കുവൈത്തില്‍ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നു; അഞ്ച് ദിവസത്തിനുള്ളില്‍ 65 പേര്‍ക്ക് രോഗം

മനാമ: കുവൈത്തില്‍ ഇന്ത്യക്കാരായ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ കുതിപ്പുണ്ടാകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് ദിവസങ്ങളില്‍ വലിയ ഉയര്‍ച്ചയാണുണ്ടായിരിക്കുന്നത്. മാര്‍ച്ച് 28 വരെ എട്ട് ഇന്ത്യക്കാര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് 29ന് 9 പേര്‍ക്കും മാര്‍ച്ച് 30ന് എട്ട് പേര്‍ക്കും മാര്‍ച്ച് 31 ന് പത്ത് പേര്‍ക്കും എപ്രില്‍ ഒന്നിന് 24 പേര്‍ക്കും എപ്രില്‍ രണ്ടിന് 14 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോള്‍ കുവൈത്തിലെ വൈറസ് രോഗബാധിതരുടെ എണ്ണം 73 ആണ്.
അതേസമയം ബഹ്റൈനില്‍ 66 പ്രവാസികള്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. നിലവില്‍ 290 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. സല്‍മാബാദിലെ താമസസ്ഥലത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇവരെ പ്രത്യേക ക്വാറന്റൈന് കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ലബോറട്ടറി പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇവരെ വിദേശ തൊഴിലാളികള്‍ക്കായുള്ള ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി. ക്വാറന്റീനില്‍ കഴിഞ്ഞവര്‍ പുറത്ത് പോയിട്ടില്ലെന്നും പ്രവാസികള്‍ക്കിടയില്‍ രോഗ വ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച നാല് പേര് രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 341 ആയി ഉയര്‍ന്നു.
അതേസമയം സൗദിയില്‍ അഞ്ച് പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 21 ആയി. ഇന്നലെ പുതിയതായി 165 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 1885 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം മാത്രം 64 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 38 ആയി. മക്കയിലും മദീനയിലും ജിദ്ദയിലുമാണ് ഏറ്റവും കൂടുതല്‍ അസുഖം റിപ്പോര്‍ട്ട് ചെയ്തത്. റിയാദില്‍ രോഗബാധിതരുടെ എണ്ണം താരതമ്യേന കുറവാണ്.
യുഎഇയില്‍ പുതിയതായി 210 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1024 ആയി. അതേസമയം ഇന്ന് രാജ്യത്ത് 35 പേര് കൂടി രോഗമുക്തി നേടി. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 96 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഖത്തറില്‍ കൊവിഡ് രോഗബാധയെത്തുടര്‍ന്ന് മൂന്ന് പേര് മരിച്ചു. പുതിയതായി 114 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് മൊത്തം രോഗബാധിതര്‍ 949 ആയി. ഒരാള്‍ക്ക് രോഗം ഭേദമായതോടെ ആകെ രോഗമുക്തി നേടിയവര്‍ 72 ആയി.
ഒമാനില്‍ കൊവിഡില്‍ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇന്ന് 57 പേര്‍ക്ക് സുഖം പ്രാപിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവലില് 231 കേസുകളാണ് ഒമാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.