• 27 May 2020
  • 07: 07 AM
Latest News arrow

കൊവിഡ്-19: പലിശനിരക്കുകള്‍ കുറച്ച് ആര്‍ബിഐ; വായ്പകള്‍ക്ക് 3 മാസം മൊറട്ടോറിയം

മുംബൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പലിശ നിരക്കുകള്‍ കുറച്ച് റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 0.75 ശതമാനം കുറച്ച് 4.4 ശതമാനമാക്കി. ഇതോടെ രാജ്യത്ത് ഭവന, വാഹന വായ്പ നിരക്കുകള്‍ കുറയും. എല്ലാ വായ്പാ തിരിച്ചടവുകള്‍ക്കും മൂന്ന് മാസത്തെ മൊറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്. 

പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിരക്ക് കുറയ്ക്കുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. വിപണിയില്‍ പണലഭ്യത വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. നിരക്ക് കാര്യമായി കുറച്ചതോടെ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും വായ്പ പലിശ നിരക്കുകള്‍ കുറയ്ക്കണം. എംപിസി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്. എംപിസിയില്‍ ആറ് പേരില്‍ നാല് പേരും നിരക്ക് കുറയ്ക്കലിനെ അനുകൂലിച്ചു. 

മുമ്പുണ്ടാകാത്ത പ്രതിസന്ധിയാണ് കൊവിഡ് സൃഷ്ടിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു. നാണയപ്പെരുപ്പം സുരക്ഷിതമായ നിരക്കിലായിരിക്കും. കൊവിഡ് വ്യാപനം ആഭ്യന്തര മൊത്ത ഉല്‍പ്പാദനത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്യാഷ് റിസര്‍വ് റേഷ്യോയില്‍ ഒരു ശതമാനവും കുറവ് വരുത്തിയിട്ടുണ്ട്. ഇതോടെ സിആര്‍ആര്‍ മൂന്ന് ശതമാനമായി. ആര്‍ബിഐയുടെ തീരുമാനത്തോടെ 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തിയേക്കും. നിരക്ക് കുറച്ചതോടെ ഓഹരി വിപണിയില്‍ മുന്നേറ്റമുണ്ടായി.

 

 

Editors Choice