• 27 May 2020
  • 08: 05 AM
Latest News arrow

രാജ്യത്ത് കൊവിഡ് ബാധിതര്‍ 5274; ലോകമാകെ 15 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ്‌

മുംബൈ: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 5274 ആയി. ഇതുവരെ 149 പേരാണ് രോഗബാധിതരായി മരണമടഞ്ഞത്. അതേസമയം 411 പേര്‍ രോഗമുക്തരായിട്ടുമുണ്ട്. 

ലോകമാകെ 15 ലക്ഷത്തിലധികം പേര്‍ കൊറോണ ബാധിതരായിട്ടുണ്ട്. രോഗം ബാധിച്ചവരില്‍ മൂന്നേകാല്‍ ലക്ഷം പേര്‍ രോഗമുക്തി നേടിയപ്പോള്‍ 88,000 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് അമേരിക്കയിലാണ്. 

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ 1135 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 117 പേര്‍ രോഗബാധിതരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 8 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതില്‍ അഞ്ചും മുംബൈയിലാണ്. മുംബൈയില്‍ 700ലധികം കൊവിഡ് രോഗികളുണ്ട്. മുംബൈയ്ക്ക് പിന്നാലെ പൂണെയിലും മാസ്‌ക് ധരിക്കാത്തത് കുറ്റകരമാക്കിയിട്ടുണ്ട്. 

തമിഴ്‌നാട്ടിലും 700ലധികം പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 48 പേരില്‍ 42 പേരും നിസ്സാമുദ്ദീനില്‍ നിന്ന് തിരിച്ചെത്തിയവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്. ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച ചെന്നൈയില്‍ 156 പേരാണ് കൊവിഡ് ബാധിതര്‍. ഇതോടെ നഗരത്തിലെ 67 സ്ഥലങ്ങള്‍ രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു. ചെന്നൈയില്‍ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് ഡോക്ടര്‍മാരുടെ സഹപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. 

കര്‍ണാടകയില്‍ 5 പേരും കൊവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ ആറ് പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതരില്ലാത്ത പന്ത്രണ്ട് ജില്ലകളില്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് ആലോചിക്കുന്നതായി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു. എന്നാല്‍ കേന്ദ്ര നിര്‍ദേശം അനുസരിച്ച് മാത്രമേ തീരുമാനം കൈക്കൊള്ളൂ. തെലങ്കാനയില്‍ 49 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദില്‍ മാത്രം 200ലധികം കൊവിഡ് രോഗികളാണുള്ളത്.

Editors Choice