• 25 May 2020
  • 08: 26 PM
Latest News arrow

ലോക്ക്ഡൗണാണ്, പക്ഷേ വീട്ടിലെത്തണം; 'മൃതദേഹമായി' ആംബുലന്‍സില്‍ യാത്ര; കയ്യോടെ പൊക്കി ക്വാറന്റൈനിലാക്കി പൊലീസ്

ശ്രീനഗര്‍: ലോക്ക് ഡൗണില്‍ എല്ലാവരോടും വീട്ടില്‍ തന്നെ കഴിയാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ സ്വന്തം വീടുകളില്‍ നിന്നും ദൂരെയുള്ള സ്ഥലങ്ങളില്‍ കഴിയുന്നവര്‍ക്ക് തങ്ങള്‍ കുടുങ്ങിപ്പോയെന്ന ചിന്തയാണ്. ഇവര്‍ക്ക് എങ്ങിനെയെങ്കിലും സ്വന്തം വീട്ടിലെത്തിയാല്‍ മതിയെന്നേയുള്ളൂ. ഇങ്ങിനെ ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിലെത്താന്‍ ശ്രമിച്ച ഒരാളെ പൊലീസ് കയ്യോടെ പൊക്കി. കാരണം മൃതദേഹമായി അഭിനയിച്ച് ആംബുലന്‍സില്‍ വീട്ടിലേക്ക് പോകാനാണ് ഇയാള്‍ ശ്രമിച്ചത്.

ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള ഹക്കിം ദിന്‍ എന്നയാളാണ് വിചിത്രമായ ഈ മാര്‍ഗം അവലംബിച്ചത്. വീട്ടില്‍ നിന്നും അകലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ പരിക്കുകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഹക്കിം. പരിക്ക് ഭേദമായി ഡിസ്ചാര്‍ജ് ആയ സമയത്താണ് രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ വരുന്നത്. ഇതോടെ സ്വന്തം വീട്ടിലെത്താനാകാതെ ഇയാള്‍ കുടങ്ങി. 

കുറച്ചു ദിവസമൊക്കെ പിടിച്ചു നിന്നെങ്കിലും വീട്ടിലെത്തണമെന്ന ചിന്ത തന്നെ അവസാനം ജയിച്ചു. പിന്നെ എങ്ങിനെ വീട്ടിലെത്താനാകുമെന്ന ആലോചനയായി. അങ്ങിനെ ഒരു പോംവഴി കണ്ടെത്തി. മൂന്ന് പേരുടെ സഹായത്തോടെ താന്‍ മരിച്ചതായി ഹക്കിം ദിന്‍ വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി. തുടര്‍ന്ന് ആംബുലന്‍സില്‍ വീട്ടിലേക്ക് യാത്രയായി. 

എന്നാല്‍ പാതിവഴിയില്‍ തന്നെ പദ്ധതി പാളി. വഴിയില്‍ വെച്ച് പൊലീസ് ആംബുലന്‍സ് തടഞ്ഞ് പരിശോധിച്ചു. മരിച്ചുവെന്ന് സര്‍ട്ടിഫിക്കറ്റിലുള്ളയാള്‍ ജീവനോടെ ഇരിക്കുന്നത് കണ്ട് അവര്‍ ഞെട്ടി. പിന്നെ ഹക്കീമിന് വീട്ടിലേക്ക് പോകേണ്ടി വന്നില്ല. ഹക്കിമിനെയും മരണ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാനും മറ്റും സഹായിച്ച മൂന്ന് കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ ക്വാറന്റൈനിലാണ് ഇവര്‍.  

Editors Choice