• 25 May 2020
  • 07: 21 PM
Latest News arrow

കര്‍ണാടക അയഞ്ഞു; കാസര്‍കോട് നിന്നുള്ള മൂന്ന് ആംബുലന്‍സുകള്‍ അതിര്‍ത്തി കടന്നു

മംഗളൂരു: കേരളത്തില്‍ നിന്നും രോഗികളുമായി മൂന്ന് ആംബുലന്‍സുകള്‍ ദക്ഷിണ കര്‍ണാടകയില്‍ പ്രവേശിച്ചു. സുപ്രീംകോടതി ഉത്തരവ് വന്നതിന് ശേഷം അടിയന്തരവൈദ്യസഹായം വേണ്ട രോഗികളെ കടത്തിവിടാന്‍ കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണിത്. ദേശീയ പാത 66 ലുള്ള തലപ്പാടി ചെക്ക് പോസ്റ്റിലൂടെയാണ് ആംബുലന്‍സുകള്‍ മംഗലാപുരത്തേയ്ക്ക് പോയത്. 

ചരക്ക് വാഹനങ്ങളിലെ ആളുകളെ പരിശോധിക്കാന്‍ ജില്ലാ ഭരണകൂടം ഒരു മെഡിക്കല്‍ സംഘത്തെ ചെക്ക് പോസ്റ്റില്‍ നിയമിച്ചിട്ടുണ്ടായിരുന്നു. ഈ സംഘത്തെക്കൂടാതെ മറ്റൊരു സംഘത്തെയും ചെക്ക് പോസ്റ്റില്‍ പുതിയതായി നിയമിച്ചിട്ടുണ്ട്. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും അടങ്ങുന്ന സംഘത്തെ സഹായിക്കാന്‍ പൊലീസുകാരും സജ്ജരാണ്.

ഇവര്‍ രോഗികളുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുന്നതിന് പുറമേ, രോഗികളില്‍ കൊവിഡ് ലക്ഷണങ്ങളുണ്ടോയെന്നും പരിശോധിക്കും. കൊവിഡ് ലക്ഷണങ്ങളുള്ളവരെ കടത്തിവിടേണ്ടെന്നാണ് സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. രോഗികളെ ചികിത്സിയ്ക്കാന്‍ കാസര്‍കോട് സൗകര്യമില്ലെന്ന്, കാസര്‍കോടുള്ള സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് അതിര്‍ത്തിയില്‍ കാണിക്കേണ്ടത്. ആംബുലന്‍സില്‍ ഡ്രൈവറെ കൂടാതെ ഒരു രോഗിയും ഒരു സഹായിയും, ഒരു ആരോഗ്യപ്രവര്‍ത്തകനും മാത്രമേ പാടുള്ളൂവെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

രോഗികളുമായെത്തിയ മൂന്ന് ആംബുലന്‍സുകളും കെഎസ് ഹെഗ്‌ഡെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് പോയത്. മംഗളൂരു നഗരത്തില്‍ പ്രവേശിപ്പിക്കാതെ ദരളക്കാട്ടുള്ള ഈ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. 

Editors Choice