'കൊവിഡ്-19': ദുബായില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നതിന് നിയന്ത്രണം; സാധനങ്ങൾ വാങ്ങാൻ മൂന്നുദിവസത്തിലൊരിക്കൽ മാത്രം അനുമതി

ദുബായ്: യുഎഇയില്‍ 'കൊവിഡ്-19' 60 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഏഷ്യയില്‍ നിന്നുള്ള രണ്ടു പേര് രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. ഇവര്‍ ദിവസങ്ങളായി ചികില്‍സയിലായിരുന്നു. ഇതോടെ യുഎഇയില്‍ 'കൊവിഡ്-19' മരണസംഖ്യ 35 ആയി. 'കൊവിഡ്-19' രോഗികളുടെ എണ്ണം 5,825 ആയി ഉയര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച 61 പേര്‍ക്ക് രോഗം ഭേദമായി. യുഎഇയില്‍ ദിവസവും 25,000ത്തിലേറെ പരിശോധനകളാണ് നടത്തുന്നത്.
അതിനിടെ, ദുബായില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. അണുനശീകരണം നടക്കുന്ന സാഹചര്യത്തിലാണിത്. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അഞ്ച് ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ ഇനി പുറത്തിറങ്ങാന്‍ പറ്റൂ. മെഡിക്കല്‍ വിസിറ്റ് എന്ന പേരില്‍ നല്കുന്ന അനുമതി ഇനിയുണ്ടാകില്ല. മെഡിക്കല്‍ എമര്‍ജന്‍സി വിഭാഗത്തില്‍ മാത്രമേ അനുമതി നല്‍കൂ. സാധനങ്ങള്‍ വാങ്ങുന്നതിന് മൂന്ന് ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ. ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ പെര്‍മിറ്റ് സംവിധാനത്തിൽ പ്രത്യേക സമയം നിശ്ചയിച്ചായിരിക്കും അനുമതി നല്‍കുക.
ജിസിസിയിലെ മറ്റു രാജ്യങ്ങളിലും 'കൊവിഡ്-19' രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
സൗദിയില്‍ 6,400 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 518 പേര്‍ക്ക് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. സൗദിയില്‍ നാല് പേര് കൂടി മരിച്ചു. മരിച്ചവരില്‍ രണ്ടു പേര് മക്കയിലാണ്. മദീനയിലും ജിദ്ദയിലും മരണം റിപ്പോര്‍ട്ട് ചെയ്തു. ആയിരം പേര്‍ക്ക് രോഗം ഭേദമായി. വ്യാഴാഴ്ച ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ജിദ്ദയിലാണ്. പ്രധാന നഗരങ്ങളായ ജിദ്ദയിലും റിയാദിലും മദീനയിലും രോഗികളുടെ എണ്ണം കൂടുന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. 71 പേര് ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. സൗദിയിലെ ലേബര്‍ ക്യാമ്പുകളില്‍ വൈദ്യ പരിശോധന തുടരുകയാണ്.
ഖത്തറില്‍ 392 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഖത്തറിലെ രോഗികള്‍ 4,000 കവിഞ്ഞു.
കുവൈത്തില്‍ വ്യാഴാഴ്ച 75 ഇന്ത്യക്കാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 119 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗം ബാധിച്ച ഇന്ത്യക്കാര്‍ 860 ആയി.
ഒമാനില്‍ 109 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഒമാനിലെ രോഗികളുടെ എണ്ണം ആയിരം കവിഞ്ഞു.