'കൊവിഡ്-19': യുഎഇയിൽ കർശന നിയന്ത്രണം; കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടി; രണ്ടാഴ്ച പുറത്തിറങ്ങരുത്; ദുബായ് മെട്രോയും ട്രാമും അടച്ചു

ദുബായ്: ആഗോളവ്യാപകമായി 'കൊവിഡ്-19' പടരുന്ന പശ്ചാത്തലത്തിൽ യുഎഇ കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി. മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 5 വരെ യുഎഇയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇതാണ് അനിശ്ചിത കാലത്തേക്ക് നീട്ടിയത്. കൊവിഡിനെ തടയാന്‍ ദുബായ് മെട്രോയും ട്രാമും അടച്ചിടുകയാണ്.
തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ചത്തെ യാത്രാ വിലക്ക് യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ രണ്ടാഴ്ചക്കാലം അത്യാവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങരുത്. ഈ രണ്ടാഴ്ചക്കാലം അണുനശീകരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. തെരുവുകള്‍, പാര്‍ക്കുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവയിലാണ് 8 മണി മുതല്‍ 6 മണി വരെ അണുനശീകരണം നടത്തുക.
'കൊവിഡ്-19' വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുബായ് മെട്രോയും ട്രാമും ഞായറാഴ്ച മുതൽ സര്‍വ്വീസ് നിര്‍ത്തി വെക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവ സര്‍വ്വീസ് നടത്തില്ല. ദുബായ് മെട്രോയുടെ റെഡ്, ഗ്രീന്‍ അടക്കം എല്ലാ ലൈനുകളും സ്റ്റേഷനുകളും അടച്ചിടും. അതേസമയം ബസ് സര്‍വ്വീസുകള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിച്ചേക്കും.
യുഎഇയില്‍ ഇതുവരെ ആയിരത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ശനിയാഴ്ച മാത്രം 241 പേര്‍ക്ക് കൊവിഡ് കണ്ടെത്തി. ഒരു മരണവും സംഭവിച്ചു. ഇതോടെ 'കൊവിഡ്-19' ബാധിച്ച് യുഎഇയില്‍ മരണപ്പെട്ടവരുടെ എണ്ണം പത്ത് ആയി. 'കൊവിഡ്-19' ബാധിച്ച രോഗികളുടെ എണ്ണം 1,505 ആയി. ഇതുവരെ യുഎഇയില്‍ 125 പേര്‍ക്ക് കൊവിഡ് ഭേദമായിട്ടുണ്ട്.
സൗദി അറേബ്യയില്‍ ജിദ്ദയ്ക്ക് സമീപമുളള പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒപ്പം 7 നഗരങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ രാവിലെ 6 മുതല്‍ വൈകിട്ട് 3 വരെയുളള സമയത്ത് ഈ പ്രദേശങ്ങളില്‍ നിന്നുളളവര്‍ക്ക് മരുന്ന്, ഭക്ഷണം പോലുളള അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് വേണ്ടി വീടിന് പുറത്തിറങ്ങാവുന്നതാണ്.
സൗദിയില്‍ ഇതുവരെ 2,179 പേര്‍ക്കാണ് 'കൊവിഡ്-19' സ്ഥിരീകരിച്ചിരിക്കുന്നത്. ശനിയാഴ്ച 140 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണ സംഖ്യ 29 ആയി ഉയര്‍ന്നു. ശനിയാഴ്ച മാത്രം നാല് പേരാണ് മരിച്ചത്. 420 പേര്‍ക്ക് രോഗം ഭേദമായി.
കുവൈറ്റില്‍ ശനിയാഴ്ച ആദ്യത്തെ 'കൊവിഡ്-19' മരണം നടന്നു.
ബഹ്റൈനില്‍ 285 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.