തമിഴ് നാടൻപാട്ട് കലാകാരിയും അഭിനേത്രിയുമായ പറവൈ മുനിയമ്മ അന്തരിച്ചു

മധുരെെ: തമിഴ് നാടൻപാട്ട് കലാകാരിയും അഭിനേത്രിയും ചാനൽ കുക്കറി ഷോ അവതാരകയുമായിരുന്ന പറവൈ മുനിയമ്മ അന്തരിച്ചു. 83 വയസ്സായിരുന്നു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. മധുരെെയിലെ വീട്ടില് വച്ചായിരുന്നു അന്ത്യം. 2012 ൽ തമിഴ്നാട് സർക്കാർ കലെെമാമണി പുരസ്കാരം നൽകി മുനിയമ്മയെ ആദരിച്ചിട്ടുണ്ട്.
ക്ഷേത്രങ്ങളിൽ നാടൻ പാട്ടുകൾ പാടിയാണ് മുനിയമ്മ കലാജീവിതം തുടങ്ങുന്നത്. 'ലക്ഷ്മൺ ശ്രുതി' എന്ന ട്രൂപ്പിൽ അംഗമായതോടെ മുനിയമ്മയുടെ പാട്ടുകൾ ശ്രദ്ധ നേടി.
വിക്രം നായകനായ 'ധൂൾ' (2003) എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര പിന്നണിഗാനരംഗത്തും സിനിമയിലും അരങ്ങേറ്റം കുറിക്കുന്നത്. മുനിയമ്മ പാടി അഭിനയിച്ച് ധൂളിലെ വിദ്യാസാഗർ സംഗീതം നൽകിയ ''സിങ്കം പോല...'' എന്ന ഗാനം ശ്രദ്ധ നേടിയിരുന്നു. തുടർന്ന് 'തോരണെെ', 'കോവിൽ', 'തമിഴ് പടം', 'മാൻകരാട്ടെ', 'വെങ്കെെ', 'വീരം', തുടങ്ങിയ തമിഴ് ചലച്ചിത്രങ്ങളിലും മമ്മൂട്ടി നായകനായ 'പോക്കിരിരാജ', വിനീത് ശ്രീനിവാസൻ അഭിനയിച്ച 'ഒരു സെക്കന്റ് ക്ലാസ് യാത്ര' എന്നീ മലയാളചിത്രങ്ങളിലും അഭിനയിച്ചു. 34 ചലച്ചിത്രങ്ങളിൽ വേഷമിട്ട മുനിയമ്മ അവയിൽ ചിലതിൽ ഗാനം ആലപിക്കുകയും ചെയ്തിട്ടുണ്ട്. ചലച്ചിത്രലോകത്തെ 'പാട്ടി' (മുത്തശ്ശി) ആയിരുന്നു മുനിയമ്മ.
കലൈഞ്ജർ ടി.വിയിലെ 'സുവയോ സുവൈ' എന്ന പാചക പരിപാടിയിൽ തനത് നാടൻ വിഭവങ്ങൾ പാചകം ചെയ്തും ആ പരിപാടി അവതരിപ്പിച്ചും മുനിയമ്മ ശ്രദ്ധേയയായി. എം.ജി.ആർ വെൽഫെയർ ഫൗണ്ടേഷന്റെ ഭാഗമായി അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത മുനിയമ്മയ്ക്ക് 6 ലക്ഷം രൂപ അനുവദിച്ച് നൽകിയിരുന്നു.
2017 മുതൽ മുനിയമ്മ സിനിമയിൽ സജീവമായിരുന്നില്ല. 2017-ൽ ഇറങ്ങിയ 'സതുര അടി 3500' എന്ന തമിഴ് ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്. വിശാൽ, ധനുഷ്, ശിവകാർത്തികേയൻ എന്നീ നടന്മാരാണ് മുനിയമ്മയുടെ ചെലവുകൾ നോക്കിയിരുന്നത്.