടയില്‍ ഒരു മത്സരം തന്നെ നടക്കുന്നുണ്ട്. ആരാണ് ഏറ്റവും തൂക്കമുള്ള മത്തന്‍ വിളയിപ്പിക്കുന്നതെന്നാണ് മത്സരം. 

ന്യൂ സൗത്ത് വെയില്‍സിലെ ക്യോഗിളില്‍ ഓരോ വര്‍ഷവും കര്‍ഷകര്‍ തങ്ങളുടെ മത്തന്‍ പ്രദര്‍ശിപ്പിക്കും. നിരവധി ആളുകളാണ് രാക്ഷസ മത്തങ്ങകളുടെ പ്രദര്‍ശനം കാണാനെത്തുന്നത്. ''അവര്‍ക്ക് രാക്ഷസ മത്തങ്ങകള്‍ കാണുന്നത് വലിയ കൗതുകമാണ്. കുട്ടികള്‍ ഈ മത്തങ്ങകളുടെ മുകളില്‍ കയറി ഇരിക്കും. തുടര്‍ന്ന് ഞങ്ങള്‍ അവയെല്ലാം തൂക്കി നോക്കും.'' ഏറ്റവും തൂക്കമുള്ള മത്തന്‍ വിളയിപ്പിച്ചതിന്റെ റെക്കോര്‍ഡുള്ള ഡെയില്‍ ഒലിവര്‍ പറയുന്നു.

ഡെയില്‍ ഒലിവറിന്റെ 743 കിലോഗ്രാമുള്ള മത്തങ്ങയുടെ പേരിലാണ് ഈ റെക്കോര്‍ഡ്.  മറ്റ് കര്‍ഷകര്‍ക്കൊന്നും ഈ റെക്കോര്‍ഡ് തിരുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. 600 കിലോഗ്രാമിന് മുകളില്‍ തൂക്കമുള്ള മത്തങ്ങള്‍ വിളയിച്ചിട്ടുണ്ടെങ്കിലും 700കിലോ മറികടക്കാന്‍ അവര്‍ക്കായിട്ടില്ല. 

രാക്ഷസ മത്തന്‍ വിളയിക്കുന്ന കര്‍ഷകരുടെ ഒരു കൂട്ടായ്മ തന്നെ ഇവിടെയുണ്ട്. ഇവര്‍ വിത്തുകളും വിദ്യകളും പരസ്പരം പങ്കുവെയ്ക്കുന്നു. പരസ്പരം സഹായിക്കാനും ഇവര്‍ക്ക് മടിയില്ല. മറ്റുള്ളവരുടെ കൃഷിയിടങ്ങളില്‍ ചെല്ലാനും വേണ്ട സഹായം ചെയ്തുകൊടുക്കാനും ഈ 'മത്സരാര്‍ത്ഥികള്‍' സന്നദ്ധരാണ്. 

ഡെയില്‍ ആണ് ഇപ്പോള്‍ എല്ലാവരുടെയും മത്സരബുദ്ധിയ്ക്ക് ഇരയാകുന്നത്. ഡെയിലിന്റെ റെക്കോര്‍ഡ് തകര്‍ക്കാനുള്ള മത്സരത്തിലാണ് ഈ സുഹൃത്തുക്കള്‍. 'ഈ വര്‍ഷം ഞങ്ങള്‍ ഡെയിലിനെ തോല്‍പ്പിക്കുമെന്ന്' ഓരോരുത്തരും വീമ്പിളക്കുന്നു. തങ്ങള്‍ക്ക് ഡ്രോണ്‍ പറപ്പിക്കാന്‍ സാധിക്കുമെങ്കില്‍ ഡെയിലിന്റെ തോട്ടത്തിന് മുകളിലൂടെ പറന്ന് വിഷം തളിക്കുമെന്നും പൊട്ടിച്ചിരിച്ചുകൊണ്ട് അവര്‍ പറയുന്നു. ഡെയിലാകട്ടെ ഈ മത്സരത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. 

മത്സരത്തിന് ശേഷം ഈ മത്തങ്ങകളെല്ലാം കന്നുകാലികള്‍ക്ക് ഭക്ഷണമായും വളമായുമാണ് ഉപയോഗിക്കുന്നത്. ഇത് മനുഷ്യര്‍ കഴിക്കാറില്ല. പിന്നെന്തുകൊണ്ട് ഇവ കൃഷി ചെയ്യുന്നുവെന്ന ചോദ്യത്തിന് അവരുടെ മറുപടി ഇതാണ്...

'' രാക്ഷസ മത്തന്‍ കൃഷി ചെയ്യുന്നത് ഭയങ്കര രസമുള്ള കാര്യമാണ്. ഞങ്ങള്‍ക്ക് ഈ കൃഷി ഒരുപാട് സന്തോഷം തരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ രാക്ഷസ മത്തന്‍ കൃഷി ചെയ്യുന്നത്.''

Editors Choice