• 25 May 2020
  • 06: 51 PM
Latest News arrow

''ഞങ്ങളുടെ തെറ്റുകള്‍ നിങ്ങള്‍ ആവര്‍ത്തിക്കരുത്''; മൂന്ന് മാസം ലോക്ക് ഡൗണിലായിരുന്ന വുഹാനിലെ ജനങ്ങള്‍ക്ക് പറയാനുള്ളത്

കൊവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ ലോക്ക് ഡൗണ്‍ നീക്കിയിരിക്കുകയാണ്. മൂന്ന് മാസം വീടുകളില്‍ അടച്ചുപൂട്ടി കഴിഞ്ഞിരുന്ന ജനങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ വെള്ളിവെളിച്ചം കണ്ടു. ലോകം ലോക്ക് ഡൗണിലേക്ക് പോകുമ്പോഴാണ് ചൈനയിലെ വുഹാന്‍ നഗരം ലോക്ക് ഡൗണില്‍ നിന്ന് മുക്തയാകുന്നത്. 1 കോടി പത്ത് ലക്ഷം ആളുകള്‍ മൂന്ന് മാസമായി ഈ നഗരത്തിലെ വീടുകള്‍ക്കുള്ളില്‍ പുറത്തിറങ്ങാന്‍ സാധിക്കാതെ കഴിച്ചുകൂട്ടുകയായിരുന്നു. 

''ലോകം വുഹാനില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണം. എങ്കില്‍ ആളുകള്‍ക്ക് തങ്ങളുടെ ജീവന്‍ ത്യജിക്കേണ്ടി വരില്ല. ഞങ്ങള്‍ ചെയ്ത തെറ്റുകളില്‍ നിന്നും നിങ്ങള്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളണം.'' വുഹാനിലെ ജനങ്ങള്‍ ലോകത്തോട് പറയുന്നു.

''ലോക്ക് ഡൗണ്‍ കാലം ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാകാത്തതും അസ്വസ്ഥയുളവാക്കുന്നതുമാണ്. പുറകോട്ട് നോക്കുമ്പോള്‍ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാസങ്ങളാണ് കടന്നുപോയത്. ലോക്ക് ഡൗണ്‍ ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ഒരു ത്യാഗമാണെന്ന് പറയുന്നതിനേക്കാള്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി കൊവിഡ് മഹാമാരിയെ നേരിടുകയായിരുന്നുവെന്ന് പറയാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. വീടുകളില്‍ അടച്ചുപൂട്ടിയിരുന്ന എല്ലാവരും ഈ യുദ്ധത്തില്‍ പങ്കാളികളാണ്. 

ആദ്യമൊന്നും ലോക്ക് ഡൗണിനെ ഞങ്ങള്‍ അത്ര ഗൗരവമായി കണ്ടിരുന്നില്ല. എന്നാല്‍ പിന്നീട് സ്ഥിതിഗതികള്‍ മാറി. സാധനങ്ങള്‍ കിട്ടാതായി. ഡോക്ടര്‍മാരും നഴ്‌സുമാരും ഓണ്‍ലൈനില്‍ വന്ന് മെഡിക്കല്‍ സാധനങ്ങള്‍ക്കായി കെഞ്ചുന്ന അവസ്ഥ വരെ വന്നു. രോഗികള്‍ക്ക് കിടക്കകള്‍ ഇല്ലാതായി. തങ്ങള്‍ക്ക് ശരിയായ ചികിത്സ കിട്ടുന്നില്ലെന്ന് അവര്‍ പരാതിപ്പെടാന്‍ തുടങ്ങി. എന്നാല്‍ പിന്നീട് മെഡിക്കല്‍ സാധനങ്ങളുടെ വിതരണം ആരംഭിച്ചു. രാജ്യത്തെ പലയിടങ്ങളില്‍ നിന്നും വൈദ്യസംഘങ്ങള്‍ എത്തി. ഇതോടെ പുതിയ കേസുകളുടെ എണ്ണം കുറഞ്ഞു. 

