• 25 May 2020
  • 08: 19 PM
Latest News arrow

കർണാടകയും ഒഡിഷയും ലോക്ക്ഡൌൺ നീട്ടുന്നു

ബംഗളൂരു: കര്‍ണാടകത്തില്‍ ലോക്ക്ഡൗണ്‍ കാലയളവ് നീട്ടാൻ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചു. എംഎല്‍എമാരുടെ ശമ്പളം കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശനിയാഴ്ച നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുകയെന്ന് യെഡിയൂരപ്പ പറഞ്ഞു. ഏപ്രിൽ 14-ന് ശേഷം രണ്ടാഴ്ച കൂടി  ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് കര്‍ണാക മന്ത്രിസഭാംഗങ്ങൾ ആവശ്യപെട്ടത്.

അതേസമയം, ചില ജില്ലകളില്‍ ലോക്ക്ഡൗണിൽ ഇളവ് നല്‍കുന്ന കാര്യവും മന്ത്രിസഭ ചര്‍ച്ച ചെയ്തു. 'കൊവിഡ്-19' ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത ജില്ലകള്‍ക്ക് ഇളവ് നല്‍കണമെന്ന അഭിപ്രായമാണ് മന്ത്രിമാര്‍ ഉന്നയിച്ചത്. വിദഗ്ധ സമിതി ബുധനാഴ്ച സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കൊറോണ ഹോട്ട് സ്‌പോര്‍ട്ട് ആയി കണ്ടെത്തിയ സ്ഥലങ്ങളില്‍ ലോക്ക്ഡൗണ്‍ തുടരണമെന്നും അല്ലാത്ത പ്രദേശങ്ങളില്‍ ഇളവ് നല്‍കണമെന്നുമാണ് സമിതിയുടെ റിപ്പോര്‍ട്ടിൽ ഉള്ളത്. രാജ്യത്തെ ആദ്യ 'കൊവിഡ്-19' മരണം റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകത്തിലെ കലബുറഗിയിലാണ്.

മൂന്ന് ഓര്‍ഡിനന്‍സുകളും വ്യാഴാഴ്ചയിലെ കർണ്ണാടക മന്ത്രിസഭാ യോഗം പാസാക്കി. ഒരു വര്‍ഷത്തേക്ക് എംഎല്‍എമാരുടെ ശമ്പളത്തില്‍ നിന്നും ആനുകൂല്യങ്ങളില്‍ നിന്നും 30 ശതമാനം വെട്ടിക്കുറയ്ക്കണമെന്ന ഓര്‍ഡിനന്‍സ് മന്ത്രിസഭ പാസാക്കി. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റും. ജിഎസ്ടി അടയ്ക്കുന്നത് ജൂണ്‍ വരെ നീട്ടുന്നതാണ് മറ്റൊരു ഓര്‍ഡിനന്‍സ്. ചില ജില്ലകളില്‍ കര്‍ഷകര്‍ക്ക് ഇളവ് പ്രഖ്യാപിക്കുന്നതാണ് മൂന്നാമത്തെ ഓര്‍ഡിനന്‍സ്.

റേഷന്‍ കാര്‍ഡില്ലാതെ തന്നെ രണ്ടു മാസം രണ്ടര ലക്ഷത്തോളം പേര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുമെന്ന് നിയമ മന്ത്രി ജെ സി മധുസ്വാമി പറഞ്ഞു.

ഒഡീഷയിലും സംസ്ഥാന സര്‍ക്കാര്‍ ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടുന്ന ആദ്യ സംസ്ഥാനം ഒഡീഷയാണ്. തീവണ്ടി, വിമാന സര്‍വീസുകള്‍ ഏപ്രില്‍ 30 വരെ ആരംഭിക്കരുതെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാറും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ഒഡീഷ മന്ത്രിസഭ ആവശ്യപ്പെട്ടു.

Editors Choice