• 08 Apr 2020
  • 09: 47 AM
Latest News arrow

'കൊവിഡ്-19' വ്യാപന നിയന്ത്രണം സംസ്ഥാന സര്‍ക്കാറുകളിൽ നിന്നും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നു; ദേശീയ ദുരന്ത നിവാരണ നിയമം നടപ്പാക്കും

ന്യൂഡല്‍ഹി: 'കൊവിഡ്-19' രോഗ വ്യാപനം തടയാന്‍ വേണ്ടി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നടപ്പാക്കാനുള്ള ചുമതല കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ഏറ്റെടുക്കുന്നു. ഇതിനായി ദേശീയ ദുരന്ത നിവാരണ നിയമം നടപ്പാക്കും. പ്രകൃതദത്തമോ മനുഷ്യനിര്‍മ്മിതമോ ആയ ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിയമമാണിത്. രാജ്യത്ത് ആദ്യമായിട്ടാണ് ഈ നിയമം നടപ്പാക്കുന്നത്. 

നിയമം നടപ്പാക്കുന്നതോടെ കൊവിഡ്-19 നെ ചെറുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ണമായും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാകും. സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള ആരോഗ്യരംഗം, കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തിന്‍ കീഴിലേക്ക് വരും. കൊറോണ വൈറസ് വ്യാപനം രാജ്യത്തിന് ഭീഷണിയായിരിക്കെ, ദേശീയ ദുരന്തനിവാരണ അതോറിറ്റി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഈ നിയമം നടപ്പിലായാല്‍ ലോക്ക് ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഈ നിയമപ്രകാരമുള്ള നടപടികളാകും സ്വീകരിക്കുക. അങ്ങിനെ വന്നാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും നിയമലംഘകര്‍ക്ക് ലഭിക്കും. ദേശീയ ദുരന്ത നിവാരണ നിയമത്തിലെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകളും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 188 വകുപ്പും അനുസരിച്ചാകും ശിക്ഷിക്കപ്പെടുക.