• 25 May 2020
  • 07: 43 PM
Latest News arrow

ക്രിക്കറ്റിന് ഒരു ഇടവേള: 'കൊവിഡ്-19' ഭീതിയിൽ ജൂൺ 30 വരെ എല്ലാ കളികളും നിർത്തിവെച്ച് ഐസിസി

ദുബായ്: ലോകം മുഴുവൻ 'കൊവിഡ്-19' വ്യാപനത്തിന്റെ ഭീതി തുടരുന്ന സാഹചര്യത്തില്‍ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജൂണ്‍ 30 വരെയുള്ള മുഴുവന്‍ മല്‍സരങ്ങളും നിര്‍ത്തി വയ്ക്കാന്‍ ഐസിസി തീരുമാനിച്ചു. ഐസിസി ഇവന്റ്‌സ് മേധാവി ക്രിസ് ടെറ്റ്‌ലിയാണ് മുഴുവന്‍ മല്‍സരങ്ങളും നീട്ടി വച്ച കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2020-ലെ ടി20 ലോകകപ്പിനുള്ള യോഗ്യതാ മല്‍സരങ്ങള്‍, 2023ലെ ലോകകപ്പിന്റെ യോഗ്യതാ മല്‍സരങ്ങള്‍ എന്നിവയെല്ലാം ജൂണ്‍ 30-ന് ശേഷം മാത്രമേ ആരംഭിക്കുകയുള്ളൂ.

ആഗോള തലത്തിലെ ആരോഗ്യപരമായ ആശങ്കകളും രാജ്യങ്ങൾ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കാരണമാണ് ഐസിസി മുഴുവന്‍ മല്‍സരങ്ങളും ജൂണ്‍ അവസാനം വരെ നിര്‍ത്തി വച്ചിരിക്കുന്നതെന്ന് ക്രിസ് ടെറ്റ്‌ലി പറഞ്ഞു. 'കൊവിഡ്-19' നിയന്ത്രണ വിധേയമായാല്‍ അതിന് അനുസരിച്ച് കളികൾ ആസൂത്രണം ചെയ്യും. തിയ്യതികള്‍ പുനര്‍ നിശ്ചയിച്ചാല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ക്രിസ് ടെറ്റ്‌ലി വ്യക്തമാക്കി. ഈ വര്‍ഷത്തെ ഐസിസിയുടെ ശേഷിച്ച മല്‍സരങ്ങളെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

2021-ലെ ഐസിസിയുടെ ഏകദിന ലോകകപ്പിനു വേദിയാവുന്നത് ഇന്ത്യയാണ്. ഈ വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി ഐസിസിയുടെ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കുന്നുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ലോകകപ്പ് നീട്ടി വയ്ക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല.

മാര്‍ച്ച് 30-ന് ഐസിസിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മറ്റു ക്രിക്കറ്റ് ബോര്‍ഡുകളുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തുന്നുണ്ട്. ടി20 ലോകകപ്പ് നീട്ടി വയ്ക്കുമോയെന്ന കാര്യം ഈ യോഗത്തില്‍ തീരുമാനിക്കുമെന്ന് ഐസിസി വക്താവ് അറിയിച്ചിട്ടുണ്ട്.

Editors Choice