• 25 May 2020
  • 07: 31 PM
Latest News arrow

'കൊവിഡ്-19': 2020-ലെ വിംബിൾഡൺ റദ്ദാക്കി

ലണ്ടൻ: ലോകത്ത് 'കൊവിഡ്-19' വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020-ലെ വിംബിൾഡൺ റദ്ദാക്കി.  ഏറ്റവും വലിയ ഗ്രാൻഡ് സ്ലാം ടെന്നീസ് ടൂർണമെന്റ് ആയ വിംബിൾഡൺ ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായാണ് നടക്കാതിരിക്കുന്നത്. അടിയന്തര യോഗത്തിന് ശേഷം ആൾ ഇംഗ്ലണ്ട് ക്ലബ്ബാണ് 2020-ലെ വിംബിൾഡൺ റദ്ദാക്കിയതായി പ്രഖ്യാപിച്ചത്. ജൂൺ 29-നാണ് വിംബിൾഡൺ തുടങ്ങേണ്ടിയിരുന്നത്.

2021-ലെ വിംബിൾഡൺ ടൂർണമെന്റിന്റെ തിയ്യതിയും ഇതിനൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. 2021 ജൂൺ 28 മുതൽ ജൂലൈ 11 വരെയായിരിക്കും മത്സരങ്ങൾ നടക്കുക. വിംബിൾഡണിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

1877-ലാണ്  വിംബിൾഡൺ ടൂർണമെന്റിന് തുടക്കം കുറിച്ചത്. നേരത്തെ ഒന്നാം ലോക മഹായുദ്ധത്തിന്റെയും രണ്ടാം ലോകമഹായുദ്ധത്തിന്റെയും സമയത്ത് യഥാക്രമം 1914-ലും 1947-ലുമാണ് വിംബിൾഡൺ മത്സരങ്ങൾ റദ്ദാക്കിയിട്ടുള്ളത്.

വിംബിൾഡണിൽ പുരുഷ സിംഗിൽസിൽ നൊവാക് ദ്യോക്കോവിച്ചും വനിതാ സിംഗിൾസിൽ സിമോണ ഹാലെപ്പുമാണ് നിലവിലെ ചാമ്പ്യൻമാർ.

കൊറോണ വൈറസ് വ്യാപനത്തോടെ ടോക്യോ ഒളിംപിക്സ് ഉൾപ്പെടെ നിരവധി കായിക മത്സരങ്ങൾ ലോകത്ത് നീട്ടിവെച്ചിരിക്കുകയാണ്. നേരത്തെ ഫ്രഞ്ച് ഓപ്പൺ ടെന്നീസും നീട്ടിവെച്ചിരുന്നു. മെയ് മാസത്തിൽ നടക്കേണ്ടിയിരുന്ന മത്സരം സെപ്തംബറിലേക്കാണ് മാറ്റിയത്. ന്യൂയോർക്കിൽ ആഗസ്റ്റ് 31 മുതൽ സെപ്തംബർ വരെ യുഎസ് ഓപ്പൺ മത്സരങ്ങളും നടക്കാനിരിക്കുന്നുണ്ട്.

 

Editors Choice