• 25 May 2020
  • 06: 46 PM
Latest News arrow

ബാങ്കിങ് ചരിത്രത്തിലെ വലിയ ലയനം: രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകള്‍ നാലായി ചുരുങ്ങി

മുംബൈ: രാജ്യത്തെ 10 പൊതുമേഖലാ ബാങ്കുകള്‍ ബുധനാഴ്ച (ഏപ്രിൽ 1) മുതൽ നാലായി ചുരുങ്ങി പ്രവർത്തനം തുടങ്ങി. ബാങ്കിങ് ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയൊരു ലയനം നടക്കുന്നത്. 2019 ഓഗസ്റ്റിലാണ് പത്ത് പൊതുമേഖലാ ബാങ്കുകള്‍ ലയിച്ച് നാലാകുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിച്ചു. ഇതോടെ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായി പിഎന്‍ബി. മാറി.  ഒന്നാം സ്ഥാനം എസ്ബിഐയ്ക്കാണ്. ഇതോടെ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സിന്റെയും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ശാഖകളും ഓഫീസുകളും ബുധനാഴ്ച (2020 ഏപ്രില്‍ 1) മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്കായി മാറി.

സിന്‍ഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിൽ ലയിച്ചു. സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖകളും ഓഫീസുകളും കനറാബാങ്കായി മാറി. ഇതോടെ കനറാ ബാങ്ക് രാജ്യത്തെ നാലാമത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായി.

അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിൽ ലയിച്ചു. അലഹബാദ് ബാങ്ക് ശാഖകളും ഓഫീസുകളും ഇന്ത്യന്‍ ബാങ്കായി മാറി.

ആന്ധ്ര ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ചു. ആന്ധ്ര ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവയുടെ ശാഖകളും ഓഫീസുകളും യൂണിയന്‍ ബാങ്കായി മാറി.

ഏതു ബാങ്കിലാണോ ലയിച്ചത് അതിന്റെ ഭാഗമാകും നിക്ഷേപകര്‍ ഉള്‍പ്പടെയുള്ള ഉപഭോക്താക്കള്‍.

27 പൊതുമേഖലാ ബാങ്കുകളാണ് രാജ്യത്തുണ്ടായിരുന്നത്. ഇപ്പോഴത്തെ ലയനത്തിനുശേഷം 12 പൊതുമേഖലാ ബാങ്കുകളാണ് അവശേഷിക്കുന്നത്. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, കനറാ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക് എന്നിവയാണവ.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് സിന്‍ഡ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെ്ന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് മറ്റ് ആറ് സ്വതന്ത്ര പൊതുമേഖലാ ബാങ്കുകള്‍.

ഒന്നാമത്തെ വലിയ ബാങ്കായ എസ്ബിഐ കൈകാര്യം ചെയ്യുന്നത് 52.05 ലക്ഷം കോടിയുടെ ബിസിനസാണ്. ലയനത്തോടെ, രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കായ പിഎന്‍ബി കൈകാര്യം ചെയ്യുന്ന ബിസിനസ് 17.94 ലക്ഷം കോടിയാകും. നാലാമത്തെ വലിയ ബാങ്കായ കനറാ ബാങ്കിന്റെ ബിസിനസ് 15.20 ലക്ഷം കോടിയുടേതാകും. അഞ്ചാമത്തെ വലിയ ബാങ്കായ യൂണിയന്‍ ബാങ്കിന്റെ ബിസിനസ് 14.59 കോടി രൂപയുടേതാകും. ഏഴാമത്തെ വലിയ ബാങ്കായ ഇന്ത്യന്‍ ബാങ്കിന്റെ ബിസിനസ് 8.08 ലക്ഷം കോടി രൂപയുടേതാകും.

Editors Choice