ജനുവരിയിലും ഫെബ്രുവരിയിലും വുഹാനില്‍ സംഭവിച്ചുകൊണ്ടിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ലോകത്തെ മറ്റു രാജ്യങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. അവിടെയുള്ള ജനങ്ങള്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസികാവസ്ഥ ഞങ്ങള്‍ക്ക് കൃത്യമായി മനസ്സിലാകും. നിങ്ങള്‍ വലിയ നിരാശയിലേക്കും ഉത്കണ്ഠയിലേക്കും പോകുന്നുണ്ടാകും. അത് തികച്ചും സാധാരണമാണ്. ലോക്ക് ഡൗണ്‍ എന്ന് വെച്ചാല്‍ നിങ്ങളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്ന ഒന്നല്ല. മഹാമാരിയ്‌ക്കെതിരെ ശാസ്ത്രീയമായി പോരാടുന്നതാണ്. എങ്കില്‍ മാത്രമേ നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങള്‍ക്ക് പൂര്‍ണമായും തിരിച്ചുകിട്ടൂ. വുഹാനില്‍ നിന്ന് ജനങ്ങള്‍ പഠിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ലോകം മുഴുവന്‍ കൊവിഡ് മഹാമാരിയില്‍ നിന്ന് മോചിക്കപ്പെട്ടാലെ ഞങ്ങള്‍ക്ക് പൂര്‍ണമായും സന്തോഷം കൈവരൂ.'' വുഹാനിലെ ജനങ്ങള്‍ പറയുന്നു. 

ഈ വര്‍ഷം ജനുവരി 23 നാണ് വുഹാനില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. 2019 നവംബര്‍ 17 ന് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് രണ്ട് മാസങ്ങള്‍ക്ക് ശേഷമായിരുന്നു ലോക്ക് ഡൗണ്‍ പ്രഖ്യാപനം. വുഹാനോടൊപ്പം സമീപ നഗരങ്ങളും ലോക്ക് ഡൗണിലായതോടെ 5 കോടി 60 ലക്ഷം ആളുകളാണ് വീടുകള്‍ക്കുള്ളില്‍ പുറത്തിറങ്ങാനാകാതെ കഴിഞ്ഞത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ചൈനയിലെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച ചൈനയില്‍ ഒരു കൊവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തില്ല. ഇതോടെയാണ് ചൈനീസ് ഭരണകൂടം ലോക്ക് ഡൗണ്‍ നീക്കാന്‍ തീരുമാനിച്ചത്.

ലോക്ക് ഡൗണ്‍ നീക്കിയതിനാല്‍ ഇനി വുഹാനിലെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കും. എന്നാല്‍ അവര്‍ അധികൃതരെ മൊബൈല്‍ ഫോണ്‍ ആപ്പിലുടെയുള്ള തങ്ങളുടെ ആരോഗ്യ റിപ്പോര്‍ട്ട് കാണിക്കണം. ഇത്തരത്തില്‍ കൊവിഡ് രോഗമില്ലാത്തവരെന്ന് ഉറപ്പ് വരുത്തിയാല്‍ മാത്രമേ, സ്വതന്ത്ര്യ സഞ്ചാരം ജനങ്ങള്‍ക്ക് അനുവദിക്കൂ. രോഗമുള്ളവരും രോഗികളുമായി അടുത്തിടപഴകുന്നവരും ക്വാറന്റൈനില്‍ തന്നെ കഴിയണമെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്. സ്‌കൂളുകളും കോളേജുകളൊന്നും തന്നെ തുറക്കില്ല. നഗരത്തില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനുള്ള ശക്തമായ ജാഗ്രത ആരോഗ്യ വിദഗ്ധരുടെ ഭാഗത്ത് നിന്നുമുണ്ടാവുകയും ചെയ്യും.

 

 

Editors Choice