• 25 May 2020
  • 07: 39 PM
Latest News arrow

കൊവിഡ്-19 രോഗികളെ മണത്ത് കണ്ടുപിടിയ്ക്കാന്‍ നായ്ക്കള്‍; രോഗവ്യാപനം തടയാന്‍ പുത്തന്‍ ആശയം

ലണ്ടന്‍: കൊവിഡ്-19 രോഗം മനുഷ്യരിലുണ്ടെന്ന് കണ്ടുപിടിയ്ക്കാന്‍ നായ്ക്കളുടെ ഘ്രാണശക്തി പ്രയോജനപ്പെടുത്താനൊരുങ്ങി ബ്രിട്ടണിലെ സന്നദ്ധ സംഘടന. മെഡിക്കല്‍ ഡിറ്റക്ഷന്‍ ഡോഗ്‌സ് എന്ന സംഘടനയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനും ദര്‍ഹാം യൂണിവേഴ്‌സിറ്റിയും ചേര്‍ന്നാണ് ഇത്തരമൊരു ഉദ്യമത്തിന് മുതിരുന്നത്. മലേറിയ രോഗികളെ കണ്ടെത്താന്‍ നായ്ക്കളെ പ്രയോജനപ്പെടുത്താമെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണിത്. ഒന്നരമാസത്തിനുള്ളില്‍ നായ്ക്കളെ പരിശീലിപ്പിച്ച് പുറത്തിറക്കാനാകുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഇതിനായി ശാസ്ത്രജ്ഞന്‍മാരുടെ സഹായം തേടും.

മനുഷ്യരുടെ ശരീരോഷ്മാവ് ചെറിയ തോതില്‍ ഉയര്‍ന്നാല്‍ അത് മണത്ത് കണ്ടുപിടിയ്ക്കാന്‍ സ്‌നിഫര്‍ നായ്ക്കള്‍ക്ക് കഴിവുണ്ട്. ശ്വാസോച്ഛ്വാസത്തെ ബാധിക്കുന്ന രോഗങ്ങളെല്ലാം തന്നെ ശരീരത്തിന്റെ സ്വതസിദ്ധമായ ഗന്ധത്തിന് മാറ്റം വരുത്തും. ഇത്തരത്തില്‍ രോഗികളുടെ മണം സുരക്ഷിതമായി ശേഖരിച്ച് നായ്ക്കള്‍ക്ക് നല്‍കാനാണ് പദ്ധതി. 

നായ്ക്കള്‍ക്ക് കൊവിഡ്-19 രോഗ ബാധ മണത്ത് കണ്ടുപിടിക്കാനാകും എന്ന് തന്നെയാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് മെഡിക്കല്‍ ഡിറ്റക്ഷന്‍ ഡോഗ്‌സിന്റെ സ്ഥാപകന്‍ ക്ലെയര്‍ പറയുന്നു. ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗികളെയും തിരിച്ചറിഞ്ഞ് ടെസ്റ്റിന്റെ ആവശ്യകതയുണ്ടോയെന്ന് കണ്ടെത്താനും നായ്ക്കളെ പ്രയോജനപ്പെടുത്താമെന്നും ക്ലെയര്‍ അവകാശപ്പെടുന്നു. വിമാനത്താവളത്തില്‍ നായ്ക്കളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിലൂടെ രോഗവ്യാപനം വലിയ രീതിയില്‍ തടയാനാകുമെന്നും കരുതുന്നു. 

Editors Choice