• 08 Apr 2020
  • 11: 32 AM
Latest News arrow

സംസ്ഥാനത്ത് ബുധനാഴ്ച ഒന്‍പത് പേര്‍ക്ക് കൂടി 'കൊവിഡ്-19'; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 112; രോഗമുക്തരായവർ 12

'കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020' ഇറക്കുന്നതിന് ഗവർണ്ണറോട് ശുപാർശ ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി ഒന്‍പത് പേര്‍ക്ക് കൂടി 'കൊവിഡ്-19' സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പാലക്കാട്-2, എറണാകുളം-3, പത്തനംതിട്ട-2, ഇടുക്കി-1, കോഴിക്കോട്-1 എന്നിങ്ങനെയാണ് കണക്ക്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 112 ആയി. രോഗം ബാധിച്ചവരില്‍ നാലുപേര്‍ ദുബായില്‍ നിന്ന് വന്നവരാണ്. ഒരാള്‍ യുകെയില്‍ നിന്നും മറ്റൊരാൾ ഫ്രാന്‍സില്‍ നിന്നും വന്നവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായതെന്നും മുഖ്യമന്ത്രി  വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊറോണ വൈറസ് ബാധിച്ചവരില്‍ 12 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ചവരില്‍ 91 പേര്‍ വിദേശത്ത് നിന്ന് എത്തിയ ഇന്ത്യക്കാരാണ്. 9 പേര്‍ വിദേശികളാണ്. 19 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്. സംസ്ഥാനത്ത് 76,542 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇതിൽ 76,010 പേര്‍ വീടുകളിലും 532 പേര്‍ ആശുപത്രിയിലുമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

പകര്‍ച്ചവ്യാധികളെ നേരിടുന്നതിനുള്ള നടപടിക്കായി കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.  പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള നടപടികള്‍ കര്‍ക്കശവും ഫലപ്രദവുമാക്കുന്നതിനുള്ള ഓര്‍ഡിനന്‍സാണിത്. ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് ഗവര്‍ണറോട് ഗവര്‍ണറോട് ശുപാര്‍ശചെയ്യാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളിലേയ്ക്ക് പോകേണ്ടതുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.