• 01 Feb 2023
  • 08: 28 AM
Latest News arrow

ഒന്നൊന്നര ഐഡിയ...മദ്യം വാങ്ങാൻ ഡോക്ടറുടെ കുറിപ്പടി!

കോഴിക്കോട്: 'കൊവിഡ്-19' ബാധയെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ ഒരു ഭാഗത്ത് നടക്കവേ, മറ്റൊരു സാമൂഹ്യപ്രശ്നം കൂടി നേരിടേണ്ടി വന്നിരിക്കുകയാണ് കേരളം. ബാറുകളും ബിവറേജസ് ഔട്ട്ലറ്റുകളും അടച്ചതോടെ മദ്യം കിട്ടാതായ മദ്യാസക്തർ നിരവധി ആരോഗ്യപ്രശ്ങ്ങൾ നേരിടുകയാണ് ആത്മഹത്യാ പ്രവണത, അക്രമാസക്തമാകൽ തുടങ്ങിയ മാനസിക പ്രശ്നങ്ങൾ അനുഭവിക്കുകയാണ് കഠിന   മദ്യാസക്തർ.

അതിനിടെ ഈ അവസ്ഥ മനസ്സിലാക്കി മദ്യാസക്തി മൂലമുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മദ്യം നല്‍കുന്നത് ആലോചിക്കുമെന്ന് കഴിഞ്ഞദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മദ്യം നൽകാമെന്ന നിര്‍ദ്ദേശവുമായി എക്സൈസ് കമ്മീഷണർ റിപ്പോർട്ടും നൽകിയതായി വാർത്തകളുണ്ട്. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സർക്കാർ ഡോക്ടർമാർ.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. പറയുന്നത്. അശാസ്ത്രീയവും അധാര്‍മികവുമായ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

ആഴത്തിൽ പരിശോധിക്കുമ്പോൾ മുഖ്യമന്ത്രിയുടെ പ്രസ്താവന വൈദ്യശാസ്ത്രത്തിന്റെ നീതിക്ക് നിരക്കാത്തതാണെന്ന് മനസ്സിലാവും. ഒരു കഠിന മദ്യപാനിയെ ഡോക്ടർമാർ മനോരോഗിയായാണ് കണക്കാക്കുന്നത്. അതിനവർ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയും അതിനനുസരിച്ച കുറിപ്പടിയുമാണ് നൽകുക. അതിനുപകരം മദ്യാസക്തന് ഡോക്ടർമാർ മദ്യം വാങ്ങിക്കാനുള്ള ചീട്ട് നൽകണമെന്ന് പറയുന്നത് പ്രഹസനം തന്നെയാണ്.

"ആധുനിക വൈദ്യശാസ്ത്രത്തില്‍ മദ്യാസക്തി രോഗമുള്ളവര്‍ക്ക് മദ്യം മരുന്നായി ഉപയോഗിക്കുന്നില്ല. പകരം അതിന് മറ്റു ചികിത്സാമാര്‍ഗങ്ങള്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ആ ചികിത്സാമാര്‍ഗങ്ങള്‍ ഉപയോഗിക്കുകയാണ് വേണ്ടതും. മദ്യാസക്തി ഇല്ലാതാക്കാനുള്ള ചികിത്സക്ക് പകരം മദ്യം നല്‍കാനുള്ള തീരുമാനം അശാസ്ത്രീയവും അധാര്‍മികവുമാണ്." കെ.ജി.എം.ഒ.എ. പറയുന്നു.

ഒരു വ്യക്തിയുടെ ആരോഗ്യത്തിനും സാമൂഹ്യസാമ്പത്തികഭദ്രതയ്ക്കും ഹാനികരമാംവിധം സാധാരണ നിലവാരത്തിന് അതീതമായി മദ്യപിക്കുവാനുള്ള ആസക്തിയെ രോഗമായി കണക്കാക്കുന്നു.

മദ്യപരിൽ ഒരു ചെറിയ ശതമാനം മാത്രമേ അമിത മദ്യാസക്തരാകുന്നുള്ളൂ. എല്ലാ രാജ്യങ്ങളിലും സ്ത്രീകളേക്കാൾ കൂടുതൽ പുരുഷൻമാരാണ് അമിത മദ്യാസക്തിക്ക് അധീനരാകുന്നത്. എങ്കിലും കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ അതിമദ്യാസക്തരായ സ്ത്രീകളുടെ എണ്ണവും വളരെയധികം വർധിച്ചിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു. എല്ലാ സാമ്പത്തിക വിഭാഗങ്ങളെയും ഇതു ബാധിക്കുന്നു. അമിത മദ്യാസക്തി വൻതോതിലുള്ള ധനവ്യയത്തിനും ജോലി സമയനഷ്ടത്തിനും കാരണമായ വലിയ ഒരു പ്രശ്നമായി തീർന്നിട്ടുണ്ട്. കുടുംബജീവിതത്തിൽ അമിത മദ്യാസക്തി വരുത്തിവയ്ക്കുന്ന കെടുതികൾ ചില്ലറയല്ല.

