• 25 May 2020
  • 06: 53 PM
Latest News arrow

'കൊവിഡ്-19' പ്രതിസന്ധി നേരിടാൻ ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ നൂറു കോടി ഡോളർ അടിയന്തര ധനസഹായം

ന്യൂദൽഹി: 'കൊവിഡ്-19' പ്രതിസന്ധി നേരിടാൻ ഇന്ത്യയ്ക്ക് ഒരു ബില്യൺ ഡോളർ (നൂറു കോടി ഡോളർ) അടിയന്തര ധനസഹായം നൽകുമെന്ന് ലോകബാങ്ക് അറിയിച്ചു. 'കൊവിഡ്-19' അതിജീവനത്തിനുള്ള ആദ്യ പടിയായി  25 രാജ്യങ്ങള്‍ക്കുള്ള ധനസഹായ പാക്കേജാണ് ലോകബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 'കൊവിഡ്-19'  ബാധിത രാജ്യങ്ങളെ സഹായിക്കുന്നതിനായി 160 മില്യൺ ഡോളറാണ് ലോകബാങ്ക് നീക്കിവെച്ചിരിക്കുന്നത്.

ഇന്ത്യയ്ക്ക് ലഭിക്കുന്ന ഫണ്ട് 'കൊവിഡ്-19' ബാധ പരിശോധിക്കുന്നതിനും കോൺ‌ടാക്റ്റ് ട്രെയ്‌സിംഗിനും, ലാബ് സൗകര്യങ്ങൾ വർധിപ്പിക്കാനും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ വാങ്ങാനും പുതിയ ഐസോലേഷൻ വാർഡുകൾ സജ്ജമാക്കാനും ഉപയോഗിക്കാമെന്ന് ലോകബാങ്ക് വ്യക്തമാക്കി.

"ദരിദ്രവും ദുർബലവുമായ രാജ്യങ്ങളെയാണ് 'കൊവിഡ്-19' ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ലോകമെമ്പാടുമുള്ള തങ്ങളുടെ പ്രതിനിധികൾ പ്രതിസന്ധി പരിഹരിക്കുന്നതിന് രാജ്യതലത്തിലും പ്രാദേശിക തലത്തിലും ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്. 'കൊവിഡ്-19'  നേരിടുന്നതിന് വികസ്വര രാജ്യങ്ങളെ പിന്തുണയ്ക്കുക, സാമ്പത്തികവും സാമൂഹികവുമായ വളർച്ചയ്ക്ക് സാഹചര്യങ്ങൾ സൃഷ്ടിക്കുക, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുക, ദരിദ്രരെയും ദുർബലരെയും സംരക്ഷിക്കുക എന്നിവയാണ് ഈ നടപടിയിലൂടെ ലോകബാങ്ക് ലക്ഷ്യം വെയ്ക്കുന്നത്."- ലോകബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിസ് മൽപാസ് വ്യക്തമാക്കി.

'കൊവിഡ്-19' മഹാമാരിയെ നേരിടാനായി അടുത്ത 15 മാസത്തിനുള്ളിൽ 160 ബില്യൺ ഡോളർ ചെലവഴിക്കുമെന്നും ലോകബാങ്ക് വ്യക്തമാക്കി. കൊവിഡിൻറെ വ്യാപനം കുറയ്ക്കുന്നതിന് ലോകബാങ്ക് ഗ്രൂപ്പ് വിശാലവും വേഗത്തിലുള്ളതുമായ നടപടി സ്വീകരിച്ച് വരികയാണ്. കൂടാതെ 65 ലധികം രാജ്യങ്ങളിൽ ആരോഗ്യ പ്രതികരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും മൽപാസ് പറഞ്ഞു.

ലോകബാങ്ക് ദക്ഷിണേഷ്യയിൽ 'കൊവിഡ്-19' നേരിടുന്നതിന് പാകിസ്ഥാന് 200 മില്യൺ ഡോളറും അഫ്ഗാനിസ്ഥാന് 100 മില്യൺ ഡോളറും മാലദ്വീപിന് 7.3 മില്യൺ ഡോളറും ശ്രീലങ്കയ്ക്ക് 128.6 മില്യൺ ഡോളറും അനുവദിച്ചിട്ടുണ്ട്.

 

Editors Choice