ജോര്‍ദ്ദാനില്‍ കുടുങ്ങി പൃഥ്വിരാജും ബ്ലെസിയും അടങ്ങുന്ന 'ആടുജീവിതം' സിനിമാസംഘം; മടക്കിക്കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥന

കൊച്ചി: 'ആടുജീവിതം' എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദ്ദാനിലെത്തിയെ നടന് പൃഥ്വിരാജും സംവിധായകന് ബ്ലെസിയും ഉള്‍പ്പെടെയുള്ളവര്‍ നാട്ടിലേക്ക് മടങ്ങിവരാനാകാതെ കുടുങ്ങിക്കിടക്കുന്നു. ഏപ്രില്‍ പത്ത് വരെ ചിത്രീകരണത്തിന് അനുമതി ലഭിച്ചിരുന്നെങ്കിലും കൊവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് സിനിമ ചിത്രീകരിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ഇതോടെ സംഘം നാട്ടിലേക്ക് വരാന്‍ ഒരുങ്ങിയെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ കാരണം അതിന് കഴിയുന്നില്ല.
ഇക്കാര്യം അറിയിച്ച് സംവിധായകന് ബ്ലെസി ഫിലിം ചേംബറിന് കത്ത് അയച്ചിട്ടുണ്ട്. തുടര്‍ന്ന് സിനിമാ സംഘത്തെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഫിലിം ചേംബര്‍ മുഖ്യമന്ത്രിയ്ക്കും കേന്ദ്രമന്ത്രി വി മുരളീധരനും കത്ത് നല്കി.
ഒരു മാസത്തോളമായി ഇവര്‍ ജോര്‍ദ്ദാനില്‍ ചിത്രീകരണം നടത്തുകയായിരുന്നു. ജോര്‍ദ്ദാനിലെ വാദി റം മരുഭൂമിയിലായിരുന്നു ചിത്രീകരണം. ചിത്രത്തില്‍ അഭിനയിക്കുന്ന ഒമാനി താരം ഡോ. താലിബ് അല്‍ ബലൂഷി കൊവിഡ് സംശയത്തെത്തുടര്‍ന്ന് ജോര്‍ദ്ദാനിലെ ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതേസമയം തങ്ങള്‍ സുരക്ഷിതരായിരിക്കുന്നുവെന്ന് പൃഥ്വിരാജ് തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.