• 08 Apr 2020
  • 11: 05 AM
Latest News arrow

കൊറോണയില്‍ വിറച്ച് ലോകം: ആകെ മരണം 21,180 ആയി; 24 മണിക്കൂറില്‍ 2,000 പേര്‍ മരിക്കുന്നു

ബെയ്ജിങ്: ചൈനയില്‍ കൊവിഡ്-19 ആദ്യം റിപ്പോര്‍ട്ട് ചെയ്തിട്ട് മൂന്ന് മാസം പിന്നിടുമ്പോള്‍ ലോകത്താകമാനം വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21,180 ആയി. 24 മണിക്കൂറില്‍ ഏകദേശം 2,000 എന്ന കണക്കിലാണ് മരണസംഖ്യ ഉയരുന്നത്. ഇറ്റലിയിലാണ് ഏറ്റവും കുടുതല്‍ ആളുകള്‍ മരിച്ചിരിക്കുന്നത്- 7,503 പേര്‍. 24 മണിക്കൂറില്‍ 683 എന്ന നിരക്കിലാണ് ഇറ്റലിയിലെ മരണസംഖ്യ. മരണനിരക്കില്‍ രണ്ടാം സ്ഥാനത്ത് സ്‌പെയിനാണ്. ചൈനയെയും മറികടന്ന് 3,647ല്‍ എത്തി നില്‍ക്കുകയാണ് സ്‌പെയിനിലെ മരണസംഖ്യ.

ഇറാനില്‍ ഇതുവരെ 2,000 പേര്‍ മരിച്ചു. ഒറ്റ ദിവസം കൊണ്ട് 143 പേരാണ് ഇറാനില്‍ മരണപ്പെട്ടത്. അമേരിക്കയിലെ ന്യൂയോര്‍ക്കിലെയും സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നു. 24 മണിക്കൂറിനുള്ളില്‍ 10,000 കേസുകള്‍ ഇവിടെ പുതിയതായി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 60,900 പേര്‍ക്ക് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ പകുതിയലധികവും ന്യൂയോര്‍ക്കിലാണ്.

ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം നാലരലക്ഷം കടന്നു. ഒരു ലക്ഷം പേരിലേക്ക് രോഗം വ്യാപിക്കാന്‍ മൂന്ന് മാസമെടുത്തെങ്കില്‍ പിന്നീട് 12 ദിവസം കൊണ്ടാണ് അടുത്ത ഒരു ലക്ഷം പേരിലേക്ക് രോഗം വ്യാപിച്ചതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ലോകം യുദ്ധസമാന സാഹചര്യത്തിലേക്ക് നീങ്ങിയതോടെ രാജ്യങ്ങളെല്ലാം കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കിത്തുടങ്ങി. ലോകത്ത് 300 കോടി ജനങ്ങള്‍ ഇപ്പോള്‍ ലോക്ക് ഡൗണിലാണ്.

അതേസമയം ചൈനയുടെ സ്ഥിതി നിയന്ത്രണവിധേയമായെന്നാണ് അറിയുന്നത്. ആകെ 8,16,661 കേസുകള്‍ സ്ഥിരീകരിച്ചതില്‍ 70,000 പേരുടെയും രോഗം ഭേദമായി. 3,285 പേര്‍ ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.