ജെല്ലിനെക് എന്ന വിദഗ്ദ്ധൻ അതിമദ്യാസക്തിയെ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, എപ്സിലോൺ എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു.

ആൽഫാ വിഭാഗത്തിലുള്ളവർ വളരെയധികം മദ്യം കഴിക്കുന്നു. എങ്കിലും നിയന്ത്രണാതീതരാകുന്നില്ല. വേണമെങ്കിൽ മദ്യപാനം പൊടുന്നനവേ നിർത്താനും ഇവർക്കു സാധിക്കും. എങ്കിലും മദ്യപാനത്തിന്റെ സാമൂഹികവും, സാമ്പത്തികവും, ശാരീരികവുമായ ദോഷഫലങ്ങളെ ഇവർക്കു ക്രമേണ നേരിടേണ്ടി വരുന്നു.

മദ്യപാനംമൂലം കരൾ‍, ആമാശയം, ഞരമ്പുകൾ എന്നീ അവയവങ്ങൾക്ക് രോഗബാധയുണ്ടാകുന്നവർ ബീറ്റാ വിഭാഗത്തിൽപെടുന്നു.

മദ്യം കൈവെടിയാൻ നിവൃത്തിയില്ലാത്തവിധം ശാരീരികവും മാനസികവുമായി അതിനു പരിപൂർണ അടിമകളായി തീരുന്നവരാണ് ഗാമാ വിഭാഗത്തിൽപെട്ടവർ.

മദ്യപാനം നിർത്താൻ കഴിവില്ലെങ്കിലും കുടിക്കുന്ന മദ്യത്തിന്റെ അളവ് നിയന്ത്രിക്കാൻ സാധിക്കുന്നവരെയാണ് ഡെൽറ്റാ വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത്. വൻതോതിൽ മദ്യനിർമ്മാണം നടക്കുന്ന രാജ്യങ്ങളിൽ ഇങ്ങനെയുള്ളവർ ധാരാളമുണ്ട്.

എപ്സിലോൺ വിഭാഗത്തിൽപെടുന്ന അമിത മദ്യപാനികൾ ഒരിക്കൽ മദ്യപാനം ആരംഭിച്ചാൽ പിന്നെ വളരെ ദിവസങ്ങളോളം അമിതമായി മദ്യപിക്കുകയും തുടർന്ന് കുറേ നാളത്തേക്ക് മദ്യപാനം നിർത്തുന്നവരുമാണ്.

മദ്യപാനംമൂലമോ പെട്ടെന്ന് മദ്യപാനം നിർത്തിയതുമൂലമോ ഉണ്ടാകുന്ന അസുഖങ്ങളുടെ ചികിത്സ, ഭാവിയിൽ മദ്യപിക്കാതിരിക്കുവാനുള്ള ഏർപ്പാടുകൾ, മദ്യപാനത്തിന് പ്രേരകമായ മാനസികപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തൽ എന്നിങ്ങനെ മദ്യപാന ചികിത്സയ്ക്ക് മൂന്നു സമീപനരീതികളുണ്ട്. ചികിത്സയിലെ പരമപ്രധാനമായ ഒരു ഘടകം സൈക്കോതെറാപ്പി എന്നറിയപ്പെടുന്ന മാനസിക ചികിത്സാ സമ്പ്രദായമാണ്. രോഗിയും ഡോക്ടറും തമ്മിൽ അടുത്ത ബന്ധം ഉണ്ടാകുകയും, രോഗി തന്റെ പ്രശ്നങ്ങൾ തുറന്നു സംസാരിച്ച് അവയ്ക്ക് പരിഹാരം കണ്ടുപിടിക്കാൻ ശ്രമിക്കയും ചെയ്യുക എന്നതാണ് ഈ രീതിയുടെ അടിസ്ഥാനതത്ത്വം.

അമിത മദ്യപാനിക്ക് യഥാർത്ഥ ചികിത്സ നൽകുക എന്നത് അവഗണിച്ച് ചികിത്സ നൽകേണ്ട ഡോക്ടറെക്കൊണ്ട് മദ്യത്തിന് കുറിപ്പടി എഴുതിക്കാനുള്ള ഐഡിയ ആരുടേതായാലും ഒന്നൊന്നര ഐഡിയ ആയിപ്പോയി എന്നേ പറയാനുള്ളൂ!