• 25 May 2020
  • 08: 48 PM
Latest News arrow

ഈ വര്‍ഷത്തെ തൃശൂര്‍ പൂരം ചടങ്ങുകൾ മാത്രമാകും

തൃശൂര്‍: 'കൊവിഡ്-19' വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ തൃശൂര്‍ പൂരം ചടങ്ങുകളില്‍ മാത്രം ഒതുങ്ങിയേക്കുമെന്ന് സൂചന. മെയ് മാസം രണ്ടിനാണ് പൂരം നടക്കേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ലക്ഷക്കണക്കിന് ആളുകൾ കൂടുന്ന പൂരം നടത്താൻ കഴിയില്ലെന്ന് പൂരം കമ്മിറ്റി കരുതുന്നു. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ അടുത്ത ദിവസങ്ങളില്‍ വിവിധ ദേവസ്വം ബോര്‍ഡുകള്‍ യോഗം ചേരും. കൊച്ചിന്‍ ദേവസ്വം, തിരുവമ്പാടി ദേവസ്വം, പാറമേക്കാവ് ദേവസ്വം എന്നിവയുടെ അധികൃതർ വിശദമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും പൂരം നടത്തിപ്പിനെക്കുറിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. ലക്ഷകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പൂരം ഇത്തവണ സാധാരണ ഗതിയില്‍ നടത്തുകയാണെങ്കില്‍ അത് 'കൊവിഡ്-19' പ്രതിരോധ പ്രവത്തനങ്ങള്‍ക്ക് തിരിച്ചടിയാവും.

നിലവിലെ സാഹചര്യത്തില്‍ പൂരം നടത്തുകയെന്നത് സാധ്യമായ കാര്യമല്ലെന്നും ഇത്തവണത്തെ പൂരം ചെറിയ ചടങ്ങുകളില്‍ ഒതുങ്ങുമെന്നും തിരുവമ്പാടി ദേവസ്വം പ്രസിഡണ്ട് പി ചന്ദ്രശേഖരന്‍ വ്യക്തമാക്കി. ആറാട്ടുപുഴ പൂരം വളരെ ലളിതമായാണ് നടത്തിയത്. വേണമെങ്കില്‍ അതേ രീതി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെല്ലാം നേരത്തെതന്നെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ക്ഷേത്രോത്സവങ്ങളെല്ലാം ചടങ്ങുകള്‍ മാത്രമായി നടത്താനായിരുന്നു തീരുമാനം. ശബരിമല-ഗുരുവായൂർ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും ചടങ്ങുകള്‍ മാത്രമായി നടത്തിയിരുന്നു. ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് കൈയ്യുറയും മാസ്‌കും നല്‍കുമെന്നും ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

Editors Choice