• 04 Oct 2023
  • 06: 38 PM
Latest News arrow

കൈ കൊട്ടി, മണി മുട്ടി ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് ജനങ്ങൾ

ന്യൂദല്‍ഹി: 'കൊവിഡ്-19' ബാധയെ പ്രതിരോധിക്കാന്‍ സ്വന്തം ജീവൻ പണയം വെച്ച് പ്രയത്നിക്കുന്ന  ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് ജനങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമനുസരിച്ചാണ് ഞായറാഴ്ച അഞ്ചുമണിക്ക് കൈകള്‍ കൊട്ടിയും മണി കിലുക്കിയും പാത്രങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടിച്ചും ജനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള നന്ദി അറിയിച്ചത്.

ഫ്‌ളാറ്റുകളുടെ ബാല്‍ക്കണികളിലും വീടുകളുടെ മുന്നിലും നിന്ന് ജനങ്ങള്‍ കൈയ്യടിക്കുകയും മണി മുഴക്കുകയും പാത്രങ്ങള്‍ തമ്മില്‍ കൂട്ടി മുട്ടിച്ച് ശബ്ദമുണ്ടാക്കുകയും ചെയ്തു. കുട്ടികളും മുതിര്‍ന്നവരും വൃദ്ധന്‍മാരും അടക്കമുള്ളവര്‍ പങ്കെടുത്തു. വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും ഇതില്‍ പങ്കുചേര്‍ന്നു.

'കൊവിഡ്-19' ബാധയെ പ്രതിരോധിക്കാന്‍ ഞായറാഴ്ച 'ജനതാ കര്‍ഫ്യു' പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി വ്യാഴാഴ്ച നടത്തിയ പ്രസ്താവനയിലാണ്, രാജ്യം ഞായറാഴ്ച അഞ്ച് മണിക്ക് അഞ്ചു മിനിറ്റു നേരം കൈയ്യടിച്ചോ പാത്രങ്ങള്‍ കൂട്ടിമുട്ടി ശബ്ദമുണ്ടാക്കിയോ ആരോഗ്യ പ്രവര്‍ത്തകർ അടക്കമുള്ളവർക്ക് നന്ദി പ്രകടിപ്പിക്കാനും അഭിനന്ദിക്കാനും ആഹ്വാനം ചെയ്തത്.