പൈപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ഭക്ഷ്യധാന്യം; കിടിലന്‍ ആശയവുമായി റേഷന്‍ കടകള്‍

തിരുവനന്തപുരം: കൊവിഡ്-19 രോഗവ്യാപനം ചെറുക്കാന്‍ സാധനങ്ങള്‍ പൈപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് കൈമാറി റേഷന്‍ കടയുടമ. തിരുവനന്തപുരം വെണ്‍പാലവട്ടത്തെ റേഷന്‍ കടയിലാണ് സാമൂഹിക അകലം പാലിക്കാനുള്ള ഈ കിടിലന്‍ ആശയം പരീക്ഷിച്ചിരിക്കുന്നത്. ഉപഭോക്താക്കളുമായുള്ള സമ്പര്‍ക്കം കുറയ്ക്കാന്‍ എന്താണൊരു മാര്‍ഗം എന്ന് ചിന്തിച്ചപ്പോഴാണ് ഇങ്ങിനെയൊരു ആശയം കിട്ടിയതെന്ന് റേഷന്‍ കട ഡീലറായ സുകുമാരനും ഭാര്യ സോജയും പറയുന്നു. ആനയറ ഭാഗത്തുള്ള ആറ് റേഷന്‍ കടകള്‍ ചേര്‍ന്നാണ് ഈ ആശയം രൂപീകരിച്ചത്.
കൊവിഡ് കാലത്ത് ഉപഭോക്താവിന്റെ സഞ്ചിയിലേക്ക് ധാന്യം നേരിട്ട് ഇട്ടുകൊടുക്കുമ്പോഴുണ്ടാകുന്ന പരസ്പര സ്പര്‍ശം ഒഴിവാക്കാനും അകലം പാലിക്കാനുമാണ് ഈ വിദ്യയെന്ന് റേഷന്‍ കടയുടമകള്‍ പറയുന്നു. ഈ വിദ്യ ഫലപ്രദമെന്ന് കണ്ടതോടെ കൂടുതല്‍ റേഷന്‍ കടകളും ഈ മാതൃക പരീക്ഷിക്കാനൊരുങ്ങുകയാണ്. എന്നാല്‍ അനുയോജ്യമായ പൈപ്പ് കിട്ടാത്തതാണ് പലര്‍ക്കും ഈ വിദ്യ അനുകരിക്കാന്‍ തടസ്സമാകുന്നത്.