• 03 Feb 2023
  • 09: 20 PM
Latest News arrow

അർജ്ജുനൻ മാസ്റ്റർ ഓർമ്മയായി; വിട വാങ്ങിയത് മെലഡികളുടെ തമ്പുരാൻ

കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ അര്‍ജ്ജുനന്‍ (84) എന്ന അർജ്ജുനൻ മാസ്റ്റർ അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ 'പാർവ്വതി മന്ദിരം' വീട്ടിൽ തിങ്കളാഴ്ച പുലര്‍ച്ചെ 3.30-ഓടെയായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യയ്ക്കാണ് തിരശീല വീണത്. മലയാള സിനിമാ സംഗീത ലോകത്തിന് അനശ്വരങ്ങളായ നിരവധി ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് എം.കെ.അർജുനൻ. ഇരുനൂറിലധികം സിനിമകളിലായി ആയിരത്തിലധികം  ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. മുന്നൂറോളം നാടകങ്ങളിലായി എണ്ണൂറോളം നാടകഗാനങ്ങളും ഒരുക്കി.

1936 മാർച്ച് 1–ന് ഫോർട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും  പതിനാലു മക്കളിൽ ഏറ്റവും ഇളയവനായാണ് അർജ്ജുനൻ ജനിക്കുന്നത്. അർജ്ജുനന് ആറ്മാസം പ്രായമുള്ളപ്പോൾ അച്ഛൻ  മരിച്ചു. ദാരിദ്ര്യവും വീട്ടിലെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം അർജ്ജുനനേയും അദ്ദേഹത്തിന്റെ ജേഷ്ഠൻ പ്രഭാകരനേയും അമ്മ പാറു പഴനിയിലെ ജീവകാരുണ്യ ആനന്ദാശ്രമത്തിൽ അയച്ചു. അവിടെ വെച്ച് ആശ്രമാധിപനായ നാരായണസ്വാമിയാണ് അർജ്ജുനന്റെ സർഗ്ഗശേഷി തിരിച്ചറിഞ്ഞത്. നാരായണസ്വാമി എർപ്പെടുത്തിയ സംഗീതാധ്യാപകന്റെ കീഴിൽ ഏഴ് വർഷം അർജ്ജുനൻ സംഗീതം  അഭ്യസിച്ചു. പഴനിയിലെ ആശ്രമത്തിൽ അന്തേവാസികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ഫോർട്ടുകൊച്ചിയിലേയ്ക്ക് തിരിച്ചുവന്നു. സംഗീതകച്ചേരികൾ നടത്തിയും കൂലിവേല ചെയ്തുമായിരുന്നു കൗമാരം കഴിഞ്ഞത്. സംഗീതപഠനം തുടരണമെന്ന് അർജ്ജുനന് മോഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം അതിനു കഴിഞ്ഞില്ല. അതിനിടെ , മറ്റൊരാൾക്ക് പകരക്കാരനായാണ് അർജ്ജുനൻ ആദ്യമായി നാടകത്തിന് സംഗീതം പകരുന്നത്. അങ്ങനെ 'പള്ളിക്കുറ്റം' എന്ന നാടകത്തിന് സംഗീതം പകർന്നുകൊണ്ട് എം കെ അർജ്ജുനൻ മാസ്റ്റർ തന്റെ സംഗീതസപര്യ ആരംഭിച്ചു. തുടർന്ന്  'കുറ്റം പള്ളിക്ക്' എന്ന നാടകത്തിനും സംഗീതം പകർന്നു.

അതിന് ശേഷം ചങ്ങനാശ്ശേരി ഗീത, പീപ്പിൾസ് തിയറ്റർ, ദേശാഭിമാനി തിയറ്റേഴ്‌സ്, ആലപ്പി തിയറ്റേഴ്‌സ്, കാളിദാസ കലാകേന്ദ്രം, കെ.പി.എ.സി തുടങ്ങിയ നാടക സമിതികളിൽ അദ്ദേഹം പ്രവർത്തിച്ചു. 300 ഓളം നാടകങ്ങളിലായി ഏകദേശം 800 ഓളം ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചു.

നാടകഗാനങ്ങള്‍ ഒരുക്കി സംഗീതലോകത്ത് മുന്നേറവെ, ദേവരാജൻ മാസ്റ്ററുമായി പരിചയപ്പെടുന്നതോടെയാണ് അർജ്ജുനൻ മാസ്റ്ററിന്റെ ജീവിതത്തിലെ മറ്റൊരു അധ്യായം തുടങ്ങുന്നത്. ദേവരാജൻ മാഷിനു വേണ്ടി നിരവധി ഗാനങ്ങൾക്ക് അദ്ദേഹം ഹാർമോണിയം വായിച്ചു.

അങ്ങനെ, മുപ്പത്തിരണ്ടാം വയസ്സിൽ, 1968-ല്‍ 'കറുത്ത പൗര്‍ണമി' എന്ന ചിത്രത്തിന് സംഗീതം ഒരുക്കി സ്വതന്ത്ര സംഗീത സംവിധായകനായി സിനിമയില്‍ അരങ്ങേറി. 'മാനത്തിന്‍ മുറ്റത്ത് മഴവില്ലാല്‍ അഴകെട്ടി....' എന്ന 'കറുത്ത പൗര്‍ണമി'യിലെ ഗാനം ഹിറ്റായതോടെ മലയാളികളുടെ മനസ്സിലും മാസ്റ്റർ ചേക്കേറി. അദ്ദേഹത്തിന്റെ 'കസ്തൂരി  മണക്കുന്നല്ലോ കാറ്റേ...', 'തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി...', 'നീല നിശീഥിനീ...',  'ചെട്ടികുളങ്ങര ഭരണിനാളില്‍....' തുടങ്ങിയ പാട്ടുകളെല്ലാം ഇന്നും മലയാളി മൂളി നടക്കുന്നു.

പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ ആദ്യമായി കീബോര്‍ഡ് വായിച്ചത് എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് കീഴിലായിരുന്നു. എ.ആര്‍ റഹ്മാന്റെ പിതാവ് ആർ.കെ ശേഖർ, ദേവരാജന്‍ മാസ്റ്റര്‍, വയലാര്‍, പി. ഭാസ്‌കരന്‍, ഒ.എന്‍.വി എന്നിങ്ങനെ മലയാള ചലച്ചിത്ര ഗാനശാഖയിലെ കുലപതികള്‍ക്കെല്ലാം ഒപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു.

അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ 'റസ്റ്റ് ഹൗസ്' എന്ന ചിത്രത്തിലെ 'പൗര്‍ണമി ചന്ദ്രിക തൊട്ടുവിളിച്ചു...', 'മുത്തിലും മുത്തായ...', 'പാടാത്ത വീണയും പാടും...', 'യമുനേ യദുകുല 'രതിദേവനെവിടെ...', എന്നിങ്ങനെ ഹിറ്റുകളാണ് പിറന്നത്. 1975 ല്‍ പുറത്തിറങ്ങിയ 'പിക്‌നിക്ക്' എന്ന ചിത്രത്തിലെ 'വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി...' എന്ന പാട്ട് ഇന്നും ജനമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. അര്‍ജുനന്‍ മാഷ് ചിട്ടപ്പെടുത്തിയ 'ചെമ്പകത്തൈകള്‍ പൂത്താല്‍' എന്ന ഗാനം മലയാള സിനിമയിലെ മികച്ച പ്രണയഗാനങ്ങളില്‍ ഒന്നാണ്.

ശ്രീകുമാരന്‍ തമ്പി-എം.കെ അര്‍ജുനന്‍ മാഷ് ടീമിന്റെ കൂട്ടായ്മയില്‍ പിറന്നത് മലയാളത്തിന് എക്കാലവും ഓര്‍മ്മിക്കാവുന്ന സുന്ദരഗാനങ്ങളാണ്. 'പാടാത്ത വീണയും പാടും...', 'വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി...', 'ചെമ്പകത്തൈകള്‍ പൂത്ത...', 'പാലരുവി കരയില്‍ പഞ്ചമി വിടരും പടവില്‍...', 'മല്ലികപ്പൂവിന്‍ മധുരഗന്ധം...', 'ആ തൃസന്ധ്യ തന്‍ അനഘമുദ്രകള്‍...', 'ആയിരം അജന്താ ചിത്രങ്ങളെ...', 'സൂര്യകാന്തിപ്പൂ ചിരിച്ചു...', 'സിന്ധൂരം തുടിക്കുന്ന തിരുനെറ്റിയില്‍...', 'ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ...' എന്നിങ്ങനെ മെലഡി ഹിറ്റുകൾ ഇരുവരും നൽകി.

ജയരാജ് സംവിധാനം ചെയ്ത 'ഭയാനകം' (2017) എന്ന ചിത്രത്തിലെ 'എന്നെ നോക്കി....' എന്ന ഗാനത്തിന് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. നാടകത്തിലെ മികച്ച സംഗീത സംവിധാനത്തിനുള്ള ബഹുമതി പതിനഞ്ചോളം തവണ ലഭിച്ച അര്‍ജുനന്‍ മാഷിന് സിനിമയുടെ പേരില്‍ ഒരു അംഗീകാരം ലഭിക്കാന്‍ 2017 വരെ കാക്കേണ്ടി വന്നു.

എന്നാൽ, അംഗീകാരങ്ങള്‍ ലഭിക്കാത്തതില്‍ ഒരു പരിഭവവും അദ്ദേഹം ഒരിക്കലും പ്രകടിപ്പിച്ചില്ല. സാത്വികനും ശുദ്ധനുമായ മനുഷ്യനായിട്ടാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എല്ലാം അദ്ദേഹത്തെ  ഓര്‍ക്കുന്നത്. "ആളുകള്‍ നമ്മുടെ പാട്ടു കേള്‍ക്കുക എന്നതാണ് പ്രധാനം. ചെയ്ത പാട്ട് ആരും കേള്‍ക്കാതെ പോയാല്‍ സങ്കടം തോന്നും..." എന്നാണ് സിനിമയില്‍ പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതിനെ കുറിച്ച് ഒരിക്കല്‍ മാഷ് പറഞ്ഞത്.

എം.കെ. അർജുനൻ മാസ്റ്ററുടെ  മൃതദേഹം പള്ളുരുത്തി പൊതു ശ്മശാനത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. 'കൊവിഡ്-19' വിലക്കുകളുടെ പശ്ചാത്തലത്തിൽ ഇരുപതോളം ആളുകൾ മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. പോലീസിന്റെ ഗാർഡ് ഓഫ് ഓണർ നടന്നു. മൂത്തമകൻ അശോകൻ ചിതയ്ക്ക് തീ കൊളുത്തി.

ഭാര്യ: ഭാരതിയമ്മ. മക്കൾ: അശോകൻ, ലേഖ, നിമ്മി, കല, അനിൽ. മരുമക്കൾ: സുഗന്ധി, ഡോ. മോഹൻദാസ്, അംബുജാക്ഷൻ, ഷൈൻ, റോണി.