• 27 May 2020
  • 09: 11 AM
Latest News arrow

കൊവിഡ്-19: "ഒരു രാജ്യം തകര്‍ന്നാല്‍ മറ്റ് രാജ്യങ്ങളെല്ലാം തകരും; ഇന്ത്യയില്‍ 40 കോടി ജനങ്ങള്‍ പട്ടിണിയിലാകും"- യുഎന്‍ റിപ്പോര്‍ട്ട്

കൊവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ അസംഘടിത തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്ന 40 കോടി ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് യുഎൻ ഏജൻസിയായ അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐഎല്‍ഒ). കടുത്ത ദാരിദ്ര്യത്തിലേക്ക് ജനങ്ങള്‍ കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് രോഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആസന്നഭാവിയില്‍ 19.5 കോടി ജനങ്ങള്‍ക്ക് മുഴുവന്‍ സമയ തൊഴില്‍ നഷ്ടമാകും. കൊവിഡ് പടര്‍ന്ന് പിടിച്ച പശ്ചാത്തലത്തില്‍ ഐഎല്‍ഒ ഇറക്കിയ രണ്ടാമത്തെ വിശകലന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകത്തെ മുഴുവന്‍ മോശമായി ബാധിച്ചിരിക്കുന്ന പ്രതിസന്ധിയാണ് കൊവിഡ് മഹാമാരിയെന്നും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു. 

''വികസിത-അവികസിത രാജ്യങ്ങളിലെ തൊഴിലാളികളും വ്യാപാരികളും മഹാദുരന്തത്തെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അടിയന്തര നടപടികള്‍ കൈക്കൊള്ളേണ്ട സ്ഥിതിയിലാണ് നമ്മളിപ്പോള്‍. അതിജീവനത്തിന്റെയും സമ്പൂര്‍ണനാശത്തിന്റെയും ഇടയില്‍ കഷ്ടപ്പെടുകയാണ്.'' ഐഎല്‍ഒ ഡയറക്ടര്‍ ജനറല്‍ ഗൈ റൈഡര്‍ പറഞ്ഞു. 

ഇന്ത്യയില്‍ 90 ശതമാനം തൊഴിലാളികളും അസംഘടിത മേഖലയിലാണുള്ളത്. കൊവിഡിനെ വിവിധ സര്‍ക്കാരുകള്‍ പ്രതിരോധിക്കുന്നതിന്റെ തോത് കണക്കിലെടുത്ത് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല തയ്യാറാക്കിയ പട്ടികയില്‍ ഇന്ത്യയാണ് മുന്നില്‍. രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതാണ് ഇതിന് കാരണം. എന്നാല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ രാജ്യത്തെ 40 കോടി ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്ന് ഐഎല്‍ഒ വിലയിരുത്തുന്നു. 

കഴിഞ്ഞ 75 വര്‍ഷത്തിനിടെയുണ്ടാകാത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടന നേരിടുന്നത്. ഒരു രാജ്യം തകര്‍ന്നാല്‍ മറ്റ് രാജ്യങ്ങളെല്ലാം തകരും എന്ന സ്ഥിതിയാണ്. കൃത്യമായ നടപടികളിലൂടെ ഈ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും ഐഎല്‍ഒ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. 

Editors Choice