• 25 May 2020
  • 08: 13 PM
Latest News arrow

കൊറോണ വൈറസ് ഈച്ചകളിലൂടെ പകരുമെന്ന് അമിതാഭ് ബച്ചന്‍; തെറ്റെന്ന് ആരോഗ്യമന്ത്രാലയം

മുംബൈ: കൊവിഡ്-19 രോഗം അനിയന്ത്രിതമായി വ്യാപിക്കുന്നതിനോടൊപ്പം ഇതേക്കുറിച്ചുള്ള തെറ്റിദ്ധാരണകളും വ്യാജവാര്‍ത്തകളും നിയന്ത്രണമില്ലാതെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ തീര്‍ത്തും തെറ്റായ വാദവുമായി രംഗത്തെത്തിയിരിക്കുന്നു. കൊവിഡ് വൈറസ് ഈച്ചകളിലൂടെ പടരുമെന്നാണ് താരത്തിന്റെ കണ്ടെത്തല്‍. ട്വിറ്ററിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും പങ്കുവെച്ച വീഡിയോയിലാണ് അമിതാഭ് ബച്ചന്‍ ഇക്കാര്യം ഉന്നയിക്കുന്നത്. എന്നാല്‍ ഈച്ചകളിലൂടെ വൈറസ് പകരില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

'ദ ലാന്‍സെറ്റ്' നടത്തിയ പഠനത്തില്‍ മനുഷ്യ വിസര്‍ജ്യത്തില്‍ കൊവിഡ് വൈറസ് കൂടുതല്‍ കാലം ജീവിക്കുമെന്ന് വ്യക്തമായെന്നായിരുന്നു ബച്ചന്റെ അബദ്ധ പ്രസ്താവന. റെസ്പിരേറ്ററി സാംപിളുകളില്‍ ജീവിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാലയളവില്‍ അവ മനുഷ്യ വിസര്‍ജ്യത്തിലുണ്ടാകുമത്രെ. ഈ വിസര്‍ജ്യത്തിലിരിക്കുന്ന ഈച്ച നമ്മുടെ ഭക്ഷണത്തില്‍ വന്നിരുന്നാല്‍ അതിലൂടെ വൈറസ് മനുഷ്യശരീരത്തില്‍ പ്രവേശിക്കും. അതിനാല്‍ ശൗചാലയം ഉപയോഗിക്കാനും അതുവഴി കൊറോണയെ തോല്‍പ്പിക്കാനുമായിരുന്നു ബച്ചന്റെ വീഡിയോ സന്ദേശം. 

എന്നാല്‍ ഈ പ്രസ്താവന തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് ആരോഗ്യമന്ത്രാലയം ജോയിന്‍ സെക്രട്ടറി തന്നെ രംഗത്തെത്തി. ട്വീറ്റ് താന്‍ കണ്ടില്ല. പക്ഷേ, ഇതൊരു പകര്‍ച്ചാ വ്യാധിയാണ്. ഈച്ചകളിലൂടെ പകരില്ലെന്ന് ജോയിന്‍ സെക്രട്ടറി ലാവ്‌ അഗര്‍വാള്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഈ വാര്‍ത്ത പുറത്തുവന്നതോടെ അമിതാഭ് ബച്ചന്‍ തന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഡിലീറ്റ് ചെയ്യുകയും ചെയ്തു. 

ഇത് രണ്ടാം തവണയാണ് കൊവിഡ് വിഷയത്തില്‍ അമിതാഭ് ബച്ചന് അബദ്ധം പറ്റുന്നത്. കയ്യടിക്കുന്നതും ശംഖ് മുഴക്കുന്നതും വൈറസിനെ ദുര്‍ബലപ്പെടുത്തുമെന്നായിരുന്നു അമിതാഭ് ബച്ചന്റെ ആദ്യ പ്രസ്താവന. ഇത് തെറ്റാണെന്ന് വന്നതോടെ അദ്ദേഹം ആ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു. 

Editors Choice