• 08 Apr 2020
  • 10: 59 AM
Latest News arrow

''21 ദിവസത്തേയ്ക്ക് ഒരാളും വീടിന് പുറത്തിറങ്ങരുത്''- രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

രാജ്യത്തെ 'കൊവിഡ്-19' രോഗികളുടെ എണ്ണം 519 ആയി ഉയര്‍ന്നു; മരിച്ചവരുടെ എണ്ണം 10

ന്യൂഡല്‍ഹി:  കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. 21 ദിവത്തേയ്ക്കാണ് ലോക്ക് ഡൗണ്‍ നടപ്പാക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ന് അര്‍ധരാത്രി മുതല്‍ കര്‍ഫ്യൂ നടപ്പാക്കും. കൊവിഡ്-19 നെ നേരിടാന്‍ 15,000 കോടിയുടെ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തീരുമാനം നടപ്പാക്കും. 

''ഇന്ന് രാത്രി 12 മണി മുതല്‍ ഒരാളും വീടിന് പുറത്തേയ്ക്ക് പോകരുത്. ഈ നിമിഷം നിങ്ങള്‍ എവിടെയാണോ അവിടെ തന്നെ തുടരുക. പ്രധാനമന്ത്രി എന്ന നിലയിലല്ല, നിങ്ങളുടെ കുടുംബത്തിലുള്ള ഒരാള്‍ എന്ന നിലയ്ക്കാണ് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത്. നിങ്ങളുടെ ഒരു ചുവട് പോലും കൊറോണയ്ക്ക് വഴിയൊരുക്കിയേക്കാം.'' പ്രധാനമന്ത്രി പറഞ്ഞു.

കൊറോണയുടെ വ്യാപനം എത്രത്തോളം നിയന്ത്രിക്കാനാകും എന്നത് മാത്രമാണ് നമ്മുക്ക് ഇനി ചെയ്യാനുള്ളത്. ഓരോ ചുവടും ശ്രദ്ധിച്ചുവേണം നീങ്ങാന്‍. ഓരോരുത്തരും സാമൂഹിക ഉത്തരവാദിത്വം കാണിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. 

കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്തെ അഭിസംബോധ ചെയ്ത പ്രധാനമന്ത്രി ഞായറാഴ്ച ജനതാ കര്‍ഫ്യൂ ആചരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിന് രാജവ്യാപകമായി വലിയ സ്വീകരണം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പല സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. എന്നാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജനങ്ങളില്‍ പലരും തയ്യാറായില്ല. ഇതിന് പിന്നാലെയാണ് രോഗവ്യാപനം തടയാനുള്ള ഒരേയൊരു പോംവഴിയായി എല്ലാവരോടും വീട്ടിലിരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. 

രാജ്യത്തെ 'കൊവിഡ്-19' രോഗികളുടെ എണ്ണം 519 ആയി ഉയര്‍ന്നിട്ടുണ്ട്.  'കൊവിഡ്-19' പരിശോധനയ്ക്ക് 104 സര്‍ക്കാര്‍ ലാബുകള്‍ തയ്യാറാക്കിയിട്ടുണ്ട്.  'കൊവിഡ്-19' മൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 10 ആയി.