• 25 May 2020
  • 07: 05 PM
Latest News arrow

പുതിയ കാറൊന്ന് ഓടിക്കാന്‍ മോഹം: ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങി; നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ടു, വാഹനം അടിച്ചുതകര്‍ത്തു

തളിപ്പറമ്പ്: ലോക്ക് ഡൗണ്‍ ലംഘിച്ച് പുതിയ കാറുമായി റോഡിലിറങ്ങിയയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. കാസര്‍കോട് ആലമ്പാട് സ്വദേശി സിഎച്ച് റിയാസിനെയാണ് ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ഇരിട്ടി മാലൂരില്‍ വെച്ച് നാട്ടുകാര്‍ കയ്യേറ്റം ചെയ്തത്. കാര്‍ അടിച്ചു തകര്‍ത്തിന് ശേഷം കയ്യും കാലും കെട്ടിയിട്ടാണ് നാട്ടുകാര്‍ ഇയാളെ പൊലീസിന് കൈമാറിയത്.

പുതിയ കാറെടുത്തിട്ട് അതൊന്ന് ഓടിക്കാന്‍ പറ്റാത്തതിന്റെ വിഷമം തീര്‍ത്തതായിരുന്നു റിയാസ്. സത്യവാങ്മൂലമൊന്നും എഴുതി കയ്യില്‍ കരുതിയിരുന്നില്ല. മാത്രമല്ല, പൊലീസ് കൈകാണിച്ചിട്ട് നിര്‍ത്തിയതുമില്ല. 100-120 കിലോമീറ്റര്‍ വേഗതയില്‍ കാറുമായി റിയാസ് പാഞ്ഞു. എന്നാല്‍ കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ള കാസര്‍കോട് നിന്ന് ഒരാള്‍ തങ്ങളുടെ നാട്ടിലേക്ക് കറങ്ങാന്‍ ഇറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞ നാട്ടുകാര്‍ വെറുതെയിരുന്നില്ല. ഇരിട്ടി മാലൂരില്‍ വെച്ച് അവര്‍ വാഹനം തടഞ്ഞു. റിയാസിനെ വണ്ടിയില്‍ നിന്ന് വലിച്ചിറക്കി, കയ്യും കാലും കെട്ടിയിട്ടു. വാഹനം അടിച്ചു തകര്‍ത്തു. തുടര്‍ന്ന് തളിപ്പറമ്പ് പൊലീസിനെ വിവരമറിയിച്ച് റിയാസിനെയും വാഹനവും കൈമാറി. 

വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് ലോക്ക് ഡൗണ്‍ ലംഘിച്ച കുറ്റം ചുമത്തി റിയാസിനെ വിട്ടയച്ചു. നേരത്തെ ഇയാള്‍ വാഹനമോഷണക്കേസില്‍ പ്രതിയായിട്ടുണ്ട്. നിലവില്‍ ഇയാള്‍ക്കെതിരെ മറ്റ് കേസുകളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. 

Editors Choice