• 25 May 2020
  • 07: 03 PM
Latest News arrow

''സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ്-19''- ക്രിസ്തുസന്ദേശം ഉള്‍ക്കൊള്ളണമെന്നും പിണറായി

അതീവ ഗുരുതരാവസ്ഥയിലുള്ള എട്ട് വിദേശികളുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പന്ത്രണ്ട് പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാല് പേര്‍ക്ക് വീതവും കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓരോരുത്തര്‍ക്കും മലപ്പുറത്ത് രണ്ട് പേര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 11 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് കൊവിഡ് ബാധിച്ചത്. ഒരാള്‍ വിദേശത്ത് നിന്ന് വന്നയാളാണെന്നും കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് നൂറ് ദിവസം പിന്നിട്ടിരിക്കുകയാണ്.  അതീവ ഗുരുതരാവസ്ഥയിലുള്ള എട്ട് വിദേശികളുടെ ജീവന്‍ രക്ഷിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞെന്നും പിണറായി പറഞ്ഞു. രോഗികളെ സുഖപ്പെടുത്താനായിരുന്നല്ലോ ജീവിതത്തിന്റെ ഭൂരിഭാഗവും ക്രിസ്തു ഉപയോഗിച്ചത്. ഈ സന്ദേശം ഉള്‍ക്കൊണ്ട് കൊറോണ ബാധിതരെ സുഖപ്പെടുത്താന്‍ ഉപയോഗിക്കണമെന്ന് പിണറായി പറഞ്ഞു. മനസ്സുകൊണ്ട് ചേര്‍ത്ത് നിര്‍ത്തുക എന്നത് ക്രിസ്തു സ്വന്തം ജീവിതം കൊണ്ട് നല്‍കിയ സന്ദേശമാണ്. ഇത് പകര്‍ത്താന്‍ നമ്മുക്ക് കഴിയണമെന്നും പിണറായി ആഹ്വാനം ചെയ്തു.  

കൊവിഡ് ബാധിച്ച 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇതില്‍ എറണാകുളത്ത് നിന്നുള്ള ആറ് പേര്‍ ഉള്‍പ്പെടും. ഇതുവരെ 357 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 258 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതായി മുഖ്യമന്ത്രി അറിയിച്ചു. 1,36,195 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 153 പേരെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Editors Choice