നാടക-ചലച്ചിത്ര നടൻ ശശി കലിംഗ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ നാടക-ചലച്ചിത്ര നടൻ ശശി കലിംഗ അന്തരിച്ചു. 59 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. രോഗബാധിതനായി ചികിത്സയിലായിരുന്നു. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്.
ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ചു. 500-ലധികം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അമ്മാവനായ വിക്രമൻ നായരുടെ ‘സ്റ്റേജ് ഇന്ത്യ’ നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ 'സാക്ഷാത്കാര'ത്തിലാണ് ആദ്യമായി അഭിനയിച്ചത്. 1998-ലാണ് സിനിമയിൽ അഭിനയിക്കുന്നത്. 'തകരച്ചെണ്ട' എന്ന സിനിമയിലൂടെ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം. എന്നാൽ കഥാപത്രം വേണ്ടത്ര ശ്രദ്ധ നേടിയില്ല. തുടർന്ന് നാടകരംഗത്തേക്ക് തന്നെ മടങ്ങി. പിന്നീട് രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരിമാണിക്യം-ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിൽ സജീവമായി. രഞ്ജിത്തായിരുന്നു നാടകട്രൂപ്പിന്റെ പേരായ 'കലിംഗ' പേരിനൊപ്പം ചേർത്തത്. തുടർന്ന് 'പ്രാഞ്ചിയേട്ടന് ആന്‍ഡ് ദ് സെയിന്റ്', 'കേരള കഫേ', 'വെള്ളിമൂങ്ങ', 'ആമേന്‍', 'ഇന്ത്യന്‍ റുപ്പീ', 'ആദാമിന്റെ മകന് അബു' തുടങ്ങി നിരവധി സിനിമകളിൽ മികച്ച കഥാപാത്രങ്ങളായി അഭിനയിച്ചു. സഹദേവൻ ഇയ്യക്കാട് സംവിധാനംചെയ്ത 'ഹലോ ഇന്ന് ഒന്നാം തിയ്യതിയാണ്' എന്ന സിനിമയിൽ നായകനുമായി. 2019ല്‍ റിലീസ് ചെയ്ത 'കുട്ടിമാമ'യിലാണ് അവസാനം അഭിനയിച്ചത്.
നിരവധി ടെലിവിഷൻ സീരിയലുകളിലും ഏഷ്യാനെറ്റ് ന്യൂസിന്റെ 'മുൻഷി' എന്ന പരമ്പരയിലും അഭിനയിച്ചിട്ടുണ്ട്.
കോഴിക്കോട് കുന്നമംഗലത്ത് ചന്ദ്രശേഖരന് നായരുടെയും സുകുമാരി അമ്മയുടെയും മകനാണ് കലിംഗ ശശി. പ്രഭാവതിയാണ് ഭാര്യ. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കുന്ദമംഗലം പിലാശ്ശേരിയിലെ വീട്ടുവളപ്പിൽ.