• 08 Apr 2020
  • 10: 13 AM
Latest News arrow

ജനങ്ങൾ പുറത്തേക്കിറങ്ങരുതെന്ന് യു.എ.ഇ

ദുബായ്: 'കൊവിഡ്-19' പടരുന്ന സാഹചര്യത്തിൽ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള എല്ലാവരോടും അടിയന്തര സാഹചര്യങ്ങളില്‍ അല്ലാതെ താമസസ്ഥലത്ത് നിന്നും പുറത്തേക്കിറങ്ങരുതെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തപ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യസാധനങ്ങള്‍ക്കായി മാത്രമേ വീടിന് വെളിയിലേക്ക് ഇറങ്ങാവൂ എന്നും യു.എ.ഇ സര്‍ക്കാര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് സംയുക്തപ്രസ്താവനയിലൂടെ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

ജനങ്ങള്‍ പരമാവധി സ്വന്തംവാഹനങ്ങള്‍ ഉപയോഗിക്കണം. എന്നാല്‍ ഒരു വാഹനത്തില്‍ മൂന്നിലേറെ ആളുകള്‍ ഇരിക്കരുത്. അത്യാഹിതങ്ങള്‍ക്ക് ഒഴികെ ആശുപത്രികളോ മെഡിക്കല്‍ ക്ലിനിക്കുകളോ സന്ദര്‍ശിക്കരുത്. ഫേസ് മാസ്‌ക്കുകള്‍ ഉപയോഗിക്കണം. അടിയന്തര ഘട്ടങ്ങളിലോ ജോലിക്കോ അല്ലാതെ വീട്ടില്‍നിന്നും പുറത്തേക്ക് പോകരുത്. ടാക്സി ഉള്‍പ്പെടെ എല്ലാ പൊതുഗതാഗതങ്ങളും ഉപയോഗിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പിന്നീട് നല്‍കും.

സമൂഹിക സമ്മേളനങ്ങള്‍, തിരക്കേറിയ സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം എന്നിവ ഒഴിവാക്കുകയും വേണം. സൗഹൃദസന്ദര്‍ശനങ്ങളും പരിമിതപ്പെടുത്തണം. സാമൂഹിക അകലം പാലിക്കണമെന്നും മന്ത്രാലയവും അതോറിറ്റിയും ഓര്‍മ്മിപ്പിച്ചു.

രാജ്യത്തെ താമസക്കാര്‍, സന്ദര്‍ശകര്‍, യു.എ.ഇ. പൗരന്‍മാര്‍ തുടങ്ങി എല്ലാവരും ആരോഗ്യ സുരക്ഷാ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. മുന്‍കരുതല്‍ നടപടികളില്‍ ഉറച്ചുനില്‍ക്കണം.

നിയമലംഘകര്‍ക്ക് ജയില്‍ശിക്ഷയും പിഴയും ഉള്‍പ്പെടെ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും.

യാത്രാവിമാനങ്ങളെല്ലാം യു.എ.ഇ റദ്ദ് ചെയ്തിട്ടുണ്ട്.