• 27 May 2020
  • 08: 34 AM
Latest News arrow

''മോദി ഉഗ്രനാണ്, ഈ സഹായം മറക്കില്ല''- മലേറിയ മരുന്നിന്റെ കയറ്റുമതി അനുവദിച്ചതിന് നന്ദിയുമായി ട്രംപ്

വാഷിങ്ടണ്‍: ഹൈഡ്രോക്‌സിക്ലോറോക്വിന്റെ കയറ്റുമതിയ്ക്ക് അനുമതി നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. തങ്ങളുടെ ആവശ്യം അനുവദിച്ച് തന്നതിന് മോദിയ്ക്ക് നന്ദി പറയുന്നു, "അദ്ദേഹം ഉഗ്രനാണ്..." എന്നാണ് വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പുകഴ്ത്തിയത്. മോദി അതിശക്തനായ നേതാവാണെന്നും ഈ പ്രതിസന്ധിയില്‍ ഇന്ത്യ ചെയ്തുതന്ന സഹായം മറക്കില്ലെന്നും ട്രംപ് ട്വിറ്ററില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്. 

കൊവിഡ്-19 രോഗം ഏറ്റവും രൂക്ഷമായ രാജ്യമാണ് അമേരിക്ക. 4.3 ലക്ഷം ആളുകളാണ് ഇവിടെ കൊവിഡ് ബാധിതരായിട്ടുള്ളത്. 14,600 പേര്‍ മരിക്കുകയും ചെയ്തു. ശാസ്ത്രലോകം കൊറോണ വൈറസിനെതിരായുള്ള വാക്‌സിന്‍ കണ്ടുപിടിയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. അതുവരെ രോഗത്തെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമെന്ന് കണ്ടെത്തിയ മരുന്നാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഈ മരുന്ന് അംഗീകരിക്കുകയും ന്യൂയോര്‍ക്കിലെ 1,500 കൊവിഡ് രോഗികളില്‍ പ്രയോഗിക്കുകയും ചെയ്തിരുന്നു. ഇത് ഫലപ്രദമാണെന്ന് കണ്ടതോടെയാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്റെ 30 മില്യണ്‍ ഡോസ് വാങ്ങാന്‍ അമേരിക്കന്‍ പ്രസിഡന്റ് തീരുമാനിച്ചത്. 

ഹൈഡ്രോക്‌സിക്ലോറോക്വിന്റെ പ്രധാന ഉല്‍പാദകരാണ് ഇന്ത്യ. ലോകത്തെ മൊത്തം ഉല്‍പാദനത്തിന്റെ 70 ശതമാനവും ഇന്ത്യയിലാണ്. മലേറിയ രോഗത്തിനെതിരായ ഈ മരുന്ന് കയറ്റുമതി ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് ട്രംപ് ആവശ്യപ്പെട്ടുണ്ടായിരുന്നു. തുടര്‍ന്ന് കയറ്റുമതിയ്‌ക്കേര്‍പ്പെടുത്തിയ വിലക്ക് ഇന്ത്യ നീക്കം ചെയ്തു. ഗുജറാത്തിലെ മൂന്ന് മരുന്ന് കമ്പനികള്‍ ഈ മരുന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യും.  

Editors Choice