• 08 Apr 2020
  • 10: 15 AM
Latest News arrow

ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ ഡ്രോണുകള്‍ പിടികൂടും; പുതിയ വിദ്യയുമായി തൃശ്ശൂര്‍ പൊലീസ്

തൃശ്ശൂര്‍: കൊവിഡ്-19 വ്യാപനം തടയാന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും അതൊന്നും വകവെയ്ക്കാതെ അനാവശ്യമായി പുറത്തിറങ്ങുന്നവരെ വീട്ടിലിരുത്താന്‍ പൊലീസ് ശരിക്കും ബുദ്ധിമുട്ടുകയാണ്. റോഡിലിറങ്ങുന്നവരെ വിരട്ടിയോടിച്ചും വാഹനങ്ങള്‍ പിടിച്ചെടുത്തുമെല്ലാമാണ് പൊലീസ് ഇത്തരക്കാരെ നേരിടുന്നത്. ഇങ്ങിനെ വല്ലാതെ വലഞ്ഞപ്പോള്‍ തൃശ്ശൂര്‍ പൊലീസ് മറ്റൊരു മാര്‍ഗം കണ്ടെത്തി. ആളുകള്‍ വീട്ടിലിരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഡ്രോണ്‍ പറത്തുവാനാണ് പദ്ധതി. ഡ്രോണ്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ പരിശോധിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കും. കേരള ഡ്രോണ്‍ അസോസിയേഷന്റെ സഹായത്തോടെയാണ് ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്.

ഡ്രോണ്‍ ഉയരത്തിലേക്ക് പറത്തി വിട്ട് ദൃശ്യങ്ങള്‍ ലൈവായി നിരീക്ഷിക്കും. ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതോ, വാഹനങ്ങള്‍ പുറത്തിറങ്ങുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഒരു സംഘം പൊലീസ് അവിടെയെത്തി നടപടിയെടുക്കും. കഴിഞ്ഞ ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രോണുകളെ ഉപയോഗിച്ചിരുന്നു. നിലവില്‍ തൃശ്ശൂരില്‍ മാത്രമാണ് ഡ്രോണ്‍ നിരീക്ഷണം. വരും ദിവസങ്ങളില്‍ മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കും. 

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിലും സര്‍ക്കാര്‍ സമാന രീതിയില്‍ ഡ്രോണുകളെ ഉപയോഗിച്ചിരുന്നു. പ്രതിരോധ മുന്‍കരുതലുകളെക്കുറിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കാനായിരുന്നു ചൈന ഡ്രോണുകളെ പ്രയോജനപ്പെടുത്തിയത്. മാസ്‌ക് ധരിക്കാതെയോ കൃത്യമായ നിര്‍ദേശങ്ങള്‍ പാലിക്കാതെയോ പുറത്തുറങ്ങിയാല്‍ ഡ്രോണുകള്‍ പിന്നാലെ വന്ന് മുന്നറിയിപ്പ് നല്‍കും. നിര്‍ദേശങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങിയ വൃദ്ധയായ ഒരു സ്ത്രീയ്ക്ക് ഡ്രോണ്‍ മുന്നറിയിപ്പ് നല്‍കുന്ന വീഡിയോ വൈറലായിരുന്നു.